2021 ല്‍ പുറത്തിറങ്ങിയ ജാന്‍ എ മന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിക്കുകയും ചെയ്ത സംവിധായകനാണ് ചിദംബരം എസ്. പൊതുവാള്‍. അടുത്തിടെ പുറത്തിറങ്ങിയ ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും അദ്ദേഹം കാലെടുത്ത് വെച്ചിരുന്നു.
ബോക്‌സ് ഓഫീസില്‍ വലിയ വിജയമാകുകയും തമിഴ്‌നാട്ടില്‍ നിന്നടക്കം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടം സ്വന്തമാക്കുകയും ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങി ജൂണ്‍ 19ന് തിയേറ്ററുകളിലെക്കെത്തുന്ന ചിത്രമാണ് ബാലന്‍ ദി ബോയ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ചതിന് ശേഷം ഏറെ പ്രതീക്ഷകളോടെയാണ് ബാലന്‍ തിയേറ്ററുകളിലേക്കെത്തുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കരിയറില്‍ താന്‍ ചെയ്യാനുദ്ദേശിക്കുന്ന ചിത്രങ്ങളെ കുറിച്ച് ചിദംബരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചില സമയങ്ങളില്‍ വല്ല കുടുംബചിത്രങ്ങളും ചെയ്താല്‍ പോരെയെന്ന് ചിന്തിക്കാറുണ്ടെന്ന് പറയുകയാണ് ചിദംബരം.
എപ്പോഴും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുക എന്നതും ഒരിക്കല്‍ ചെയ്ത ടൈപ്പ് ചിത്രങ്ങള്‍ വീണ്ടും ചെയ്യാതിരിക്കുക എന്നതുമാണ് തന്റെ പ്ലാനെന്നും അദ്ദേഹം പറഞ്ഞു. താനത് ഇതിനോടകം ചെയ്തു കഴിഞ്ഞതിനാല്‍ തന്നെ വീണ്ടും ഒരേ രീതിയില്‍ ചിത്രം ചെയ്യുമ്പോള്‍ അതിലൊരു സന്തോഷമില്ലെന്നും ചിദംബരം പറഞ്ഞു. ഴോണറിലായാലും സബ്‌ജെക്ടിലായാലും ഒരു ഫ്രെയിം വര്‍ക്കായെന്ന് വെച്ച് അതുതന്നെ പിന്തുടരുന്ന രീതി തനിക്കിഷ്ടമല്ലെന്നും സ്വന്തം സക്‌സസ് ഫോര്‍മുല തന്നെ റിപ്പീറ്റ് ചെയ്യുന്നതില്‍ ത്രില്ലിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവേശം എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ ജീത്തു മാധവനാണ് ബാലന്‍-ദി ബോയ് ചിത്രത്തിന്റെ തിരക്കഥയെഴുതിയതെന്ന പ്രത്യേകതയുണ്ട്. അതോടൊപ്പം തന്നെ ഒാഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ഞുമ്മേല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം അടുത്തത് എന്ത് ചെയ്യുമെന്ന ആലോചനകള്‍ക്കൊടുവില്‍ താന്‍ ചെയ്യാന്‍ തീരുമാനിച്ച ചിത്രമാണ് ബാലനെന്നും വലിയ സ്‌കെയ്‌ലില്‍ല്‍ ഒരു ചിത്രം ചെയ്യുന്നതിന് പകരമായി ചെറിയ ഒരു ചിത്രം ചെയ്യാനുള്ള തന്റെ തീരുമാനമാണ് ചിത്രമെന്നും ചിദംബരം നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlight: Malayalam Director Chidambaram S Poduval talks about his career plans
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.