'2006ലും 2011ലും ഇടതുപക്ഷത്തെ തീരുമാനമെടുത്ത് പിന്തുണച്ചു' മലയാളചാനല്‍ രാഷ്ട്രീയം എം.പി ബഷീര്‍ പറയുന്നു
Media
'2006ലും 2011ലും ഇടതുപക്ഷത്തെ തീരുമാനമെടുത്ത് പിന്തുണച്ചു' മലയാളചാനല്‍ രാഷ്ട്രീയം എം.പി ബഷീര്‍ പറയുന്നു
മുഹമ്മദ് സുഹൈല്‍
Friday, 28th March 2014, 8:58 pm

മുതലാളിക്ക് കെട്ടിയിടാന്‍ പാകത്തില്‍ കൈകള്‍ ചേര്‍ത്തുവച്ചവരായിരുന്നില്ല തുടക്കം മുതലേ ഇന്ത്യാവിഷനിലെ ജേര്‍ണലിസ്റ്റുകള്‍. അതുകൊണ്ടാണ് ആ സ്ഥാപനം നിലനിന്നത്. മുനീര്‍ സ്വര്‍ണ്ണത്താലത്തില്‍ നീട്ടിയതല്ല, ഞങ്ങള്‍ പണിപ്പെട്ട് നേടിയതാണ് ആ സ്വാതന്ത്ര്യം എന്നര്‍ത്ഥം.


മലയാള വാര്‍ത്താമാധ്യമ രംഗത്ത് ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പായിരുന്നു ഇന്ത്യാവിഷന്‍ ചാനലിന്റേത്.  ചാനല്‍ തുടങ്ങിയ 2003 മുതല്‍ സംസ്ഥാനത്തെ പ്രധാന സംഭവവികാസങ്ങള്‍  ഇന്ത്യാവിഷന്റെ കൂടി ചരിത്രമായി മാറി.  

സമീപകാലത്ത് മലയാളിയെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു മാധ്യമം ഒരു പക്ഷേ ഇല്ലായിരിക്കാം. രാഷ്ട്രീയ സംവാദത്തിന്റെ അജണ്ടകള്‍ ചില മുത്തശ്ശി പത്രങ്ങള്‍ നിശ്ചയിച്ചിരുന്നിടത്ത് നിന്ന് കൂടുതല്‍ ജനാധിപത്യപരമായി കാര്യങ്ങള്‍ നീങ്ങി.

എന്നാല്‍ ഇന്ത്യവിഷനിലെ പുതിയ സംഭവവികാസങ്ങള്‍ കേരളത്തിലെ മാധ്യമചരിത്രത്തില്‍, സമരചരിത്രത്തില്‍ പുതിയൊരു ഏടായിരുന്നു. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറത്തു പോകേണ്ടി വരികയും ചെയ്തു.

ചാനല്‍ മുതലാളിയുടെയും മാധ്യമ പ്രവര്‍ത്തകന്റെയും താത്പര്യങ്ങള്‍ തമ്മിലുള്ള വ്യത്യാസം, ചാനല്‍ മുറിയിലെ രാഷ്ട്രീയം, ഇന്ത്യവിഷനിലെ തൊഴില്‍ സമരം എന്നിവയെ കുറിച്ച് തുടക്കകാലം മുതല്‍ ഇന്ത്യവിഷന്റെ ഭാഗമായിരുന്ന, മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീര്‍ ഡൂള്‍ന്യൂസ് പ്രതിനിധി മുഹമ്മദ് സുഹൈലുമായി സംസാരിക്കുന്നു.

ലൈവില്‍ സമരപ്രഖ്യാപനം നടത്തി വാര്‍ത്ത നിര്‍ത്തിയ എഡിറ്റര്‍ എന്ന ചീത്തപ്പേരാണ് എം.പി ബഷീര്‍ എന്ന ജേര്‍ണലിസ്റ്റിനെ ഇനിയുള്ള കാലം വേട്ടയാടാന്‍ പോകുന്നത്?

ഞാനിത് വേണ്ടത്ര വിശദീകരിച്ചതാണ്. സമരം ഒരു ചീത്ത വാക്കല്ല. സമരമല്ലാതെ മറ്റു മാര്‍ഗമില്ല എന്ന അവസ്ഥ ജീവിതത്തില്‍ പലപ്പോഴും വന്നുപെടാം. അതില്‍ നിന്ന് ഒളിച്ചോടാനും കഴിയില്ല. ഇന്ത്യാവിഷനിലെ സമരസാഹചര്യം ഏതായാലും എന്റെ സൃഷ്ടി അല്ലല്ലോ. ഞാനടക്കം 300 ല്‍പ്പരം തൊഴിലാളികള്‍ ആ സാഹചര്യത്തിന്റെ ഇരകള്‍ മാത്രമാണ്.

അടിമുടി കഴിവുകെട്ട ഒരു മാനേജ്‌മെന്റിനെ ഒന്നു ചലിപ്പിക്കാന്‍ നടത്തിയ ശ്രമമായിരുന്നു അത്. അത് ചെറിയ തോതിലെങ്കിലും, ഇനിയും അവിടെ തുടരേണ്ടിവരുന്ന തൊഴിലാളികള്‍ക്കെങ്കിലും, ഗുണം ചെയ്യാതിരിക്കില്ല.

പക്ഷേ വാര്‍ത്ത നിര്‍ത്തിവച്ചുള്ള സമരം സ്വീകരിക്കപ്പെട്ടില്ല. അത് താങ്കളുടെ നിര്‍ദ്ദേശപ്രകാരം നടന്നതായിരുന്നോ?

അല്ല. എന്റെ മുന്‍കൂര്‍ അനുമതിയോ വാക്കാലോ അല്ലാതെയോ ഉള്ള നിര്‍ദ്ദേശമോ സമരപ്രഖ്യപന വാര്‍ത്തയ്ക്ക് ഉണ്ടായിരുന്നില്ല. മാര്‍ച്ച് 13ന് രാവിലെ 7.44 ന് മാനേജ്‌മെന്റ് എന്നെ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. പത്തുമണിയോടെയാണ് എന്നെ അക്കാര്യം അറിയിച്ചത്. എനിക്കെതിരെ മാത്രമല്ല, എഡിറ്റോറിയല്‍ ശ്രേണിയിലെ ആദ്യ മൂന്ന് പേര്‍ക്കെതിരെ നടപടിയുണ്ടായിരുന്നു.

കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഒരു അഭിമുഖം പോലും അനുവദിക്കാതെ കഠിനമായൊരു ഭ്രഷ്ഠാണ് പിണറായി ഞങ്ങള്‍ക്ക് വിധിച്ചത്.

അത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ തുടര്‍ന്ന് എന്ത് ചെയ്യും, ആരു നയിക്കും എന്നൊക്കെ തീരുമാനിക്കപ്പെടേണ്ടതായിരുന്നു. സമരം ചെയ്യാനും സംപ്രേക്ഷണം നിര്‍ത്താനുമൊക്കെയുള്ള തീരുമാനങ്ങള്‍ ന്യൂസ് റൂമില്‍ രൂപപ്പെടുന്നത് ഞാനും കാണുന്നുണ്ടായിരുന്നു. അതു തടഞ്ഞില്ല എന്നത് ഒരു കുറ്റമാണെങ്കില്‍ അതേറ്റെടുക്കുന്നു. പക്ഷേ എനിക്കായിരുന്നില്ലല്ലോ ചുമതല.

ചാനല്‍ നിന്നതില്‍ ഏറ്റവും വിഷമിച്ചുകണ്ടത് പലകാലങ്ങളില്‍ ഞങ്ങളുടെ ടീമില്‍ നിന്ന് വിട്ടുപോയവരാണ്. അവര്‍ക്ക് അതൊരു നൊസ്റ്റാള്‍ജിയയാണ്. സുഭിക്ഷമായ ഒരു നല്ല കാലത്തിരുന്ന് തിഞ്ഞുനോക്കാവുന്ന ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പഴയകാലം. ആരെങ്കിലും കഷ്ടപ്പെട്ട് അത് നിലനില്‍ക്കട്ടെ എന്നാഗ്രഹിക്കുകയാണ് അവര്‍. ആ നന്മയെ ചോദ്യം ചെയ്യുന്നില്ല.

പിന്നെ, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സമരം ചെയ്യുമ്പോള്‍ ബസ് നിര്‍ത്തിയിട്ടാണ് അത് ചെയ്യുക. മുന്‍ഗ്ലാസില്‍ തന്നെ സമരനോട്ടീസ് പതിക്കുകയും ചെയ്യും. ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത് സ്‌റ്റെതസ്‌കോപ്പ് ഊരിവച്ചാണ്.

അത്രതന്നെ ലളിതമാണ് വാര്‍ത്തയുടെ കാര്യവും. സാമാന്യ വാര്‍ത്തകളറിയാന്‍ നൂറ് വഴികള്‍ വേറെയുള്ള ഒരു നാട്ടില്‍ ഒരു കൂട്ടം തൊഴിലാളികള്‍ അവരുടെ ജീവിതപ്രശ്‌നങ്ങള്‍ ഉയര്‍ത്തി അല്‍പ്പനേരം വാര്‍ത്ത നിര്‍ത്തിവച്ചാല്‍ അതൊരു കുറ്റമല്ല.

mk-muneer

ഇന്ത്യാവിഷനോടുള്ള അളവറ്റ സ്‌നേഹത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും ഉണ്ടായതാണ് ആ കുറ്റപ്പെടുത്തല്‍. അത് ഞങ്ങളുടെ പ്രയത്‌നങ്ങള്‍ക്കുള്ള അംഗീകാരമാണ്.

എന്നാല്‍ ചാനല്‍ നിര്‍ത്തിയപ്പോള്‍ ആഹ്ലാദിച്ചവരുണ്ട്. എനിക്ക് കൂടുതല്‍ ശ്രദ്ധേയമായി തോന്നിയത് അതാണ്. ഞങ്ങളെ ശത്രുസ്ഥാനത്ത് കണ്ടത് ആരെല്ലാമായിരുന്നു എന്ന തിരിച്ചറിവ്. നിങ്ങളുടെ ശത്രുക്കളുടെ പട്ടിക നോക്കിയും നിങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കാമല്ലോ.

മലയാളത്തില്‍ ചാനല്‍ വാര്‍ത്തകളുടെ ഒഴുക്കും സ്വഭാവവും നിര്‍ണ്ണയിച്ചതില്‍ ഇന്ത്യാവിഷന് വലിയൊരു പങ്കുണ്ട്. അതിനെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്?

2003 ജൂണ്‍ മാസത്തില്‍ ചാനല്‍ ലോഞ്ചിന് മുമ്പ് നടന്ന ഞങ്ങളുടെ ട്രെയിനിങ് ക്യാമ്പ്. അവസാന സെഷനില്‍ ഡോക്ടര്‍ മുനീര്‍ പ്രസംഗിക്കാനെത്തി. 30 ട്രെയിനികളും അല്‍പ്പാല്‍പ്പം പരിചയമുള്ള കുറച്ചുപേരും.

ട്രെയിനികളുടെ കൂട്ടത്തില്‍ നിന്ന് ഒരു ചോദ്യം: താങ്കളൊരു രാഷ്ട്രീയക്കാരനാണ്. എങ്ങനെയാണ് ഞങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ പോകുന്നത്? മുനീര്‍ ചില “തത്വങ്ങള്‍” പറഞ്ഞ് ഒഴിഞ്ഞുമാറി.

ഞാനും ഷിബു ജോസഫും രാജീവ് ദേവരാജും പിറകില്‍ നിന്ന് ഇടപെട്ടു. “നിങ്ങളൊരു ലീഗ് നേതാവാണ്, യുഡിഎഫ് മന്ത്രിയാണ്. താങ്കളുള്‍പ്പെട്ട മന്ത്രിസഭക്കെതിരെ, മുഖ്യമന്ത്രിക്കെതിരെ, മറ്റ് മന്ത്രിമാര്‍ക്കെതിരെ, ലീഗ് നേതാക്കള്‍ക്കെതിരെ, താങ്കള്‍ക്കെതിരെ വാര്‍ത്ത നല്‍കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടോ?”

വളരെ ആലോചിച്ചാണ് ഡോ.മുനീര്‍ മറുപടി നല്‍കിയത്. ഓരോ വാര്‍ത്തയുടെയും ഉള്ളടക്കവും ഉദ്ദേശ്യവും അളന്നുതൂക്കുമെങ്കില്‍ നിങ്ങള്‍ക്ക് ആ സ്വാതന്ത്ര്യമുണ്ട് എന്ന മട്ടില്‍. മുനീര്‍ നല്‍കിയ ആ ഉറപ്പ് ഞങ്ങള്‍ വിനിയോഗിക്കുകയായിരുന്നു.

മുതലാളിക്ക് കെട്ടിയിടാന്‍ പാകത്തില്‍ കൈകള്‍ ചേര്‍ത്തുവച്ചവരായിരുന്നില്ല തുടക്കം മുതലേ ഇന്ത്യാവിഷനിലെ ജേര്‍ണലിസ്റ്റുകള്‍. അതുകൊണ്ടാണ് ആ സ്ഥാപനം നിലനിന്നത്. മുനീര്‍ സ്വര്‍ണ്ണത്താലത്തില്‍ നീട്ടിയതല്ല, ഞങ്ങള്‍ പണിപ്പെട്ട് നേടിയതാണ് ആ സ്വാതന്ത്ര്യം എന്നര്‍ത്ഥം.

line

അപ്പോഴും അവര്‍ കുറ്റക്കാരായി കണ്ടത് ജേര്‍ണലിസ്റ്റുകളെത്തന്നെയാണ്. മാനേജ്‌മെന്റുമായുള്ള എല്ലാ മീറ്റിങുകളിലും അപമാനിക്കപ്പെട്ടു. ജേര്‍ണലിസുറ്റുകള്‍ ഫക്ക് ചെയ്ത സ്ഥാപനമാണിതെന്ന് എന്റെ മുഖത്തുനോക്കി പറഞ്ഞു. line

pinarayi-vijayan-580-406

 

മുനീര്‍ സ്വയം ആ ഉറപ്പുകള്‍ പാലിച്ചതല്ലേ? ഒരു മുതലാളിക്ക് തന്റെ ഇംഗിതം തൊഴിലാളിയുടെ മേല്‍ നടപ്പാക്കാന്‍ എന്താണ് ബുദ്ധിമുട്ട്?

മുനീര്‍ ഏറെക്കുറെ ഉറപ്പുകള്‍ പാലിച്ചുവെന്ന് പറയാം. പാണക്കാട് തങ്ങള്‍, ഇപ്പോഴത്തെ തങ്ങളല്ല, മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരെ വാര്‍ത്ത കൊടുക്കും മുമ്പ് തന്നോട് പറയണം എന്നു മാത്രമായി ഒടുവില്‍ മുനീറിന്റെ അപേക്ഷ.

ഞാന്‍ പറഞ്ഞത് അതല്ല. ടെലിവിഷനില്‍ ഒരു ജേര്‍ണലിസ്റ്റ് താന്‍ വളയുന്നില്ല എന്ന് തീരുമാനിച്ചാല്‍ മുതലാളിക്ക് അധികമൊന്നും ചെയ്യാനാവില്ല. കാരണം ജേര്‍ണലിസ്റ്റുകള്‍ വ്യക്തിഗതമായിത്തന്നെ, പ്രത്യേകിച്ചും സ്‌ക്രീനില്‍ സാന്നിധ്യമുള്ളവര്‍,  ചാനലിന്റെ ആസ്തിയും മൂലധനവുമായിത്തീരും.

അപ്പോള്‍ മൂലധന താല്‍പ്പര്യം എന്നൊന്ന് ഇല്ല എന്നാണോ?

അങ്ങനെയല്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നാകെ മൂലധനതാല്‍പ്പര്യത്തിന്റെ തടവുകാരും പിണയാളുകളുമാണ് എന്നത് സി.പി. ഐ.എമ്മിന്റെ പ്രോപ്പഗാണ്ടയുടെ ഭാഗമാണ്. പാര്‍ട്ടിക്കെതിരെ വന്ന വാര്‍ത്തകളെ ചെറുക്കാന്‍ അതായിരുന്നു ഒരു “സൈദ്ധാന്തിക മാര്‍ഗം”. അത് ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു.

മുതലാളിയുടെ സ്ഥാപിത താല്‍പ്പര്യത്തിന് വഴങ്ങിക്കൊടുക്കാത്ത ജേര്‍ണലിസ്റ്റുകള്‍ ഒരുപാട് പേരുണ്ട്. അവരിലൂടെയാണ് ജേര്‍ണലിസം എന്ന പ്രൊഫഷന്‍ നിലനില്‍ക്കുക. കേരളത്തിലും അതങ്ങനെയാണ്. സംശയമുള്ളവര്‍ മനോരമന്യൂസില്‍ രാജീവ് ദേവരാജും ജയമോഹനും ചെയ്യുന്ന പ്രോഗ്രാമുകള്‍ കണ്ടാല്‍ മതി.

മാധ്യമപ്രവര്‍ത്തകര്‍ നേടിയെടുത്ത സ്വാതന്ത്ര്യം എന്ന് പറയുമ്പോള്‍ എങ്ങനെ?

ഇന്ത്യാവിഷനില്‍ തുടക്കത്തിലുണ്ടായ ചില സംഭവങ്ങള്‍ അതില്‍ പ്രധാനപ്പെട്ടതാണ്. മാറാട് കലാപം നടന്നത് 2003 മെയ് ആദ്യ ആഴ്ച്ചയിലാണ്. ആ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചാനല്‍ പിറന്നത്.

കേരളത്തില്‍ സാമൂഹിക ബോധമുള്ള ജേര്‍ണലിസ്റ്റുകള്‍ക്ക് ശ്രദ്ധ കൊടുക്കാന്‍ തോന്നിയ രണ്ട് നേതാക്കള്‍ വി.എസും സുധീരനുമാണ്, സമീപകാലത്ത്.

എ.കെ ആന്റണിയുടെ “കുപ്രസിദ്ധമായ” ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന വലിയ കോളിളക്കമുണ്ടാക്കി. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന് വഴങ്ങി ജീവിക്കണമെന്ന മട്ടിലായിരുന്നു അത്. ആന്റണിയെ തുരത്താന്‍ കുഞ്ഞാലിക്കുട്ടി പടയൊരുക്കുന്ന കാലമായിരുന്നു അത്.

ലീഗ് ആന്റണിക്കെതിരെ തിരിഞ്ഞു. യു.ഡി.എഫ് വിടണമെന്ന് ലീഗിനകത്ത് മുറവിളിയുണ്ടായി. അന്ന് ഒരു നിര്‍ണ്ണായക സെക്രട്ടറിയേറ്റ് യോഗം നടക്കുന്നു. ലീഗ് ഹൗസിന് മുന്നില്‍ ആന്റണിക്കും ലീഗ് നേതൃത്വത്തിനുമെതിരെ ലീഗുകാരുടെ പ്രകടനം.

ഇത് ക്യാമറയില്‍ പകര്‍ത്തി പ്രകടനക്കാരില്‍ ചിലരുടെ ബൈറ്റെടുത്തു. പൊടുന്നനെ മുനീറിന്റെ സെക്രട്ടറി യൂസഫ് ഇറങ്ങിവന്ന് പരസ്യമായി എന്നെ ശകാരിച്ചു. “ഇവരൊന്നും ലീഗുകാരല്ലെന്ന് അറിഞ്ഞുകൂടെ? ഇതൊന്നും ഇന്ത്യാവിഷനില്‍ കൊടുക്കുന്നില്ല.

“മുതലാളിയുടെ സെക്രട്ടറിയുടെ ആക്രോശം കേട്ട് ക്യാമറാമാന്‍ പേടിച്ചുപിന്‍വാങ്ങി. ഞാന്‍ പുറത്തിറങ്ങി നികേഷിനെ വിളിച്ചു. ന്യൂസ് എഡിറ്റര്‍മാരും എക്‌സിക്യൂട്ടീവ് എഡിറ്ററും പറയുന്നത് അനുസരിക്കാം, ചെയര്‍മാന്റെ സെക്രട്ടറി പറയുന്നത് കേള്‍ക്കാന്‍ കഴിയില്ല എന്നുപറഞ്ഞു.

നികേഷ് മുനീറിനെ വിളിച്ചിട്ടുണ്ടാവാം. യോഗത്തിനിടയില്‍ നിന്ന് അഞ്ച് മിനിട്ടിനകം മുനീര്‍ ഇറങ്ങിവന്ന് തന്റെ സെക്രട്ടറിയെ പിന്തിരിപ്പിച്ചു. എനിക്ക് വേണമെങ്കില്‍ പരാതിപ്പെടാതെ അനുസരിക്കാമായിരുന്നു. നികേഷിന് വേണമെങ്കില്‍ എന്റെ പരാതി അവഗണിക്കാമായിരുന്നു.

മറ്റ് ചില ചാനലുകള്‍ എം.ഡിയുടെ സെക്രട്ടറിമാരാണ് ഇപ്പോള്‍ ഭരിക്കുന്നത് എന്ന് കേള്‍ക്കുന്നു. അത് അനുവദിച്ചു കൊടുക്കുന്ന ആളുകളായിരുന്നില്ല ഞങ്ങള്‍.

മാറാടുമായി ബന്ധപ്പെട്ട് മറ്റൊരു സംഭവം: പുനരധിവാസവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ച കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ നടക്കുന്നു. ശ്രീധരന്‍ പിള്ളയും മുകുന്ദനും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നുണ്ടാക്കിയ ഒരു രഹസ്യധാരണ ചോര്‍ന്നു.

ഇത് വാര്‍ത്തയായതോടെ ഇരുപക്ഷത്തും പ്രശ്‌നങ്ങളുണ്ടായി. കുഞ്ഞാലിക്കുട്ടി പുറത്തിറങ്ങിവന്ന് ഇന്ത്യാവിഷന്‍ ടീമിനെ കണക്കിന് ചീത്ത വിളിച്ചു. കുറച്ചുകഴിഞ്ഞ് മുനീര്‍ നേരിട്ട് ഇറങ്ങിവന്ന് വാര്‍ത്ത തിരുത്തണമെന്ന് പറഞ്ഞു.

ഞങ്ങള്‍ അത് തിരുത്താന്‍ കൂട്ടാക്കിയില്ല. ഞാന്‍ പറഞ്ഞത്, ചാനലിന്റെ തുടക്കത്തിലുണ്ടായിരുന്ന ജേര്‍ണലിസ്റ്റുകള്‍ നിശ്ചയദാര്‍ഢ്യത്തോടെ ജോലി ചെയ്തത് കൊണ്ടാണ് ആ ചാനലിന് നട്ടെല്ലുണ്ടായത്.

line

എസ്.എന്‍.സി ലാവ്‌ലിന്‍, വിഭാഗീയത, നാലാം ലോകം, മന്ത്രിമന്ദീരം
മോടിപിടിപ്പിക്കല്‍, ലിസ്-മാര്‍ട്ടിന്‍ കേസുകള്‍, വെടിയുണ്ട വിവാദം, പൂമൂടല്‍, മൂന്നാര്‍ തുടങ്ങി അക്കാലത്ത് സി.പി.ഐ.എമ്മിനെ വിഷമത്തിലാക്കിയ വാര്‍ത്തകളില്‍ പലതിലും ഇന്ത്യാവിഷന്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.line

pk-kunhjalikutty

 

അപ്പോഴും, നിങ്ങള്‍ ജേര്‍ണലിസ്റ്റുകള്‍ നിങ്ങളുടെ രാഷ്ട്രീയം നടപ്പാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നതല്ലേ ശരി?

വേണമെങ്കില്‍, വിശാലമായ അര്‍ത്ഥത്തില്‍, അങ്ങനെ പറയാം. അവരവരുടെ കാഴ്ച്ചപ്പാടുകളെ കൊല്ലാതെ തന്നെ വാര്‍ത്ത ചെയ്യാനുള്ള സവിശേഷമായ സാഹചര്യം അവിടെയുണ്ടായിരുന്നു.

എന്തെങ്കിലും നടപ്പാക്കുകയായിരുന്നില്ല. എല്ലാ അഭിപ്രായഗതികളും അക്കമഡേറ്റ് ചെയ്യപ്പെട്ടു. പിന്നെ ചാനലിന്റെ തുടക്കത്തില്‍ സാങ്കേതികമായ ഒരു നിഷ്പക്ഷത ഞങ്ങള്‍ പുലര്‍ത്തി. അത് ബോധപൂര്‍വ്വം ചെയ്തതാണ്.

അതായത് പ്രേക്ഷകരെ കബളിപ്പിക്കുന്ന തരത്തിലുള്ള നിക്ഷ്പക്ഷത?

വിഷ്വല്‍ മീഡിയയില്‍ കബളിപ്പിക്കല്‍ കൂടുതല്‍ സാധ്യമാണ്. വിഷ്വല്‍ ചീറ്റിങ് എന്നൊരു പ്രയോഗം തന്നെയുണ്ട്. ഞാന്‍ പറഞ്ഞ കാര്യം അതല്ല.

ഇടതും വലതും മുന്നണികളിലായി പകുത്തുകിടക്കുന്ന ഒരു സമൂഹത്തിന് വേണ്ടിയാണ് നാം വാര്‍ത്ത നല്‍കുന്നത് എന്ന തിരിച്ചറിവോടെ പ്രവര്‍ത്തിക്കുക.

ചാനലിനെ ഇരുപക്ഷത്തും സ്വീകാര്യമാക്കാന്‍ അത്തരം ചില ഊന്നലുകള്‍ മനപൂര്‍വ്വം നല്‍കി. ചാനലിന്റെ ആദ്യആഴ്ച്ചയില്‍ത്തന്നെ ഉണ്ടായ ഒരു സംഭവം പറയാം.

സ്വാശ്രയസമരം കത്തിപ്പടര്‍ന്ന സമയമായിരുന്നു അത്. എസ്.എഫ്.ഐ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത് അറിഞ്ഞ് അവരുടെ പ്ലാന്‍ ആരാഞ്ഞു.

ഇപ്പോള്‍ അമൃത ടി.വിയിലുള്ള ക്യാമറാമാന്‍ ബിജു മുരളീധരനാണ് ക്യമറയ്ക്ക് മുമ്പില്‍ ഒരു ബോംബേറ് അറേഞ്ച് ചെയ്തത്. കേരളം നടുങ്ങിപ്പോയി. ഇതൊരു ഉച്ചയോടെയാണ് സംഭവിക്കുന്നത്.

വൈകുന്നേരമാകുമ്പോഴേക്കും ചിത്രം മാറി. കോണ്‍ഗ്രസ് നേതാവ് തോമസ് കുതിരവട്ടത്തിന്റെ മകള്‍ റോണി അന്ന് ഞങ്ങളുടെ തിരുവനന്തപുരം റിപ്പോര്‍ട്ടറായിരുന്നു. “എസ്.എഫ് ഐ  ഗുണ്ടകളുടെ വിളയാട്ട”ത്തെക്കുറിച്ച് ഒരു തിരുവിതാംകൂര്‍, കെ.എസ്.യു ലൈനിലായിരുന്നു റോണിയുടെ ലൈവ് റിപ്പോര്‍ട്ടിങ്.

ന്യൂസ് എഡിറ്റര്‍മാരും എക്‌സിക്യൂട്ടീവ് എഡിറ്ററും പറയുന്നത് അനുസരിക്കാം, ചെയര്‍മാന്റെ സെക്രട്ടറി പറയുന്നത് കേള്‍ക്കാന്‍ കഴിയില്ല എന്നുപറഞ്ഞു.

രാവിലെ ആവേശത്തോടെ ചാനല്‍ കണ്ട സി.പി.ഐ.എമ്മുകാര്‍ വൈകുന്നേരത്തോടെ നെറ്റിചുളിച്ചു. മുനീറിന്റെ ചാനല്‍ തനിനിറം കാണിച്ചുതുടങ്ങി എന്നവര്‍ പറഞ്ഞു.

പിറ്റേദിവസം കോഴിക്കോട്ടായിരുന്നു സമരവേദി. മൈക്ക് എന്റെയും വിധുവിന്‍സെന്റിന്റെയും കയ്യിലേക്ക് വന്നു. ഞങ്ങളുടെ “ഭാഗ്യത്തിന്” എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം അഡ്വ. ആതിരയെ പോലീസുകാര്‍ റെയില്‍വേ സ്‌റ്റേഷനിലൂടെ അല്‍പ്പനേരം വലിച്ചിഴച്ചു. ഞങ്ങള്‍ എഡിറ്റ് സ്യൂട്ടിലിട്ട് അതല്‍പ്പം വലിച്ചുനീട്ടി.

സ്‌ക്രീനിന് കുറുകെ ആതിര ഒരു പകല്‍ മുഴുവന്‍ വലിച്ചിഴക്കപ്പെട്ടു. തലേന്ന് വൈകീട്ട് ചാനലില്‍ നിന്ന് മുഖം തിരിച്ച സി.പി.ഐ.എമ്മുകാര്‍ തിരികെയെത്തി. ഇങ്ങനെ മാനുഫാക്ച്വര്‍ ചെയ്‌തെടുത്ത, എഞ്ചിനീയര്‍ ചെയ്‌തെടുത്ത ഒരു തരം നിഷ്പക്ഷത തുടക്കത്തില്‍ പുലര്‍ത്താന്‍ ശ്രമിച്ചു.

ഇങ്ങനെ പ്രേക്ഷകരെ വഞ്ചിക്കുന്നത് എത്തിക്കലാണോ?

അല്ല, വളരെ കണിശമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അല്ല. പക്ഷേ ഏതൊരു മാധ്യമസ്ഥാപനത്തിന്റെയും തുടക്കത്തില്‍ ഇത്തരം സ്ട്രാറ്റജികള്‍ നടപ്പാക്കപ്പെടും.

ഔട്‌ലുക് മാഗസിന്‍ തുടങ്ങിയത് കാശ്മീരിനെക്കുറിച്ച് അത്യന്തം പ്രകോപനപരമായ ഒരു സര്‍വ്വേ നടത്തിക്കൊണ്ടാണ്. ബാല്‍താക്കറെ അത് കത്തിക്കുമെന്ന് വിനോദ് മേത്തയ്ക്ക് ഉറപ്പായിരുന്നു.

line

റിപ്പോര്‍ട്ടിങ് നിലവാരത്തിലും സാങ്കേതികതയിലും എത്തിക്കല്‍ നോംസിലും ലോകനിലവാരമുള്ള ഒരു മലയാള മാധ്യമസ്ഥാപനം കെട്ടിപ്പടുക്കാനുള്ള പ്രയത്‌നത്തിന്റെ ഭാഗമാവുകയായിരുന്നു എന്റെ സ്വപ്‌നം. എല്ലാ ഇല്ലായ്മകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ഇടയിലും ഞങ്ങള്‍ അതിനുവേണ്ടി പ്രയത്‌നിച്ചു. മിനിമം സാങ്കേതിക സംവിധാനവും ഏറ്റവും കുറഞ്ഞ തോതിലെങ്കിലും തൊഴില്‍ സൗകര്യങ്ങളും തന്നിരുന്നുവെങ്കില്‍ ഞങ്ങള്‍ അത് സാധിക്കുമായിരുന്നു.

line

vs-achuthanndhan-2

ഇന്ത്യാവിഷന്റെ വളര്‍ച്ചയില്‍ താങ്കളുടെ പങ്കെന്താണ്?

ചാനലിന്റെ തുടക്കത്തിലുണ്ടായിരുന്ന ജേര്‍ണലിസ്റ്റുകള്‍ വഹിച്ച പങ്കില്‍ ഞാന്‍ എന്റെ ഭാഗം നിറവേറ്റി, അത്രമാത്രം. തുടക്കം മുതലേ പ്രധാന വാര്‍ത്താ സന്ദര്‍ഭങ്ങളില്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അതുകൊണ്ട് എന്റെ കള്ളിയില്‍ കുറച്ച് മാര്‍ക്ക് കൂടുതലാണ്.

ചാനലിന്റെ ലീഗ് ടാഗ് കളഞ്ഞ് അതിനെ മുഖ്യധാരയിലേക്ക് പ്രതിഷ്ഠിക്കുന്നതില്‍ ഞാന്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു. അത് ബോധപൂര്‍വ്വം ചെയ്തതാണ്. ഇടതുപക്ഷ പ്രേക്ഷകരെ ഇമോട്ടീവായി ചാനലിനോട് ചേര്‍ത്തുനിര്‍ത്തുന്നതിലാണ് ആ ശ്രമങ്ങള്‍ കലാശിച്ചത്.

ഒപ്പം നികേഷിന്റെ കാലത്തും അതിന് ശേഷവും ഇന്ത്യാവിഷന്‍ ടീമിനെ രൂപപ്പെടുത്തുന്ന ജോലി എന്റേതായിരുന്നു. 2005 അവസാനം മനോരമയിലേക്കുള്ള എക്‌സോഡസിന് ശേഷം ആ ടീമിനെ പരുവപ്പെടുത്തിയത് ഞാനാണ്.

ഉണക്കപ്പുട്ടുപോലെ ഒരു ഗുണവുമില്ലാത്ത ഒരു മാനേജ്‌മെന്റായതിനാല്‍ ഞങ്ങള്‍ക്ക് ആ പണി പലവട്ടം ചെയ്യേണ്ടിവന്നു. ഇപ്പോഴും കേരളത്തിലെ ഏറ്റവും മികച്ച ന്യൂസ് ടീം ഇന്ത്യാവിഷന്റേതാണ്.

തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇന്ത്യാവിഷന്‍ ഇടത്തോട്ട് ചരിയുന്നതായാണ് അനുഭവം. അതെങ്ങനെ സംഭവിച്ചു?

2006ലും 2011ലും ഇടതുപക്ഷത്തെ തീരുമാനമെടുത്ത് പിന്തുണച്ചുവെന്ന് പറയാം. തീരുമാനം എന്നാല്‍ പ്രമേയം പാസാക്കി തീരുമാനിച്ചുവെന്നല്ല. ഒരു ന്യൂസ് ടീമീനകത്ത് തീരുമാനങ്ങള്‍ രൂപപ്പെടുന്ന സ്വാഭാവികവും നൈസര്‍ഗികവുമായ രീതിയില്‍. അതില്‍ വിയോജിപ്പുള്ളവരുമുണ്ടായിരുന്നു.

ഞങ്ങള്‍ പിന്തുണക്കുന്ന സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച് അതിന്റെ ഗുണഫലം പറ്റുക എന്ന അര്‍ത്ഥത്തിലായിരുന്നില്ല അതൊന്നും. ഞങ്ങള്‍ കൊണ്ടുവന്ന വാര്‍ത്തകളുടെ തുടര്‍ചലനങ്ങള്‍ ആഗ്രഹിക്കുകയാണ് ചെയ്തത്.

എന്തായാലും രണ്ടുതവണയും ഇന്ത്യാവിഷന്റെ നിലപാട് ഇടതുമുന്നണിക്ക് അനുകൂലമായി. 2011ല്‍ സി.പി.ഐ.എം അത് രേഖാമൂലം സമ്മതിക്കുകയും ചെയ്തു.

ന്യൂസ്ടീമിന്റെ ഈ നിലപാടിനെ മാനേജ്‌മെന്റ് എതിര്‍ത്തിരുന്നോ?

2006ലെ കാര്യം എനിക്കറിയില്ല. എതിര്‍ത്തിട്ടുണ്ടാവണം, നികേഷാണ് പറയേണ്ടത്.

2011ല്‍ കഠിനമായ എതിര്‍പ്പായിരുന്നു. നേരിട്ട് എതിര്‍ക്കാന്‍ പേടിയുള്ളതുകൊണ്ട്, മാര്‍ക്കറ്റിങ്ങിന്റെ അഭിപ്രായം എന്ന മട്ടിലാണ് അതുവന്നത്. രമേശും ഉമ്മന്‍ ചാണ്ടിയും പരാതിപ്പെട്ടുവെന്ന് പറഞ്ഞ് മുനീര്‍ പലതവണ എന്നെ വിളിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ യോഗത്തില്‍ തന്നെ മാനേജ്‌മെന്റ് അതൃപ്തി അറിയിച്ചു.

2006ലും 2011ലും തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ രാഷ്ട്രീയ കോളിളക്കം ഐസ്‌ക്രീം പാര്‍ലര്‍ കേസായിരുന്നു. കേസിന്റെ ക്രെഡിബിലിറ്റി തന്നെ പിന്നീട് ചോദ്യം ചെയ്യപ്പെട്ടു. താങ്കളുടെ വിശ്വാസ്യതയെയും അത് ബാധിച്ചു?

രാഷ്ട്രീയത്തിലെ അന്തര്‍നാടകങ്ങള്‍ നമുക്ക് നിയന്ത്രിക്കാനാവില്ലല്ലോ. കേരള രാഷ്ട്രീയത്തില്‍ വിപരീതങ്ങള്‍ ഇല്ലാതാവുകയാണ് എന്ന സൂചന ഞാന്‍ ആദ്യം വായിച്ചെടുത്തത് ഇരുമുന്നണികളും ഐസ്‌ക്രീം കേസ് കൈകാര്യം ചെയ്ത രീതി കണ്ടിട്ടാണ്.

മറ്റ് ചില ചാനലുകള്‍ എം.ഡിയുടെ സെക്രട്ടറിമാരാണ് ഇപ്പോള്‍ ഭരിക്കുന്നത് എന്ന് കേള്‍ക്കുന്നു. അത് അനുവദിച്ചു കൊടുക്കുന്ന ആളുകളായിരുന്നില്ല ഞങ്ങള്‍.

ഇരകളെയും പരാതിക്കാരെയും വാര്‍ത്തയെയും ഡിസ്‌ക്രെഡിറ്റ് ചെയ്യുക എന്നതായിരുന്നു ആ കേസില്‍ നടപ്പാക്കപ്പെട്ട തന്ത്രം. അങ്ങനെയാണ് കേസ് തകര്‍ന്നത്.

പിന്നെ, എന്റെ വിശ്വാസ്യതയെ കേസ് ബാധിച്ചുവെന്നത് ശരിയല്ല. ഞങ്ങള്‍ വാര്‍ത്ത നല്‍കിയത് ആര്‍ക്കെല്ലാം എതിരെയായിരുന്നു? പ്രബലനായ ഒരു രാഷ്ട്രീയനേതാവ്, രണ്ട് മുന്‍ ന്യായാധിപന്‍മാര്‍, രണ്ട് മുന്‍ അഡ്വക്കറ്റ് ജനറല്‍മാര്‍, ഒരു അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍, ഒരു അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ്….

ഇവരുടെയെല്ലാം പേര് പറഞ്ഞ് നല്‍കിയ വാര്‍ത്തയ്ക്ക്, അത്രയേറെ കോളിളക്കമുണ്ടാക്കിയിട്ടും എന്തുകൊണ്ടാണ് എനിക്കെതിരെ കേസുപോലുമില്ലാത്തത്? ഐസ്‌ക്രീം കേസില്‍ എനിക്ക് കിട്ടിയ 12 വക്കീല്‍ നോട്ടീസുകള്‍ക്ക് പിന്നെ എന്തുകൊണ്ട് തുടര്‍ച്ചയുണ്ടായില്ല?

പിന്നെ, വാര്‍ത്തകളെല്ലാം നാം ഉദ്ദേശിക്കുന്ന ഇംപാക്ട് ഉണ്ടാക്കണമെന്ന് വാശിപിടിക്കാന്‍ ഒരു ജേര്‍ണലിസ്റ്റിനും അവകാശമില്ല. വാര്‍ത്തകള്‍ ചിലപ്പോള്‍ ലക്ഷ്യവേധിയാകും. മറ്റുചിലപ്പോള്‍ ലക്ഷ്യം തെറ്റും. ചിലപ്പോള്‍ കയറുപൊട്ടിയ പട്ടം പോലെയാകും.

ഐസ്‌ക്രീം കേസിന്റെ ഒരു ഘട്ടത്തിലും മാനേജ്‌മെന്റോ മുനീറോ അറിഞ്ഞില്ല എന്ന താങ്കളുടെ നിലപാട് പൊതുവെ സ്വീകരിക്കപ്പെട്ടില്ല?

ഐസ്‌ക്രീം  കേസിനെക്കുറിച്ച് ഇനിയധികം പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയിലോ എഡിറ്റര്‍ എന്ന നിലയിലോ ഞാന്‍ കൈകാര്യം ചെയ്ത നൂറുകണക്കിന് വാര്‍ത്തകളില്‍ ഒന്നു മാത്രമാണ് ഐസ്‌ക്രീം കേസ്.

17 വര്‍ഷത്തെ രാഷ്ട്രീയജീവിതം ആ കേസിനുണ്ടായതുകൊണ്ടാണ് ഈ ചോദ്യങ്ങള്‍ വരുന്നത്.  ഐസ്‌ക്രീം കേസില്‍ 12മിനിട്ട് ടേപ്പ് മാത്രമാണ് ഞങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. ബാക്കി നാലുമണിക്കൂറിലധികം ടേപ്പ് ഇന്ത്യാവിഷന്റെ ആര്‍ക്കൈവിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുമുണ്ട്.

line

 

മുതലാളിയുടെ സ്ഥാപിത താല്‍പ്പര്യത്തിന് വഴങ്ങിക്കൊടുക്കാത്ത ജേര്‍ണലിസ്റ്റുകള്‍ ഒരുപാട് പേരുണ്ട്. അവരിലൂടെയാണ് ജേര്‍ണലിസം എന്ന പ്രൊഫഷന്‍ നിലനില്‍ക്കുക. കേരളത്തിലും അതങ്ങനെയാണ്. സംശയമുള്ളവര്‍ മനോരമന്യൂസില്‍ രാജീവ് ദേവരാജും ജയമോഹനും ചെയ്യുന്ന പ്രോഗ്രാമുകള്‍ കണ്ടാല്‍ മതി.

line

nikeshkumar

 

ഇടതുപക്ഷത്തെ പിന്തുണച്ചുവെന്ന് പറയുന്നതിനേക്കാള്‍ വി.എസിനെ പിന്തണച്ചുവെന്ന് പറയുന്നതല്ലേ ശരി, വ്യവസ്ഥാപിത ഇടതുപക്ഷത്തെ തകര്‍ക്കുക എന്നതുകൂടി ആ പിന്തുണയുടെ ലക്ഷ്യമായിരുന്നു?

കേരളത്തിന്റെ കണ്ണില്‍ കഴിഞ്ഞ 15 വര്‍ഷമെങ്കിലും പിണറായി വിജയനായിരുന്നില്ല മറിച്ച് വിഎസ് അച്യുതാനന്ദനായിരുന്നു ഇടതുപക്ഷം.

ഒരു ന്യൂസ് റൂമിന്റെ പിന്തുണയെന്നത് വോട്ടിനിട്ട് തീരുമാനിക്കുന്നതല്ല. അത് ചില ആശയങ്ങളോടും നിലപാടുകളോടുമുള്ള ചായ്‌വാണ്. കേരളത്തില്‍ സാമൂഹിക ബോധമുള്ള ജേര്‍ണലിസ്റ്റുകള്‍ക്ക് ശ്രദ്ധ കൊടുക്കാന്‍ തോന്നിയ രണ്ട് നേതാക്കള്‍ വി.എസും സുധീരനുമാണ്, സമീപകാലത്ത്.

 2011ലെ ഫലപ്രഖ്യാപന ദിവസം രണ്ട് സീറ്റിന് എല്‍.ഡി.എഫ് തോറ്റപ്പോള്‍ ഇന്ത്യാവിഷന്‍ ന്യൂസ് റൂം ശോകമൂകമായി എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?

ശോകമൂകം എന്നൊന്നും പറയാനാവില്ല. ആ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോറ്റിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പ് കാലത്ത് മനോരമ ഗ്രൂപ്പും ഇന്ത്യാവിഷന്‍ ന്യൂസ് ടീമും തമ്മിലുണ്ടായ ഒരു യുദ്ധത്തില്‍ ഞങ്ങള്‍ ജയിച്ചതായി വരുമായിരുന്നു.

100 സീറ്റിന് യു.ഡി.എഫ് ജയിക്കും എന്ന അവസ്ഥയില്‍ നിന്നാണ് രണ്ട് മാസം കൊണ്ട് യു.ഡി.എഫ് 72ലേക്ക് തകര്‍ന്നത്. അത് പ്രധാനമായും ഞങ്ങളുടെ സ്‌റ്റോറികള്‍ ഉണ്ടാക്കിയ ഇംപാക്ടായിരുന്നു. അത് ഫലപ്രാപ്തിയിലെത്തണമെന്ന് ആഗ്രഹിച്ചവരുണ്ട്.

മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് സംഭവിച്ചിരുന്നെങ്കില്‍ അന്ന് എല്‍.ഡി.എഫ് ജയിക്കുമായിരുന്നു.

 1) കുഞ്ഞാലിക്കുട്ടിക്കെതിരെ ടി.കെ ഹംസയെ നിര്‍ത്തുകയും പി. ശശിയെ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്താക്കുകയും ചെയ്തിരുന്നുവെങ്കില്‍.

 2) വിഎസ് മുഖ്യമന്ത്രിയാണെന്ന് കേന്ദ്രനേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍

3) എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ വോട്ടെടുപ്പിന് മുമ്പായിരുന്നെങ്കില്‍.

വോട്ടെണ്ണല്‍ ദിവസം ഓഫീസില്‍ വന്ന തോമസ് ഐസക്കിനോട് ഞാന്‍ ഇക്കാര്യം തമാശയായി പറഞ്ഞു. ചത്ത കുട്ടിയുടെ ജാതകം എന്ന് പറഞ്ഞ് അദ്ദേഹം എന്റെ മുമ്പില്‍ ഏറെ നേരം ദു:ഖിച്ചിരുന്നു.

രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയുടെ കാമ്പയിന്‍ മെറ്റീരിയല്‍ നല്‍കിയിട്ടും സി.പി.ഐ.എം ഇന്ത്യാവിഷനെ ശത്രുപക്ഷത്താണ് നിര്‍ത്തിയത്. അതെന്തുകൊണ്ടാവാം?

എസ്.എന്‍.സി ലാവ്‌ലിന്‍, വിഭാഗീയത, നാലാം ലോകം, മന്ത്രിമന്ദീരം മോടിപിടിപ്പിക്കല്‍, ലിസ്-മാര്‍ട്ടിന്‍ കേസുകള്‍, വെടിയുണ്ട വിവാദം, പൂമൂടല്‍, മൂന്നാര്‍ തുടങ്ങി അക്കാലത്ത് സി.പി.ഐ.എമ്മിനെ വിഷമത്തിലാക്കിയ വാര്‍ത്തകളില്‍ പലതിലും ഇന്ത്യാവിഷന്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

മാധ്യമ സിന്‍ഡിക്കേറ്റ് എന്ന ബ്രാന്‍ഡ് നല്‍കി ആ വാര്‍ത്തകളെ നേരിടാനായിരുന്നു പാര്‍ട്ടി തീരുമാനം. ആരെന്ത് പറഞ്ഞാലും കേരളത്തിലെ മുന്തിയ കമ്മ്യൂണിക്കേഷന്‍ ശൃംഖല സിപി ഐഎമ്മാണ്. അവര്‍ക്ക് എന്തും പ്രസരിപ്പിക്കാന്‍ കഴിയും.

പക്ഷേ സിപി ഐഎമ്മിന്റെ വാദങ്ങളില്‍ അടിമുടി പൊള്ളത്തരങ്ങളായിരുന്നു. മൂലധനതാല്‍പര്യം എന്ന ബ്രാന്റിങ്ങില്‍ എല്ലാം ചെറുക്കാം എന്ന് കരുതിയിടത്താണ് അവര്‍ക്ക് തെറ്റിയത്.

മുനീറും മുത്തൂറ്റും അടങ്ങുന്നവരുടെ മൂലധനതാല്‍പ്പര്യവും ഇന്ത്യാവിഷനിലെ വാര്‍ത്താസംഘത്തിലെ പ്രൊഫഷണല്‍ അഭിലാഷങ്ങളും തമ്മില്‍ അവര്‍ക്ക് വേര്‍തിരിവുണ്ടായിരുന്നില്ല.

അതുകൊണ്ട് മനോരമയെ ഇ.എം.എസ് എതിര്‍ത്ത അതേ വീര്യത്തോടെ പിണറായി വിജയന്‍ ഞങ്ങളെ എതിര്‍ത്തു. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഒരു അഭിമുഖം പോലും അനുവദിക്കാതെ കഠിനമായൊരു ഭ്രഷ്ഠാണ് പിണറായി ഞങ്ങള്‍ക്ക് വിധിച്ചത്.

line

2006ലും 2011ലും ഇടതുപക്ഷത്തെ തീരുമാനമെടുത്ത് പിന്തുണച്ചുവെന്ന് പറയാം. തീരുമാനം എന്നാല്‍ പ്രമേയം പാസാക്കി തീരുമാനിച്ചുവെന്നല്ല. ഒരു ന്യൂസ് ടീമീനകത്ത് തീരുമാനങ്ങള്‍ രൂപപ്പെടുന്ന സ്വാഭാവികവും നൈസര്‍ഗികവുമായ രീതിയില്‍. അതില്‍ വിയോജിപ്പുള്ളവരുമുണ്ടായിരുന്നു.ഞങ്ങള്‍ പിന്തുണക്കുന്ന സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച് അതിന്റെ ഗുണഫലം പറ്റുക എന്ന അര്‍ത്ഥത്തിലായിരുന്നില്ല അതൊന്നും.

line

mp-basheer

 

വാര്‍ത്തകളുടെ റിപ്പോര്‍ട്ടിംഗ് എന്ന നിലവിട്ട് വിവാദവിഷയങ്ങളില്‍ ക്യാമ്പയിന്‍ സ്വഭാവമുള്ള സ്‌റ്റോറി പരമ്പരകളാണ് ഇന്ത്യാവിഷന്‍ നല്‍കിയത്. ജേര്‍ണലിസത്തിന് മേല്‍ ആകിടിവിസം മേധാവിത്വം നേടുന്നത് ശരിയാണോ?

ദൈനംദിന വാര്‍ത്തകളറിയാന്‍ നൂറുകൂട്ടം വഴികള്‍ നമുക്ക് മുന്നിലുണ്ട്. വാര്‍ത്തകള്‍ ഉണ്ടാകുന്ന മുറക്ക് അതിന്റെ വസ്തുതകള്‍ നമ്മുടെ വിരല്‍ത്തുമ്പിലെത്തുന്നു. വസ്തുതകളുടെ ഈ കുത്തൊഴുക്കില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് വാര്‍ത്തകളുടെ മരണമാണ്.

കേരള രാഷ്ട്രീയത്തില്‍ വിപരീതങ്ങള്‍ ഇല്ലാതാവുകയാണ് എന്ന സൂചന ഞാന്‍ ആദ്യം വായിച്ചെടുത്തത് ഇരുമുന്നണികളും ഐസ്‌ക്രീം കേസ് കൈകാര്യം ചെയ്ത രീതി കണ്ടിട്ടാണ്.

പറയേണ്ടതും ചര്‍ച്ചചെയ്യേണ്ടതും വിസ്മരിക്കപ്പെടുകയാണ്. അവിടെയാണ് ഞങ്ങള്‍ മറിച്ച് നിലപാടെടുത്തത്. മൂന്നാര്‍ കയ്യേറ്റം, നിളാനദി, കരിമണല്‍, എന്‍ഡോസള്‍ഫാന്‍, പശ്ചിമഘട്ടം, സൂര്യനെല്ലിക്കേസ്, ചെങ്ങറ സമരം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ ക്യാമ്പയിന്‍ സ്വഭാവത്തോടെയാണ് സ്‌റ്റോറികള്‍ നല്‍കിയത്.

എന്നാല്‍ റിപ്പോര്‍ട്ടിങിലെ ഒബ്ജക്ടിവിറ്റി വിട്ടുകളഞ്ഞതുമില്ല. എല്ലാം ന്യൂസ് ടീം ആലോചിച്ച് ചെയ്തതാണ്.

പക്ഷേ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇന്ത്യാവിഷന്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തി. മറ്റ് മാധ്യമങ്ങള്‍ അതേറ്റ് പിടിച്ചതോടെ കേരളം ഭയചകിതമായി. ആ നിലപാട് ശരിയായിരുന്നോ?

മാധ്യമങ്ങളെ കുറ്റം പറയാന്‍ എളുപ്പമാണ്. ഡാമിന്റെ ഉള്‍വശം പൊള്ളയാണെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയ എഞ്ചിനീയറിങ് വിഗദ്ധര്‍ കുറ്റക്കാരല്ലേ?  മൂന്ന് ജില്ലകളില്‍ കബന്ധങ്ങള്‍ ഒഴുകിനടക്കുമെന്ന് പറഞ്ഞ രാഷ്ട്രീയക്കാര്‍ കുറ്റക്കാരല്ലേ?

ആന്റണിയുടെ ചേര്‍ത്തലയും മാണിയുടെ പാലായും ഒഴുകിപ്പോകുന്നതോര്‍ത്ത് ഉറക്കം വരുന്നില്ല എന്ന് പറഞ്ഞ മന്ത്രി കുറ്റ്ക്കാരനല്ലേ? അവര്‍ പറഞ്ഞതത്രയും പ്രതിഫലിപ്പിക്കുക മാത്രം ചെയ്ത മാധ്യമങ്ങള്‍ മാത്രം കുറ്റക്കാര്‍.

ഇത് മാധ്യമ വിമര്‍ശനത്തിലെ ഒരു കേസ് സ്റ്റഡിയാണ്. എങ്കിലും മുല്ലപ്പെരിയാറിന് ഒരു നെഗറ്റീവ് ക്യാമ്പയിന്റെ സ്വഭാവമുണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നു. അതേ സമയം  ഡാമിന്റെ സുരക്ഷ സംബന്ധിച്ച ഭീതി ഏത് നിമിഷവും ഇനിയും വരാം.

മറ്റ് പലരും വിട്ടുപോകുമ്പോഴും താങ്കള്‍ ഇന്ത്യാവിഷനില്‍ തുടര്‍ന്നത് എന്തുകൊണ്ട്? ഒടുവില്‍ മാനേജ്‌മെന്റുമായി വലിയ തര്‍ക്കങ്ങളിലേക്ക് നീങ്ങിയത് എന്തുകൊണ്ടാണ്?

ആദ്യബാച്ചില്‍ ട്രെയിനിയായിരുന്ന മനു ഭരത് ഒഴിച്ചാല്‍ തുടക്കത്തില്‍ ഇന്ത്യാവിഷനിലുണ്ടായിരുന്ന ആരും ഇനി അവശേഷിക്കുന്നില്ല. കഴിഞ്ഞയാഴ്ച്ച സഹദേവന്‍ സാര്‍ രാജിവച്ചതോടെ ആ വംശം തീര്‍ന്നു.

നികേഷടക്കമുള്ളയാളുകള്‍ പോകുമ്പോഴും അവിടെ തുടരാന്‍ എനിക്ക് എന്റെ കാരണങ്ങളുണ്ടായിരുന്നു. റിപ്പോര്‍ട്ടിങ് നിലവാരത്തിലും സാങ്കേതികതയിലും എത്തിക്കല്‍ നോംസിലും ലോകനിലവാരമുള്ള ഒരു മലയാള മാധ്യമസ്ഥാപനം കെട്ടിപ്പടുക്കാനുള്ള പ്രയത്‌നത്തിന്റെ ഭാഗമാവുകയായിരുന്നു എന്റെ സ്വപ്‌നം.

മലയാളത്തില്‍ അത് ഇന്ത്യാവിഷനില്‍ മാത്രമേ സാധിക്കൂ എന്ന് ഞാന്‍ വിശ്വസിച്ചു. എല്ലാ ഇല്ലായ്മകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ഇടയിലും ഞങ്ങള്‍ അതിനുവേണ്ടി പ്രയത്‌നിച്ചു.

[] മിനിമം സാങ്കേതിക സംവിധാനവും ഏറ്റവും കുറഞ്ഞ തോതിലെങ്കിലും തൊഴില്‍ സൗകര്യങ്ങളും തന്നിരുന്നുവെങ്കില്‍ ഞങ്ങള്‍ അത് സാധിക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി എന്നില്‍ ആ സ്വപ്‌നം മരിക്കുന്നത് അറിയുന്നുണ്ടായിരുന്നു.

മാനേജ്‌മെന്റിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം സഹപ്രവര്‍ത്തകരോട് പറഞ്ഞ ചെറിയ ചെറിയ വാക്കുകള്‍ പോലും പാലിക്കാനായില്ല.

അപ്പോഴും അവര്‍ കുറ്റക്കാരായി കണ്ടത് ജേര്‍ണലിസ്റ്റുകളെത്തന്നെയാണ്. മാനേജ്‌മെന്റുമായുള്ള എല്ലാ മീറ്റിങുകളിലും അപമാനിക്കപ്പെട്ടു. ജേര്‍ണലിസുറ്റുകള്‍ ഫക്ക് ചെയ്ത സ്ഥാപനമാണിതെന്ന് എന്റെ മുഖത്തുനോക്കി പറഞ്ഞു.

ഒരു ടീം ചിതറിപ്പോകാതിരിക്കാന്‍ വേണ്ടി മാത്രം ഞാനത് താഴെത്തട്ടിലേക്ക് കൊടുത്തില്ല. ഒരു ചീഫ് എഡിറ്ററെ വച്ച് എന്റെ ചുമലില്‍ നിന്ന് ഈ ഭാരം ഒഴിവാക്കിത്തരണമെന്ന് പലവട്ടം രേഖാമൂലം ആവശ്യപ്പെട്ടു.

മുതിര്‍ന്ന സഹപ്രവര്‍ത്തകരോടും ഞാന്‍ എന്റെ നിലപാട് പറഞ്ഞതാണ്. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ മാനേജ്‌മെന്റുമായി കലഹത്തിന് നിന്നത്. ബഹളം കൂട്ടാതെ ഒഴിഞ്ഞുപോവാനാണ് ആഗ്രഹിച്ചത്. ഇപ്പോള്‍ അവിടെ തുടരുന്നവരും വിട്ടുപോയവരുമായ ആളുകള്‍ക്ക് ഇതെല്ലാം അറിയാം.

ഞാന്‍ എന്റെ ക്യാബിനില്‍ ഇന്ത്യാവിഷന്‍ വെക്കാതായിട്ട് ആറുമാസം കഴിഞ്ഞിരുന്നു. സമരപ്രഖ്യാപനം നടത്തിയ ബുള്ളറ്റിനുള്‍പ്പെടെ ഒന്നും ഞാന്‍ കണ്ടിട്ടില്ല.

 

മുഹമ്മദ് സുഹൈല്‍
ഡൂള്‍ന്യൂസ് സ്ഥാപകരിലൊരാള്‍, 2009 മുതല്‍ ഡൂള്‍ന്യൂസ് മനേജിംഗ് എഡിറ്റര്‍