| Sunday, 18th May 2025, 10:32 am

നാടോടിക്കാറ്റിന്റെ തുടര്‍ഭാഗങ്ങളില്‍ എന്റെ ഫേവറിറ്റ് ആ ചിത്രം; സ്‌കൂള്‍ വിട്ടുവന്നാല്‍ ഇപ്പോഴും കാണുമായിരുന്നു: മാളവിക മോഹനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹൃദയപൂര്‍വം. ചിത്രത്തില്‍ നടി മാളവിക മോഹനനും അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ഹൃദയപൂര്‍വ്വത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ചും മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെ കുറിച്ചും സംസാരിക്കുകയാണ് മാളവിക മോഹനന്‍.

‘വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയില്‍ അഭിനയിക്കുന്നതിനുവേണ്ടിയുള്ള ഫോണ്‍കോള്‍ എനിക്ക് വരുന്നത്. സത്യന്‍സാറിന്റെ മകന്‍ അഖില്‍ സത്യനാണ് എന്നെ ആദ്യം വിളിക്കുന്നത്. അച്ഛനൊരു സിനിമ ചെയ്യുന്നു. മോഹന്‍ലാലാണ് ഹീറോ എന്നുപറയുകയുണ്ടായി. ഞാന്‍ എക്‌സ്‌പെക്റ്റ് ചെയ്യാത്ത ഒരു ടൈമിലാണ് എനിക്ക് ഒരു കാള്‍ വരുന്നത്.

ഞാന്‍ തമിഴിലും തെലുങ്കിലുമായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. മലയാളിയാണെങ്കിലും മലയാളം സിനിമകളില്‍ അഭിനയിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലാത്ത സമയം.

ഞാന്‍ മുംബൈയിലാണ് താമസമെങ്കിലും ധാരാളം മലയാളം സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സത്യന്‍ സാറിന്റെയും ലാല്‍ സാറിന്റെയും കൂട്ടുകെട്ടില്‍ വന്നിട്ടുള്ള എത്രയോ സിനിമകളുണ്ട്. അതെല്ലാം ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. ആ സിനിമകളുടെയെല്ലാം വലിയ ഒരു ഫാനായിരുന്നു ഞാന്‍. ആ സിനിമകള്‍ കണ്ടുകണ്ടാണ് ഞാന്‍ വലുതായത്. എങ്ങനെയെങ്കിലും ഈ സിനിമ ചെയ്യണമെന്ന് തന്നെയാണ് ഞാന്‍ തീരുമാനിച്ചതും ആഗ്രഹിച്ചതും.

അങ്ങനെ ഞാന്‍ ഡേറ്റ്സെല്ലാം അഡ്ജസ്റ്റ് ചെയ്തപ്പോള്‍ സ്റ്റോറി കേട്ടു. കഥ എനിക്കിഷ്ടമായി. എന്റെ ക്യാരക്ടറും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വളരെ ഇംപോര്‍ട്ടന്റായിട്ടുള്ളതും സിനിമയില്‍ ത്രൂ ഔട്ടായിട്ടുള്ളതും ആയ ഒരു കഥാപാത്രം. ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ നല്ല ഇന്‍ട്രസ്റ്റിങ് ഒരു കഥാപാത്രമായി ചെയ്യാന്‍ എനിക്ക് കഴിയും എന്ന് മനസിലായി. അതില്‍ സന്തോഷം തോന്നുകയും ചെയ്തു.

നല്ല സ്‌കോപ്പുള്ള റോള്‍. അങ്ങനെനോക്കിയാല്‍ എല്ലാ ‘ടിക്ക് മാര്‍ക്‌സും’ ഉണ്ടായിരുന്നു. രണ്ടുമാസം കൊണ്ടാണ് ഞാന്‍ ഈ സിനിമയില്‍ ജോയിന്‍ ചെയ്തത്. അത്ര വേഗത്തില്‍ കാര്യങ്ങളെല്ലാം നടന്നു. സത്യന്‍ അന്തിക്കാട് സാര്‍ പിന്നെ മലയാള സിനിമയിലെ ഐക്കോണിക് സൂപ്പര്‍ ഡയറക്ടറാണല്ലോ. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ വന്ന അവസരം ഒരു കാരണവശാലും തട്ടിക്കളയരുതെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.

സത്യന്‍ സാറിന്റെ സിനിമകള്‍ ഓള്‍മോസ്റ്റ് എല്ലാം തന്നെ ഞാന്‍ കണ്ടിട്ടുണ്ട്. നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, പട്ടണപ്രവേശം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം… ഇങ്ങനെ. ഈ ടീമിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. നാടോടിക്കാറ്റിന്റെ തുടര്‍ഭാഗമായിരുന്നു പട്ടണപ്രവേശം.

ആ സിനിമയുടെ തുടര്‍ഭാഗമായിരുന്നു ‘അക്കരെയക്കരെയക്കരെ.’ അതുപക്ഷേ, പ്രിയദര്‍ശനായിരുന്നു സംവിധാനം ചെയ്തത്. ഈ മൂന്ന് ഭാഗങ്ങളും ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും എന്റെ ഫേവറിറ്റ് സിനിമ പട്ടണപ്രവേശമാണ്. ആ സമയത്ത് വി.സി.ആര്‍ ആയിരുന്നല്ലോ. ഞാനപ്പോള്‍ ഡെയ്ലി സ്‌ക്കൂളില്‍ നിന്ന് വന്നിട്ട് ഫുഡ് കഴിക്കുമ്പോള്‍ വി.സി.ആറില്‍ പട്ടണപ്രവേശം കാണാറുണ്ടായിരുന്നു,’ മാളവിക മോഹനന്‍ പറയുന്നു.

Content Highlight: Malavika Mohanan Talks About Sathyan Anthikkad Movies

We use cookies to give you the best possible experience. Learn more