ഇമോഷണല്‍ സീനുകളില്‍ ഡയലോഗിന് പകരം നാലു വരെ എണ്ണുന്ന തമിഴ് നടിമാരെ എനിക്കറിയാം; ചര്‍ച്ചയായി മാളവിക മോഹന്റെ പരാമര്‍ശം
Indian Cinema
ഇമോഷണല്‍ സീനുകളില്‍ ഡയലോഗിന് പകരം നാലു വരെ എണ്ണുന്ന തമിഴ് നടിമാരെ എനിക്കറിയാം; ചര്‍ച്ചയായി മാളവിക മോഹന്റെ പരാമര്‍ശം
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 21st January 2026, 8:16 pm

 

പ്രഭാസ് നായകനായ രാജാസാബിലെ മൂന്ന് നായികമാരില്‍ ഒരാളായെത്തി സിനിമാ രംഗത്ത് തിളങ്ങി നില്‍ക്കുന്ന നില്‍ക്കുന്ന താരമാണ് മാളവിക മോഹന്‍. തെലുങ്ക് സംവിധായകന്‍ മാരുതി സംവിധാനം ചെയ്ത ഹൊറര്‍ ഫാന്റസി ചിത്രത്തില്‍ ഭൈരവി എന്ന കഥാപാത്രമായായിരുന്നു മാളവിക വേഷമിട്ടത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായെങ്കിലും മികച്ച പ്രതികരണമാണ് മാളവികയുടെ പ്രകടനത്തിന് ലഭിച്ചത്.

മാളവിക മോഹന്‍. Photo: Elahe

കഴിഞ്ഞ ദിവസം ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തമിഴിലെയും തെലുങ്കിലെയും അഭിനേതാക്കള്‍ ഉപയോഗിക്കുന്ന ചില രീതികളെക്കുറിച്ച് മാളവിക മോഹന്‍ പറഞ്ഞ കാര്യം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ താരത്തെ വിമര്‍ശിച്ച് പല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും രംഗത്തെത്തുന്നുണ്ട്.

സ്‌ക്രിപ്റ്റില്‍ എഴുതിവെച്ച വരികള്‍ നോക്കുക കൂടി ചെയ്യാതെ ഇമോഷണല്‍ സീനുകളില്‍ അഭിനയിക്കുന്ന തെലുങ്കിലെയും തമിഴിലെയും അഭിനേത്രികളെ തനിക്ക് അറിയാമെന്ന് താരം പറഞ്ഞു. ഇമോഷണല്‍ സീനുകളില്‍ ഡയലോഗ് പറയുന്നതിന് പകരം സങ്കട ഭാവത്തോടെ ഒന്ന് രണ്ട് മൂന്ന് നാല് എന്ന് എണ്ണുകയാണ് ഇത്തരക്കാര്‍ ചെയ്യുകയെന്നും ശേഷം ഡബ്ബിങ്ങില്‍ ഇവര്‍ ഡയലോഗ് ശരിയാക്കിയെടുക്കുമെന്നും മാളവിക പറയുന്നു.

അതേസമയം ദേഷ്യം അഭിനയിക്കേണ്ട സീനുകളില്‍ എണ്ണുന്നതിന് പകരം എ,ബി,സി,ഡി എന്ന് പറഞ്ഞാണ് അഭിനയിക്കുകയെന്നും ഷൂട്ടിന് ശേഷം സ്‌ക്രീനില്‍ നോക്കുമ്പോള്‍ ലിപ് സിങ്ക് കൃത്യമായി വരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കരിയറില്‍ മുഴുനീളം ഇത് ചെയ്തവരെ തനിക്കറിയാമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

ആരുടെയും പേര് പരാമര്‍ശിച്ച് കൊണ്ടല്ല മാളവിക സംസാരിച്ചതെങ്കിലും വലിയ വിമര്‍ശനം താരത്തിനെതിരെ ഉയരുന്നുണ്ട്. ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ച് പരിചയമുളളത് കൊണ്ടാവും അവര്‍ ഇത്തരത്തില്‍ ചെയ്യുന്നതെന്നും പരിഹസിക്കാന്‍ മാളവിക വളര്‍ന്നിട്ടില്ലെന്നുമാണ് പലരുടെയും അഭിപ്രായം. താന്‍ എല്ലാ വിധത്തിലും പെര്‍ഫെക്ട് ആയ വിധത്തിലാണ് മാളവിക മറ്റുള്ളവരുടെ അഭിനയത്തെ പരിഹസിക്കുന്നതെന്ന തരത്തില്‍ രൂക്ഷ വിമര്‍ശനവും താരത്തിനെതിരെ ഉയരുന്നുണ്ട്.

Photo: IMDB

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ പട്ടം പോലെ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് മാളവിക. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തി കഴിഞ്ഞ വര്‍ഷം ഹിറ്റായ ഹൃദയപൂര്‍വ്വത്തിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു. തമിഴ് ചിത്രമായ പേട്ടയിലൂടെയും മാസ്റ്ററിലൂടെയുമാണ് താരം തെന്നിന്ത്യയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Content Highlight: Malavika Mohan Talks about the technic used by telungu and tamil actresses

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.