വീണ്ടും മലപ്പുറം മോഡല്‍; സര്‍ക്കാര്‍ സ്‌കൂളിന് സ്ഥലം കണ്ടെത്താന്‍ ജനങ്ങളുടെ പിരിവ്: തുടക്കം കുറിച്ചത് പ്രധാനാധ്യാപിക
Kerala
വീണ്ടും മലപ്പുറം മോഡല്‍; സര്‍ക്കാര്‍ സ്‌കൂളിന് സ്ഥലം കണ്ടെത്താന്‍ ജനങ്ങളുടെ പിരിവ്: തുടക്കം കുറിച്ചത് പ്രധാനാധ്യാപിക
നിഷാന. വി.വി
Monday, 27th April 2026, 7:14 am

കൊണ്ടോട്ടി: നൂറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നെടിയിരിപ്പ് ചാരക്കുത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് സ്വന്തം സ്ഥലം. നൂറ് വര്‍ഷം പിന്നിട്ടിട്ടും സ്‌കൂള്‍ വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

സ്‌കൂളിന് സ്വന്തം സ്ഥലം കണ്ടെത്താന്‍ മുന്‍കൈയെടുത്തത് അധ്യാപികയായ വി. ബിന്ദുവാണ്. സ്വന്തം കഴുത്തിലെ സ്വര്‍ണമാല നല്‍കിയായിരുന്നു ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചത്.

പിന്നീടിത് നാടും നാട്ടുകാരും ഏറ്റെടുക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും വികസനത്തിനായി ജനങ്ങള്‍ പണം കണ്ടെത്തേണ്ടിവരുന്നു എന്ന വിമര്‍ശനങ്ങള്‍കള്‍ക്കിടെയാണിത്.

 

‘എന്റെ ജീവിതത്തില്‍ ഇത്രയധികം സന്തോഷിച്ച നിമിഷമുണ്ടായിട്ടില്ല. 2021ല്‍ സ്‌കൂളിനു വേണ്ടി സ്ഥലം കണ്ടെത്താന്‍ യോഗം ചേരുമ്പോള്‍, എത്രത്തോളം മുന്നോട്ടുപോകുമെന്ന് അറിയില്ലായിരുന്നു. ലക്ഷ്യം കാണുമോ എന്നും ഉറപ്പില്ലായിരുന്നു.

ആ സമയം, എന്റെ കയ്യിലുണ്ടായിരുന്നതു സ്വര്‍ണമാലയായിരുന്നു. അതു കൊടുത്തു. ഇന്ന്, ലക്ഷ്യം കണ്ടതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്,’ ഇതായിരുന്നു ഫണ്ട് സമാഹരണത്തെക്കുറിച്ചുള്ള അധ്യാപികയുടെ പ്രതികരണം.

2021 ലാണ് സ്‌കൂളിന് സ്ഥലം വാങ്ങാനായി സ്‌കൂള്‍ വികസന സമിതി രൂപികരിച്ചത്.
സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എം.ദിലീപ്, പി.ടി.എ പ്രസിഡന്റ് പി. സുരേഷ്, ട്രഷറര്‍ മോഹനന്‍ തെരുവത്ത് തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

സ്ഥലത്തിന് 25 ലക്ഷം രൂപ മാത്രമാണ് നഗരസഭ നല്‍കുക. ബാക്കി കണ്ടെത്തേണ്ടത് 72.5 ലക്ഷം രൂപയായിരുന്നു. ഈ വലിയ തുകയാണ് മെയ്യും മനസും ഒരുപോലെ ചേര്‍ത്ത് നാട്ടുകാര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

ടീച്ചര്‍ക്ക് പിന്നാലെ ഒ.ഐ.സി.സി ഗ്ലോബല്‍ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായിരുന്ന പുളിക്കല്‍ അഹമ്മദ് വല്യാപ്പു 25 ലക്ഷം രൂപ കൈമാറി.

മുന്‍ നഗരസഭാ കൗണ്‍സിലര്‍ പുളിക്കല്‍ അഹമ്മദ് കബീറും സഹോദരന്മാരായ റസാഖ്, റഷീദലി ബാബു, നസീര്‍ എന്നിവരും ചേര്‍ന്ന് 19.5 ലക്ഷം രൂപ നല്‍കി. കൂടാതെ ഇവരുടെ പിതാവ് അവറാപ്പു ഹാജിയുടെ പേരില്‍ ലൈബ്രറി നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചു.

ചെറുതും വലുതുമായ സഹായങ്ങള്‍ നിരവധി വ്യക്തികളും സ്ഥാപാനങ്ങളും വേറെയും നല്‍കിയിട്ടുണ്ട്. എന്നാല്‍ 72.5 ലക്ഷം സമാഹരിച്ചപ്പോള്‍ നഗരസഭ ഫണ്ട് കിട്ടുക എന്നതായിരുന്നു പിന്നീടത്തെ വെല്ലുവിളി. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഫണ്ട് അനുവദിച്ച് കിട്ടിയിരുന്നില്ല.

പക്ഷേ ഇത് ടി.വി ഇബ്രാഹീം എം.എല്‍.എയും നഗരസഭാ ചെയര്‍മാന്‍ യു.കെ മമ്മദിശയും ഇടപെട്ട് തീര്‍പ്പാക്കുകയായിരുന്നു. ഇതോടെ സ്വപ്ന സാക്ഷാത്കാരത്തിലേക്കായിരുന്നു സ്‌കൂള്‍ കാലെടുത്തുവെച്ചത്. കഴിഞ്ഞ ദിവസം സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയായി.

1914 ലാണ് സ്‌കൂള്‍ ആരംഭിച്ചത്. ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് സ്വന്തം സ്ഥലമാവുന്നത്. 15സെന്റ് ഉടമകള്‍ സൗജന്യമായി നല്‍കിയിരുന്നു. വൈത്തല കുടുംബമാണ് സ്ഥലം വിട്ടുനല്‍കിയത്. എന്നാല്‍ തങ്ങളുടെ അമ്മൂമയുടെ പേരിലുളള സ്‌കൂള്‍ അതേപടി നിലനിര്‍ത്തണമെന്ന ഒരോയൊരു ആവശ്യമാണ് കുടുംബം മുന്നോട്ട് വെച്ചിരുന്നത്. 20 സെന്റാണ് പണം കൊടുത്ത് വാങ്ങിയത്.

ദേശീയപാതയില്‍നിന്ന് 5 മീറ്റര്‍ വീതിയില്‍ സ്‌കൂളിലേക്കു കവാടം നിര്‍മിക്കുന്ന രീതിയിലാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്.

Content Highlight: Malappuram model again; People’s rally to find land for government school: Headmistress kicks off

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.