കേരളത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയ്ക്ക് ആദിവാസി കുടിയിറക്കലിന്റേയും ബ്രാഹ്‌മണാധിപത്യത്തിന്റേയും ചരിത്രമുണ്ട്.
തന്ത്രി സമൂഹവും പന്തളം മുന്‍ രാജ കുടുംബവും സവര്‍ണ ജനസമൂഹങ്ങളും ശബരിമല അവരുടെതാണെന്ന് വരുത്തി തീര്‍ക്കാന്‍ പിന്നണിയില്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ട്.
ഇത് മുതലെടുത്ത് ആര്‍.എസ്.എസും സംഘപരിവാറും തന്ത്രി കുടുംബാംഗവും കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്തു.
ശബരിമല എന്ന് പൊതുവില്‍ പറയുന്ന നീലിമല, കരിമല, നാഗമല, തലപ്പാറമല, പൊന്നമ്പലമേട്, ശബരിമല തുടങ്ങിയ 18 മലകളില്‍ പ്രാചീനകാലം തൊട്ടേ അധിവസിച്ചിരുന്നത് മലഅരയരും മലപ്പണ്ടാരങ്ങളും ഊരാളികളും അടങ്ങുന്ന ആദിവാസി സമൂഹങ്ങളായിരുന്നു.
ശബരിമല എന്ന് ഇന്നറിയപ്പെടുന്ന ക്ഷേത്രത്തില്‍ പൂജാ കര്‍മങ്ങളും മറ്റും ചെയ്തിരുന്നത് മലഅരയര്‍ ആയിരുന്നു. പിന്നീട് തന്ത്രി കുടുംബവും പന്തളം മുന്‍ രാജകുടുംബവും ക്ഷേത്രം കൈവശപ്പെടുത്തുകയായിരുന്നു. മലഅരയരുടെ വാമൊഴി ചരിത്രത്തിലും രേഖകളിലും ഇത് പറയുന്നുണ്ട്.
എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ ശബരിമല കയറിയാല്‍ അവിടം ആശുദ്ധമാകുമെന്ന തീവ്ര ഹിന്ദുത്വ വാദികളുടെ വാദത്തേയും മലഅരയര്‍ തള്ളിപ്പറയുന്നുണ്ട്. ഒരുകാലത്ത് സ്ത്രീകള്‍ കഴിഞ്ഞിരുന്ന മലയായിരുന്നു പൊന്നമ്പലമേടും ശബരിമലയും എല്ലാം. കൂടാതെ അയ്യപ്പനെ ബ്രാഹ്‌മണവത്കരിച്ചതും മലഅരയര്‍ ചോദ്യം ചെയ്യുന്നുണ്ട്.
ആയിരത്തി ഒരുനൂറാം ആണ്ടില്‍ കണ്ടന്റേയും കരുത്തമ്മയുടേയും മകനായി പൊന്നമ്പലമേട്ടില്‍ ജനിച്ച ആദിവാസിയാണ് അയ്യപ്പന്‍.
മണികണ്ടന്‍ എന്ന പേര് ബ്രാഹ്‌മണവത്കരിച്ച് മണികണ്ഠന്‍ ആവുകയായിരുന്നു. ഇത്തരത്തിലുള്ള ബ്രാഹ്‌മണ, സവര്‍ണവത്കരണത്തെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ശബരിമല അടക്കമുള്ള 18 മലകളില്‍ മലഅരയര്‍ക്കുള്ള ഭരണഘടനാപരമായ അവകാശം ഉന്നയിച്ചു കൊണ്ട് അവര്‍ മുന്നോട്ടു വന്നിരിക്കുന്നത്.
ആദിവാസികളുടെ ഭൂമിക്കും വിഭവങ്ങള്‍ക്കും ക്ഷേത്ര സ്വത്തിനും വേണ്ടിയുള്ള അവകാശമാണ് അവരിപ്പോഴും ഉന്നയിക്കുന്നത്.
Content Highlight: Mala Araya community on Sabarimala rights
