ദുരുദ്ദേശമൊന്നുമില്ലെന്ന് പറഞ്ഞ കിഡ്‌നാപ്പിങ് സീന്‍ ഒ.ടി.ടിയിലെത്തിയപ്പോള്‍ അപ്രത്യക്ഷം, വിവാദംരംഗങ്ങള്‍ ഒഴിവാക്കി ഭ ഭ ബ അണിയറപ്രവര്‍ത്തകര്‍
Malayalam Cinema
ദുരുദ്ദേശമൊന്നുമില്ലെന്ന് പറഞ്ഞ കിഡ്‌നാപ്പിങ് സീന്‍ ഒ.ടി.ടിയിലെത്തിയപ്പോള്‍ അപ്രത്യക്ഷം, വിവാദംരംഗങ്ങള്‍ ഒഴിവാക്കി ഭ ഭ ബ അണിയറപ്രവര്‍ത്തകര്‍
അമര്‍നാഥ് എം.
Friday, 16th January 2026, 2:49 pm

തിയേറ്ററിലെ ട്രോളുകള്‍ വെറും സാമ്പിള്‍ മാത്രമാണെന്ന് സൂചന നല്‍കിക്കൊണ്ട് ഭ ഭ ബ കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. സീ ഫൈവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. പ്രതീക്ഷിച്ചതുപോലെ ഒ.ടി.ടിയിലെത്തിയ ആദ്യദിനം തന്നെ ട്രോളന്മാര്‍ ഭ ഭ ബയെ എയറിലാക്കുന്നുണ്ട്. എന്നാല്‍ ഒ.ടി.ടിയിലെ ട്രോളിന്റെ ആഘാതം കുറയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നാണ് പുതിയ വിവരം.

തിയേറ്റര്‍ റിലീസ് സമയത്ത് ഒരുപാട് വിവാദമായ രണ്ട് സീനുകള്‍ മാറ്റിക്കൊണ്ടാണ് ഭ ഭ ബ ഒ.ടി.ടിയിലെത്തിയത്. വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കിഡ്‌നാപ്പിങ് രംഗമാണ് ഇതില്‍ ആദ്യത്തേത്. തിയേറ്ററില്‍ റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ ഈ രംഗത്തിനെതിരെ പലരും പ്രതികരിച്ചു. ദിലീപിന്റെ കഥാപാത്രം ഒരു സ്ത്രീയെ കിഡ്‌നാപ്പ് ചെയ്യുന്നതായി കാണിച്ച് തൊട്ടടുത്ത സീനില്‍ ആ കഥാപാത്രത്തിന് എന്ത് സംഭവിച്ചെന്ന് ചോദിക്കുമ്പോള്‍ ‘അണ്ണനവളെ ആവശ്യത്തിന് കറന്നു’ എന്നാണ് ധ്യാന്‍ നല്‍കുന്ന മറുപടി.

എന്നാല്‍ ലക്ഷ്മിക്കുട്ടി ഒരു പശുവാണെന്ന് ധ്യാന്‍ തിരുത്തുന്നുണ്ട്. ഒ.ടി.ടിയില്‍ സ്ത്രീയെ കിഡ്‌നാപ് ചെയ്യുന്ന രംഗം അണിയറപ്രവര്‍ത്തകര്‍ നൈസായി വെട്ടിമാറ്റിയിട്ടുണ്ട്. തിയേറ്ററില്‍ കിട്ടിയ ട്രോളിന്റെ പത്തിരട്ടി ഒ.ടി.ടിയില്‍ കിട്ടുമെന്ന നല്ല ബോധ്യമുള്ളതുകൊണ്ടാകാം ഇങ്ങനെ ചെയ്തിട്ടുണ്ടാവുക എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ സീനില്‍ ദുരുദ്ദേശമൊന്നുമില്ലെന്നും മനപൂര്‍വം വിവാദമാക്കാനുള്ള ശ്രമമാണെന്നും തിരക്കഥാകൃത്തും ദിലീപും ന്യായീകരിച്ചിരുന്നു.

ധ്യാനിന്റെ ഇന്‍ട്രോയായിരുന്നു ചര്‍ച്ചയായ മറ്റൊരു രംഗം. ഈ സീനില്‍ ധ്യാന്‍ പറയുന്ന ഡയലോഗ് പൃഥ്വിരാജിനെതിരായുള്ള വിദ്വേഷം പ്രകടിപ്പിക്കലാണെന്ന് പലരും ആരോപിച്ചു. നടിക്കെതിരായ ആക്രമണത്തിന്റെ സമയത്ത് AMMA സംഘടനയുടെ മീറ്റിങ്ങിന് മുമ്പ് പൃഥ്വി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ അതേപടി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.

എന്നാല്‍ ഒ.ടി.ടിയിലെത്തിയപ്പോള്‍ ഈ രംഗത്തിനും മാറ്റം വന്നിട്ടുണ്ട്. വിമര്‍ശനങ്ങളെ പേടിക്കുന്നവരാണ് അണിയറപ്രവര്‍ത്തകരെന്ന് ഈ നീക്കത്തിലൂടെ മനസിലായെന്ന് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. ഇത്തരം വിമര്‍ശനങ്ങളെ അണിയറപ്രവര്‍ത്തകര്‍ നിസാരമായി തള്ളിക്കളയുന്നില്ലെന്നും കമന്റുകളുണ്ട്. ആദ്യ ഷോട്ടിലും അണിയറപ്രവര്‍ത്തകര്‍ മാറ്റം വരുത്തിയിട്ടുണ്ട്. ‘ദളപതി കോളനി’ എന്ന് കാണിച്ച ബോര്‍ഡ് ‘ദളപതി നഗര്‍ എന്നാണ് മാറ്റിയത്.

എന്നാല്‍ ഈ മാറ്റങ്ങളൊന്നും സിനിമയെ രക്ഷിക്കാന്‍ പോന്നവയല്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിന്റെ അതിഥിവേഷം, ക്ലൈമാക്‌സ് ഫൈറ്റ്, ചളി തമാശകള്‍, കെട്ടുറപ്പില്ലാത്ത തിരക്കഥ എന്നിവയെല്ലാം പലരും എടുത്തുപറയുന്നുണ്ട്. വരുംദിവസങ്ങളില്‍ ഭ ഭ ബ കൂടുതല്‍ ഉയരത്തില്‍ എയറിലാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

Content Highlight: Makers of Bha Bha Ba removed controversial scene from the movie after OTT release

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം