| Monday, 7th July 2025, 9:32 pm

മലയാളത്തില്‍ ഏറ്റവും അവസാനമായി ഫിലിമില്‍ ഷൂട്ട് ചെയ്ത സിനിമ എന്റെ ആ പടമാണ്, ഷൂട്ടിന്റെ സമയത്ത് ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു: മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനായും സംവിധായകനായും പ്രേക്ഷകശ്രദ്ധ നേടിയയാളാണ് മേജര്‍ രവി. നിരവധി ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച അദ്ദേഹം പുനര്‍ജനി എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായി. എട്ടോളം സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. 2006ല്‍ സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന സിനിമ അതുവരെ കണ്ടുശീലിച്ച പട്ടാളസിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമായിരുന്നു പിക്കറ്റ് 43. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരന്റെ ആത്മസംഘര്‍ഷങ്ങളുടെ കഥ പറഞ്ഞ ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മേജര്‍ രവി. മലയാളത്തില്‍ ഏറ്റവും അവസാനമായി പൂര്‍ണമായും ഫിലിമില്‍ ഷൂട്ട് ചെയ്ത ചിത്രമാണ് പിക്കറ്റ് 43യെന്ന് മേജര്‍ രവി പറഞ്ഞു.

ഡിജിറ്റല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമകള്‍ ധാരാളമായി വന്നുകൊണ്ടിരുന്ന സമയമായിരുന്നു അതെന്നും ആ സമയത്താണ് താന്‍ ഫിലിനിമല്‍ സിനിമ ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഷൂട്ടിങ്ങിന്റെ ഒരുഘട്ടമെത്തിയപ്പോള്‍ ഫിലിം കിട്ടാന്‍ വേണ്ടി താന്‍ ഒരുപാട് കഷ്ടപ്പെട്ടെന്നും മേജര്‍ രവി പറഞ്ഞു. ഒറിജിനല്‍സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പിക്കറ്റ് 43യാണ് പൂര്‍ണമായും ഫിലിമില്‍ ഷൂട്ട് ചെയ്ത അവസാനത്തെ മലയാളസിനിമ. ആ സമയത്ത് പലരും കംപ്ലീറ്റായി ഡിജിറ്റല്‍ ക്യാമറയിലേക്ക് മാറിയ സമയമായിരുന്നു. ഈ സിനിമക്ക് അത് വേണ്ട, ഫിലിമില്‍ തന്നെ ഷൂട്ട് ചെയ്യാമെന്ന തീരുമാനവുമായി ഞാന്‍ മുന്നോട്ടുപോയി. കാശ്മീരിലായിരുന്നു 90 ശതമാനം ഷൂട്ടും നടന്നത്.

പക്ഷേ, ഷൂട്ടിങ്ങിന്റെ ഒരു സ്റ്റേജെത്തിയപ്പോള്‍ ഞാന്‍ കുറച്ച് കഷ്ടപ്പെട്ടു. ഫിലിം എവിടെയും കിട്ടാത്ത അവസ്ഥയായി. കുറച്ചധികം ഓടേണ്ടി വന്നു. മുംബൈയിലൊക്കെ അന്വേഷിച്ചിട്ടാണ് ഒടുവില്‍ സാധനം കിട്ടിയത്. ഞാന്‍ ചെയ്ത നല്ല സിനിമകളുടെ പട്ടികയില്‍ പലരും പിക്കറ്റ് 43യുടെ പേര് പറയുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.

ആ സിനിമയെക്കുറിച്ച് പറയുമ്പോള്‍ അതില്‍ പൃഥ്വിയുടെ കൂടെയുണ്ടായിരുന്നു ആ ഡോഗിനെക്കുറിച്ചും പറയേണ്ടതുണ്ട്. ഷൂട്ടിനിടയില്‍ ആ ഡോഗ് മരിച്ചു. ആ സമയത്ത് അവിടെയുണ്ടായ ഒരു അറ്റാക്കില്‍ അതിന് വെടിയേല്‍ക്കുകയായിരുന്നു. പിന്നീട് വേറൊരു ഡോഗിനെ വെച്ചാണ് ഷൂട്ട് കംപ്ലീറ്റാക്കിയത്. എല്ലാവരുടെയും പെറ്റായിരുന്നു അത്,’ മേജര്‍ രവി പറയുന്നു.

Content Highlight: Major Ravi about Picket 43 movie

We use cookies to give you the best possible experience. Learn more