ബ്രസീലിയന്‍ സൂപ്പര്‍താരം കാസെമിറോയെ സ്വന്തമാക്കി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമി. 2027 അവസാനം വരെയാണ് മയാമിക്കൊപ്പം കാസെമിറോ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
2029 വരെ കരാര്‍ നീട്ടാനുള്ള അവസരവും താരത്തിന്റെ മുന്നിലുണ്ട്. മാഞ്ചസ്റ്റര്‍ യുണൈഡിനൊപ്പമുള്ള കരാര്‍ ഈ സീസണില്‍ അവസാനിച്ചതിന് പിന്നാലെയാണ് കാസെമിറോ എം.എല്‍.എസിലേക്ക് ചേക്കേറിയത്.
ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കാന്‍ ഇന്റര്‍ മയാമിക്കൊപ്പം എം.എല്‍.എസ് ക്ലബ്ബായ എല്‍. എ ഗാലക്സിയും സൗദി പ്രൊ ലീഗിലെ ക്ലബ്ബുകളും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലം മറികടന്നാണ് താരം ഇന്റര്‍ മയാമിയിലെത്തിയിരിക്കുന്നത്.
ഈ വമ്പന്‍ ട്രാന്‍സ്ഫര്‍ നടന്നതോടെ മയാമിയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം കാസെമിറോ ഒരുമിച്ച് പന്ത് തട്ടുന്നത് കാണാന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സാധിക്കും. ഇതിന് മുമ്പ് പല തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടിയിട്ടുണ്ടെങ്കിലും ഒരു ടീമില്‍ ഇരുവരും ഒരുമിച്ച് കളിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും.
മെസിയുടെയും കാസെമിറോയുടെയും സുവര്‍ണ കാലഘട്ടത്തില്‍ പല തവണ രാജ്യാന്തരതലത്തിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ എത്തിയ പല മത്സരങ്ങളിലും ഇരുവരും നേർക്കുനേർ എത്തിയിട്ടുണ്ട്.
ലാ ലീഗയില്‍ റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 16 മത്സരങ്ങളിലാണ് ഇരുവരും എല്‍ ക്ലാസിക്കോ പോരാട്ടങ്ങളില്‍ എതിരാളികളായി കളിച്ചത്.
കാസിമിറോ & ലയണൽ മെസി
മെസി ബാഴ്‌സ വിട്ട് ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നിലേക്ക് ചേക്കേറിയിട്ടും ഇരുവരും വീണ്ടും കളിക്കളത്തില്‍ വീണ്ടും ഏറ്റുമുട്ടി. 2021 ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി-റയല്‍ മത്സരത്തിലാണ് ഇരുവരും നേര്‍ക്കുനേര്‍ എത്തിയത്.
ഒരുകാലത്ത് രണ്ട് വ്യത്യസ്ത ടീമുകള്‍ക്കായി കളിച്ച മെസിയും കാസെമിറോയും ഇനി ഒരുമിച്ച് പന്തുതട്ടുന്നത് ഫുട്ബോള്‍ ആരാധകര്‍ക്ക് പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക.
2023ലാണ് മെസി ഇന്റര്‍ മയാമിയുടെ ഭാഗമാവുന്നത്. പാരീസ് സെയ്ന്റ് ജെര്‍മെയ്‌നില്‍ നിന്നുമാണ് അര്‍ജന്റൈന്‍ നായകന്‍ ഇന്റര്‍ മയാമിയിലെത്തിയത്. മെസിയുടെ വരവിന് പിന്നാലെ എം.എല്‍.എസിന് ലോക ഫുട്ബോളില്‍ കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. മെസിക്ക് പിന്നാലെ പല പ്രമുഖ താരങ്ങളും യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് എം.എല്‍.എസിലേക്ക് ചേക്കേറിയിരുന്നു.
Content Highlight: Major League Soccer club Inter Miami signs Brazilian player Casemiro