യു.എസ് H1-B വിസയില്‍ വന്‍ മാറ്റം; ലോട്ടറി സംവിധാനം നിര്‍ത്തലാക്കാനൊരുക്കം
World
യു.എസ് H1-B വിസയില്‍ വന്‍ മാറ്റം; ലോട്ടറി സംവിധാനം നിര്‍ത്തലാക്കാനൊരുക്കം
നിഷാന. വി.വി
Wednesday, 24th December 2025, 11:40 am

വാഷിങ്ടണ്‍: എച്ച്.1 ബി വിസ നടപടികളില്‍ മാറ്റത്തിനൊരുങ്ങി യു.എസ് സ്‌റ്റേറ്റ്‌സ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി.

ലോട്ടറി സമ്പ്രദായത്തിന് പകരം വേതനവും നൈപുണ്യവും അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതായി യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ചൊവ്വാഴ്ച്ച അറിയിച്ചു.

‘ അമേരിക്കന്‍ തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിനും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് അവസരം ഉറപ്പാക്കുന്നതിനുമാണ് ഈ പരിഷ്‌കാരം,’ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി അറിയിച്ചു.

ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്കും വൈദഗ്ധ്യമുള്ളവര്‍ക്കും അനുകൂലമായതാണ് പുതിയ നടപടി.

ഇതോടെ ദശകങ്ങളായി തുടര്‍ന്ന് പോരുന്ന ലോട്ടറി സമ്പ്രദായമാണ് നിര്‍ത്തലാക്കുന്നത്.
പുതിയ നിയമം ഫെബ്രുവരി 12ന് പ്രാബല്യത്തില്‍ വരും. 2026-27 വര്‍ഷത്തെ വിസ രജിസ്‌ട്രേഷന് ഭേദഗതി ബാധകമാകും. ഭേദഗതി നിലവില്‍ വരുന്നതോടെ പ്രതി വര്‍ഷം 65,000 H1-B വിസകള്‍ മാത്രമായിരിക്കും അനുവദിക്കുക.

യു.എസ് ബിരുദധാരികള്‍ക്ക് 20,000 അധിക വിസകള്‍ കൂടി ലഭിക്കും. കൂടാതെ പ്രത്യേക തൊഴിലുകള്‍ക്കായി വിദേശികളെ താത്ക്കാലികമായി നിയമിക്കാനും ഭേദഗതി യു.എസ് കമ്പനികളെ അനുവദിക്കുന്നു.

നിലവില്‍ അപേക്ഷകരുടെ എണ്ണം പരിധിക്കപ്പുറം വരുമ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. എന്നാല്‍ ഈ രീതി കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും ഇതിലൂടെ കുറഞ്ഞ ശമ്പളത്തിന് വിദേശികളെ നിയമിക്കുന്നു എന്നുമാണ് ആരോപണം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എച്ച്.1 ബി വിസ ഉടമകളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ യു.എസ് അനുവദിച്ച എല്ലാ H1-B വിസകളുടെയും 72.3 % ഇന്ത്യക്കാരായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ഭേദഗതി ഇന്ത്യക്കാരെ മോശം രീതിയില്‍ ബാധിക്കാന്‍ കാരണമായേക്കും . പുതിയ നിയമം ജൂനിയര്‍ ലെവല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കാന്‍ പ്രയാസകരമായി തീരും.

സെപ്റ്റംബര്‍ 21 നായിരുന്നു യു.എസ് എച്ച്.1 ബി വിസ പദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നത്. ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തികൊണ്ട് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. അമേരിക്കയിലെ പൗരന്മാരുടെ വേതനം വര്‍ധിപ്പിക്കണമെന്നുണ്ടെങ്കില്‍ വിദേശികളായ ലക്ഷക്കണക്കിന് തൊഴിലാളികളെ കൊണ്ട് രാജ്യം നിറയ്ക്കാനാവില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍ രാജ്യത്ത് ചില പ്രത്യേക കഴിവുളളവരുടെ കുറവുണ്ടെന്നും കഴിവും പരിചയ സമ്പത്തും ഇല്ലാത്ത ആളുകളെ കൊണ്ട് എല്ലാ ജോലികളും ചെയ്യാന്‍ സാധിക്കില്ലെന്നും രാജ്യത്തിന് കൂടുതല്‍ വിദേശ തൊഴിലാളികളെ ആവശ്യമാണെന്ന് സൂചന നല്‍കികൊണ്ട് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭേദഗതി.

ഉന്നത വിദ്യാഭാസവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്ത് നിന്നുള്ള പ്രൊഫഷണലുകളെ രാജ്യത്തെ കമ്പനികളില്‍ നിയമിക്കാന്‍ അനുവദിക്കുന്ന വിസയാണ് H1-B വിസ.

 

Conternt Highlight: Major change in US H1-B visa; Lottery system to be abolished

 

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.