ന്യൂദല്‍ഹി: ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. വോട്ടര്‍ പട്ടികയില്‍ പ്രത്യേക തീവ്ര പരിഷ്‌ക്കരണം വേണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് മഹുവയുടെ ഹരജി.
ബീഹാറിലേതിന് സമാനമായ ഒരു വോട്ടര്‍ പട്ടിക പശ്ചിമ ബംഗാളിലും ഉണ്ടാകാനിടയുണ്ടെന്ന് ആശങ്കപ്പെടുന്നതായി മഹുവ മൊയ്ത്ര പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്ന മുന്നറിയിപ്പാണെന്നും മഹുവ പറഞ്ഞു. ബംഗാള്‍ ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തണമെന്നും മഹുവ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19(1)(a), 21, 325, 326, 1950ലെ ജനപ്രാതിനിധ്യ (RP) നിയമം, 1960ലെ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ (RER) നിയമങ്ങള്‍ എന്നിവയുടെ ലംഘനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവെന്നും മഹുവ ചൂണ്ടിക്കാട്ടി. കമ്മീഷന്റെ ഉത്തരവ് രാജ്യത്തെ ജനാധിപത്യത്തെയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളെയും ദുര്‍ബലപ്പെടുത്തുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് അനുസരിച്ച്, മാതാപിതാക്കളുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിയില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്.
ഓഗസ്റ്റ് രണ്ടുമുതല്‍ വീടുവീടാന്തരം കയറിയുള്ള പരിശോധനയില്‍ വോട്ടര്‍മാര്‍ മേല്‍പ്പറഞ്ഞ രേഖകള്‍ ഹാജരാക്കേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 30ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഒരാള്‍ ഒന്നിലധികം പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
2003ലാണ് ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ അവസാന പ്രത്യേക തീവ്ര പരിഷ്‌കരണം നടന്നത്. ഇതിനുശേഷം ഏകദേശം 37 ശതമാനം വോട്ടമാര്‍ സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കപ്പെട്ടിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഇ.സിയുടെ ഉത്തരവ് വോട്ടവകാശം നിഷേധിക്കപ്പെടുമെന്ന മുന്നറിയിപ്പ് കൂടിയാണെന്ന് മഹുവ ചൂണ്ടിക്കാട്ടിയത്.
അതേസമയം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ നടക്കാനിരിക്കുന്ന പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ അടിസ്ഥാന വര്‍ഷമായി 2024നെ ഉപയോഗിക്കണമെന്ന് ജൂണ്‍ രണ്ടിന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Content Highlight: Mahua Moitra files petition in Supreme Court against Bihar voter list revision