| Saturday, 21st February 2026, 10:37 am

'ബി.ജെ.പിയുടെ വിസ്മയം'; 2021ലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍. രശ്മി ബി.ജെ.പിയിലേക്ക്

ആദര്‍ശ് എം.കെ.

കൊട്ടാരക്കര: മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍. രശ്മി ബി.ജെ.പിയിലേക്ക്. 2021ല്‍ കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ രശ്മി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ രശ്മിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ആര്‍. രശ്മി. Photo: Facebook

സി.പി.ഐ.എമ്മില്‍ നിന്നും ഐഷാ പോറ്റി കോണ്‍ഗ്രസിന്റെ ഭാഗമായതിന് പിന്നാലെയാണ് രശ്മിയുടെ പാര്‍ട്ടി മാറ്റമെന്നാണ് റിപ്പോര്‍ട്ട്.

ഐഷാ പോറ്റിയായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ രണ്ട് പ്രധാന ആവശ്യങ്ങളാണ് രശ്മി കോണ്‍ഗ്രസിന് മുമ്പില്‍ വെച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കുണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി ഇടപെട്ട് തീര്‍ക്കണം, യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ പദവി എന്നിവയാണ് ആവശ്യങ്ങള്‍.

എന്നാല്‍ രണ്ട് ആവശ്യങ്ങളോടും കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷവും സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്ന് രശ്മി പാര്‍ട്ടിയെ അറിയിച്ചിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

മധ്യസ്ഥ ചര്‍ച്ചകള്‍ സജീവമാക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്കിടെയാണ് രശ്മി ബി.ജെ.പി പാളയത്തിലെത്തുന്നത്.

ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിനെതിരെയാണ് മത്സരിച്ചത്. എന്നാല്‍ മികച്ച ഭൂരിപക്ഷത്തില്‍ ബാലഗോപാലിനെ കൊട്ടാരക്കര തെരഞ്ഞെടുത്തു.

അന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗമായിരുന്ന കെ.എന്‍. ബാലഗോപാലിനെയല്ല ഇന്ന് കൊട്ടാരക്കരയില്‍ യു.ഡി.എഫിന് നേരിടാനുള്ളത്. സംസ്ഥാന മന്ത്രിസഭയിലെ പ്രധാനിയും ധനമന്ത്രിയുമായ കെ.എന്‍. ബാലഗോപാലിനെ നേരിടാന്‍ ശക്തയായ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരണമെന്ന കണക്കുകൂട്ടലുകളാണ് കോണ്‍ഗ്രസിനെ ഐഷാ പോറ്റിക്ക് മുമ്പിലെത്തിച്ചത്.

2011ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം ഇടതിന് ഏറെ സ്വാധീനമുള്ള കൊട്ടാരക്കര മണ്ഡലം അയിഷ പോറ്റിയിലൂടെ പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

സി.പി.ഐ.എമ്മില്‍ ടേം വ്യവസ്ഥ കര്‍ശനമാക്കിയതോടെയാണ് 2021ല്‍ ഐഷാ പോറ്റിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടത്. ശേഷം ഏറെ കാലം ആക്ടീവ് പൊളിറ്റിക്സില്‍ നിന്നും അവര്‍ പിന്‍വാങ്ങിയിരുന്നു.

2006ലാണ് ഐഷാ പോറ്റി ആദ്യമായി കൊട്ടാരക്കരയെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. ആര്‍.ബാലകൃഷ്ണപിള്ളയെ 12,968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു വിജയം.

2011ല്‍ 20,592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച ഐഷാ പോറ്റി, 2016ല്‍ 42,632 വോട്ടുകളുടെ കൂറ്റന്‍ ലീഡുമായാണ് വിജയം സ്വന്തമാക്കിയത്. അന്ന് മന്ത്രിയോ സ്പീക്കറോ ആയേക്കുമെന്ന് ചര്‍ച്ചകളുണ്ടായെങ്കിലും അതുണ്ടായില്ല.

Content highlight: Mahila Congress leader R. Rashmi joins BJP.

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more