മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേഷനില്‍ ഭരണം നേടി ബി.ജെ.പി മുന്നണി. മഹാരാഷ്ട്രയിലെ ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ (ബി.എം.സി) വന്‍ ഭൂരിപക്ഷത്തോടെ മഹായുതി സഖ്യം അധികാരം ഉറപ്പിച്ചിരിക്കുകയാണ്.
കോര്‍പ്പറേഷനിലെ 227 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 227ല്‍ 217 ഇടത്തും മഹായുതി വിജയം കണ്ടു. ബി.ജെ.പി 88 സീറ്റ് നേടിയപ്പോള്‍ ശിവസേന 28 സീറ്റുകളില്‍ ലീഡ് നേടി.
നിലവില്‍ പുറത്തുവന്ന ഫലമനുസരിച്ച് ബി.ജെ.പിയും ശിവസേനയും (ഷിന്‍ഡെ വിഭാഗം) ചേര്‍ന്ന് 116 സീറ്റുകളാണ് നേടിയിരിക്കുന്നത്. 114 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനായി ആവശ്യമുള്ളത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന നിലവിൽ 74 സീറ്റ് നേടിയിട്ടുണ്ട്.
കോണ്‍ഗ്രസ് 11 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. രാജ് താക്കറെയുടെ നവനിര്‍മാണ്‍ സഭ എട്ട് സീറ്റിലും വിജയിച്ചു. 28 വര്‍ഷത്തെ താക്കറെ ഭരണം അവസാനിപ്പിച്ചാണ് മുംബൈയില്‍ മഹായുതി ഭരണം നേടുന്നത്. അതേസമയം അന്തിമഫലം ഇപ്പോഴും പുറത്തുവന്നിട്ടില്ല.
മുംബൈയുടെ വികസനത്തിനായി ജനങ്ങള്‍ അധികാരം നല്‍കിയതായി മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നര്‍വേക്കര്‍ പ്രതികരിച്ചു. ഹിന്ദുത്വ തങ്ങളുടെ ആത്മാവാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
2017ലാണ് ബി.എം.സിയില്‍ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. ശിവസേനയിലെ പിളര്‍പ്പിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. 2022ല്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നടക്കുന്നത്.
താക്കറെയ്ക്ക് പുറമെ പവാര്‍ കുടുംബത്തിനും മുംബൈയിലെ ഫലം തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യാ മുന്നണിയുടെ ഭാഗമായ ശരദ് പവാറും മഹായുതിയുടെ ഭാഗമായ അജിത് പവാറും ഒരുമിച്ച് മത്സരിച്ചിട്ടും നേട്ടമുണ്ടാക്കാനായില്ലെന്നത് ഇരു മുന്നണികളിലും ചര്‍ച്ചയാകും.
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടന്ന 29 തദ്ദേശ സ്ഥാപനങ്ങളില്‍ 20 ഇടത്തും മഹായുതിയാണ് ലീഡ് ചെയ്യുന്നത്. എന്‍.സി.പിയുടെ ശക്തികേന്ദ്രമായ പൂനെ അടക്കമുള്ള മേഖലകളില്‍ ബി.ജെ.പിയ്ക്കാണ് ലീഡ്.