മുസ്‌ലിം സമുദായത്തിന് അഞ്ച് ശതമാനം സംവരണം നല്‍കാനുള്ള 2014ലെ ഓഡിനന്‍സ് റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍
India
മുസ്‌ലിം സമുദായത്തിന് അഞ്ച് ശതമാനം സംവരണം നല്‍കാനുള്ള 2014ലെ ഓഡിനന്‍സ് റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍
രാഗേന്ദു. പി.ആര്‍
Wednesday, 18th February 2026, 2:56 pm

മുംബൈ: മുസ്‌ലിം സമുദായത്തിന് വിദ്യാഭ്യാസത്തിലും ജോലിയിലും അഞ്ച് ശതമാനം സംവരണം നല്‍കാനുള്ള ഓഡിനന്‍സ് റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. 2014ലെ ഓഡിനന്‍സാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയത്.

കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം അധികാരത്തിലിരുന്ന സമയത്താണ് ഈ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. മറാത്തകള്‍ക്ക് 16 ശതമാനവും മുസ്‌ലിങ്ങള്‍ക്ക് അഞ്ച് ശതമാനവുമാണ് സംവരണം ഏര്‍പ്പെടുത്തിയിരുന്നത്.

സംസ്ഥാനത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ട മുസ്‌ലിം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലുമാണ് കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാര്‍ സംവരണം നല്‍കിയത്.

എന്നാല്‍ 2014 നവംബര്‍ 14ന് ബോംബൈ ഹൈക്കോടതി ഈ ഓര്‍ഡിനന്‍സ് ഇടക്കാലമായി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് 2014 ഡിസംബര്‍ 23നുള്ളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രസ്തുത ഓഡിനന്‍സ് നിയമമാക്കാത്തതിനാല്‍ അത് സ്വാഭാവികമായി കാലഹരണപ്പെട്ടു.

സുപ്രീം കോടതിയും ഈ ഓഡിനന്‍സ് അസാധുവാക്കിയിരുന്നു. നിലവില്‍ 12 വര്‍ഷത്തിനിപ്പുറം മഹാരാഷ്ട്ര സര്‍ക്കാര്‍ സംവരണം റദ്ദാക്കിക്കൊണ്ട് ഔദ്യോഗികമായി പ്രമേയം അവതരിപ്പിക്കുകയാണ് ചെയ്തത്.

2014 മുതല്‍ പുറപ്പെടുവിച്ച എല്ലാ സര്‍ക്കുലറുകളും റദ്ദാക്കിയതായി പ്രമേയത്തില്‍ പറയുന്നു. മുസ്‌ലിങ്ങള്‍ക്ക് ജാതി, നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമെന്ന് മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റും മുംബൈ നോര്‍ത്ത്-സെന്‍ട്രല്‍ എം.പിയുമായ പ്രൊഫ. വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ അവരുടെ തന്നെ മുസ്‌ലിം നേതാക്കളെ വിലമതിക്കുന്നില്ലെന്നാണ് ഈ നടപടി വ്യക്തമാക്കുന്നതെന്ന് എന്‍.സി.പി ദേശീയ വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. മുസ്‌ലിം നേതാക്കള്‍ക്ക് ബി.ജെ.പിയില്‍ നിന്നും നീതി നേടാന്‍ കഴിയില്ലെന്നും ക്രാസ്റ്റോ പ്രതികരിച്ചു.

ബി.ജെ.പി സര്‍ക്കാരിന്റെ ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യത്തെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. മഹാരാഷ്ട്ര സര്‍ക്കാര്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് മുമ്പില്‍ കാപട്യം നടിക്കുകയാന്നെനും പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു.

Content Highlight: Maharashtra government revokes ordinance providing 5% reservation to Muslim community in education and jobs

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.