തുല്യ ജോലിക്ക് തുല്യ വേതനം; ഒരേ സ്ഥാപനത്തിലെ ജീവനക്കാർക്ക് മാത്രമേ ബാധകമാകുവെന്ന് മദ്രാസ് ഹൈക്കോടതി
India
തുല്യ ജോലിക്ക് തുല്യ വേതനം; ഒരേ സ്ഥാപനത്തിലെ ജീവനക്കാർക്ക് മാത്രമേ ബാധകമാകുവെന്ന് മദ്രാസ് ഹൈക്കോടതി
മുഹമ്മദ് നബീല്‍
Saturday, 7th March 2026, 11:53 am

ചെന്നൈ: തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആശയം ഒരേ സ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് മാത്രമേ ബാധകമാകൂവെന്ന് മദ്രാസ് ഹൈക്കോടതി.

ജസ്റ്റിസുമാരായ എസ്.എം സുബ്രമണ്യം, സി. കുമാരപ്പൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.

തമിഴ്നാട് സർക്കാരിന്റെ സ്ഥാപനമായ അരസു റബ്ബർ കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാരന് തുല്യ വേതനം നൽകണമെന്ന് സർക്കാരിനോട് നിർദേശിച്ച സിംഗിൾ ജഡ്ജി ഉത്തരവ് റദ്ധാക്കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

‘പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ കാര്യത്തിൽ ഒരു താരതമ്യവും പാടില്ല, അവരുടെ തൊഴിൽ ചട്ടങ്ങളെല്ലാം വ്യത്യസ്തമാണ് അതുകൊണ്ട് തുല്യ ജോലിക്ക് തുല്യ വേതനം എന്ന നയം പ്രായോഗികമല്ല,’ കോടതി ചൂണ്ടിക്കാട്ടി.

2010 മുതൽ വിവിധ സമയങ്ങളിൽ പുറപ്പെടുവിച്ച വിവിധ നിർദേശങ്ങൾ സൂചിപ്പിക്കുന്നത് കോർപ്പറേഷൻ ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടേതിന് തുല്യമായ ശമ്പള സ്കെയിലുകൾ നടപ്പിലാക്കുന്നത് പതിവ് രീതിയല്ലെന്നും അതിന് സർക്കാർ അനുമതി തേടണമെന്നുമാണ് എന്നും കോടതി നിരീക്ഷിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായും സർക്കാർ ധന സഹായത്തോടെ പ്രവർത്തിക്കുന്നവയാണ്. അതിനാൽ സ്ഥാപനത്തിന്റെ സാമ്പത്തിക പരിമിതികൾ സർക്കാർ പരിഗണിക്കേണ്ടതാണെന്നും കോടതി പറഞ്ഞു.

തുല്യ ജോലിക്ക് തുല്യ വേതനം എന്ന നയത്തെ കോടതി തീരെ പരിഗണിച്ചില്ലെന്ന് പറയാൻ കഴിയില്ല, ഒരേ സ്ഥാപനത്തിലെ ഒരേ ഉത്തരവാദിത്തമുള്ള ജീവനക്കാർക്ക് മാത്രമേ ഈ നയം സ്വീകരിക്കാനാകൂ, സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരെയും തമ്മിൽ താരതമ്യം ചെയ്യേണ്ടതില്ലെന്നും ബെഞ്ച് പറഞ്ഞു.

Content Highlight: madras high court says equal pay for equal job is only applicable in same firm

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം