വഖഫ് ബോര്‍ഡില്‍ ഹിന്ദു അംഗങ്ങളെ നിയമിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍; വഖഫ് നിയമഭേദഗതിയിലെ വിവാദ വ്യവസ്ഥ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം
India
വഖഫ് ബോര്‍ഡില്‍ ഹിന്ദു അംഗങ്ങളെ നിയമിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍; വഖഫ് നിയമഭേദഗതിയിലെ വിവാദ വ്യവസ്ഥ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം
നിഷാന. വി.വി
Monday, 6th July 2026, 11:09 am

 

ഭോപ്പാല്‍: ചരിത്രത്തിലാധ്യമായി വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദു അംഗങ്ങളെ ഉള്‍പ്പെടുത്തി മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാര്‍. 2025 ലെ വഖഫ് ഭേദഗതി നിയമപ്രകാരമാണ് മോഹന്‍ യാദവ് സര്‍ക്കാരിന്റെ നടപടി.

ഇതോടെ രാജ്യത്ത് ആദ്യമായി വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. സംസ്ഥാന വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര മതസ്ഥരെ അംഗങ്ങളാക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് നടപടി.

സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിജ്ഞാപനവും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
മനോജ് മല്‍പാനി, അനിമേഷ് ഭാര്‍ഗവ് എന്നിവരാണ് ബോര്‍ഡിലെ ഹിന്ദു അംഗങ്ങള്‍.

സന്‍വാര്‍ പട്ടേല്‍ ചെയര്‍മാനായ പുതിയ ബോര്‍ഡില്‍ ദല്‍ഹിയില്‍ നിന്നുള്ള നജ്മ ഹെപ്തുള്ള, ഭോപ്പാലില്‍ നിന്നുള്ള ആതിഫ് അഖീല്‍, ഉജ്ജയിനില്‍ നിന്നുള്ള ഫൈസാന്‍ ഖാന്‍, ഇന്‍ഡോറില്‍ നിന്നുള്ള ഫാത്തിമ ചൗധരി, ഷയ്‌സ്ത സുല്‍ത്താന്‍, ഷബാന ഖാന്‍, മനോജ് മല്‍പാനി, ഗുണയില്‍ നിന്നുള്ള അനിമേഷ് ഭാര്‍ഗവ എന്നിവരാണ് അംഗങ്ങള്‍. പിന്നോക്ക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമ്മീഷണര്‍ ബോര്‍ഡിലെ എക്‌സ് ഒഫീഷ്യോ അംഗമായി പ്രവര്‍ത്തിക്കും.

സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും ഉത്തരവാദിത്തമുള്ള ഒരു നിയമാനുസൃത സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. വഖഫ് സ്വത്തുക്കളുടെ രേഖകള്‍ സൂക്ഷിക്കുക, അവയുടെ ഉപയോഗത്തിനും വരുമാനത്തിനും മേല്‍നോട്ടം വഹിക്കുക, കൈയേറ്റങ്ങളില്‍ നിന്ന് അവയെ സംരക്ഷിക്കുക, മതപരവും വിദ്യാഭ്യാസപരവും സാമൂഹികവുമായ ക്ഷേമ ആവശ്യങ്ങള്‍ക്കായി അവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഇതിന്റെ ഉത്തരവാദിത്തങ്ങള്‍.

Content Highlight: Madhya Pradesh government appoints Hindu members to the Waqf Board; becomes the first state to implement the controversial provision of the Waqf Act amendment.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.