മധുരരാജ- അതേ അച്ചില്‍ തീര്‍ത്ത ഫാന്‍ മൂവി
Malayalam Cinema
മധുരരാജ- അതേ അച്ചില്‍ തീര്‍ത്ത ഫാന്‍ മൂവി
ഹരിമോഹന്‍
Friday, 12th April 2019, 7:07 pm

ഒമ്പതുവര്‍ഷം മുന്‍പുള്ള പ്രേക്ഷകര്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അന്നത്തെ പ്രേക്ഷകാഭിരുചി തന്നെയാണ് ഇന്നും നിലനില്‍ക്കുന്നതെന്നുമുള്ള അബദ്ധധാരണയുടെ പുറത്ത് ഉദയ്കൃഷ്ണയും വൈശാഖും രൂപപ്പെടുത്തിയ ചിത്രമാണ് മധുരരാജ. അതിഭാവുകത്വം കലര്‍ന്ന മാസ് ഫോര്‍മുലകളുപയോഗിച്ച് സൂപ്പര്‍താരത്തിന്റെ പതിവ് അച്ചില്‍ തീര്‍ത്ത ചിത്രത്തിന് ഒരു ഫാന്‍ മൂവിക്ക് അപ്പുറത്തുള്ള വാഗ്ദാനമൊന്നും നല്‍കാനാവില്ല.

മമ്മൂട്ടിയുടെ ബോക്‌സോഫീസ് ഹിറ്റുകളുടെ കൂട്ടത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന വ്യത്യസ്ത പ്ലോട്ടുമായാണ് 2010-ല്‍ പോക്കിരിരാജ പുറത്തിറങ്ങിയത്. അതിന്റെ രണ്ടാം ഭാഗമല്ല മധുരരാജയെന്നും ചില കഥാപാത്രങ്ങള്‍ മാത്രമേ ആവര്‍ത്തിക്കുന്നുള്ളൂവെന്നും സംവിധായകന്‍ വൈശാഖ് അവകാശപ്പെടുന്നുണ്ടെങ്കിലും അതങ്ങനെതെന്നയാണെന്ന് ഉറപ്പിച്ചുപറയാന്‍ വേണ്ടതൊക്കെ ചിത്രത്തിലുണ്ട്. ആവര്‍ത്തിക്കു പ്ലോട്ടും മാസ് ഡയലോഗുകളും തമാശകളും കഥാസന്ദര്‍ഭങ്ങളും പ്രവചിക്കാനാകുന്ന കഥാഗതിയുമുണ്ടാക്കുന്ന വിരസത ചെറുതല്ല.

തീരദേശ കൊച്ചിയിലെ ‘പാമ്പിന്‍ തുരുത്ത്’ എന്ന സാങ്കല്പിക ഗ്രാമത്തിലാണു കഥ നടക്കുന്നത്. വൈപ്പിനിലെ വ്യാജമദ്യദുരന്തം ഓര്‍മിപ്പിച്ചുകൊണ്ടു തുടങ്ങുന്ന ചിത്രത്തില്‍ വ്യാജമദ്യം തന്നെയാണ് ഏറെക്കുറേ വില്ലനായെത്തുന്നത്. പാമ്പിന്‍ തുരുത്തില്‍ വന്‍തോതില്‍ വ്യാജമദ്യമുണ്ടാക്കി പുറത്തു വിതരണം നടത്തുന്ന വി.ആര്‍ നടേശന്‍ എന്ന കഥാപാത്രമായി ജഗപതി ബാബു തുടക്കം മുതല്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഒരു സ്‌കൂളിനു സമീപം ബാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയെക്കുറിച്ചു ഗ്രാമത്തിലേക്കു പഠനം നടത്താനെത്തുന്ന രണ്ടുപേരാണ് രാജയുടെ അച്ഛനായ മാധവന്‍ മാഷും (നെടുമുടി വേണു) അമ്മാവന്‍ കൃഷ്ണനും (വിജയരാഘവന്‍). തുടര്‍ന്ന് നടേശനുമായി അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാണ് അരമണിക്കൂര്‍ ചിത്രത്തില്‍. അതിനൊപ്പം പോക്കിരിരാജയുടെ തുടര്‍ച്ചയായി നോവലിസ്റ്റായ മനോഹരന്‍ മംഗളോദയം (സലിംകുമാര്‍) എന്ന കഥാപാത്രത്തിന്റെ സാന്നിധ്യവുമുണ്ട്. ഈ അരമണിക്കൂര്‍ രാജയെ പുകഴ്ത്താനും വീരഗാഥകള്‍ പാടാനുമായി ആ കഥാപാത്രത്തെ ഉപയോഗിച്ചിട്ടുണ്ട്. അതിനുശേഷമാണ് രാജയുടെ എന്‍ട്രി.

പോക്കിരിരാജയില്‍ ഉണ്ടായിരുന്ന സൂര്യയെന്ന (പൃഥ്വിരാജ്) അനിയന്‍ കഥാപാത്രം മധുരരാജയില്‍ ആവര്‍ത്തിക്കുന്നില്ല. അതിനു പകരമായി ജയ് എന്ന തമിഴ് നടനാണ് രാജയുടെ വലംകൈ. സഹോദരതുല്യനായ ചിന്ന എന്ന കഥാപാത്രത്തെയാണ് ജയ് അവതരിപ്പിക്കുന്നത്. രാജയുടെ വരവിനു മുന്‍പേ തന്നെ വരുന്ന ചിന്നയുടെ സാന്നിധ്യം മനോഹരന്‍ മംഗളോദയത്തിന്റെ പറഞ്ഞുപഴകിയ തമാശകള്‍ക്കിടയില്‍ ആശ്വാസം പകരുന്നുണ്ട്. സൂര്യയില്ലെങ്കില്‍പ്പോലും ആ കഥാപാത്രത്തിന്റെ റഫറന്‍സുകള്‍ പരമാവധി കൊണ്ടുവരാന്‍ വൈശാഖ് ശ്രദ്ധിച്ചിട്ടുണ്ട്. പൃഥ്വിരാജ് എന്ന നടനെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം ലൂസിഫറിനെയും വരെ ഒരുഘട്ടത്തില്‍ പരാമര്‍ശിക്കാന്‍ വൈശാഖ് മടികാണിക്കുന്നില്ല.

കഥയിലേക്കു തിരികെവന്നാല്‍, അച്ഛനും അമ്മാവനും, ഒപ്പം ആദ്യം ഗ്രാമത്തിലെത്തുന്ന ചിന്നയും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജയെത്തുകയാണ്. വ്യാജമദ്യത്തിനെതിരേ ശക്തമായി നിലകൊള്ളുന്ന രാജയെയാണ് പിന്നീട് കാണുന്നത്.

പ്രവചനാത്മകമായ കഥയുടെ വിരസതയില്‍ ആദ്യ പകുതി അവസാനിക്കുമെങ്കിലും രണ്ടാംപകുതി ജീവന്‍ വെയ്ക്കുകയാണ്. ഒരു സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കാഴ്ചകളെ ആദ്യം അരാഷ്ട്രീയതയിലേക്ക് തള്ളിയിട്ടെങ്കിലും ആ പ്രവണതയെ നായകന്റെ വാക്കുകളിലൂടെത്തന്നെ തിരുത്തുന്നതും കാണാനാകും. തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയക്കാഴ്ചകളെ രാജയിലൂടെ പറിച്ചുനടാന്‍ നടത്തിയ ശ്രമം രസകരമായി അവതരിപ്പിക്കാനായിട്ടുണ്ട്. പ്രളയകാലത്ത് മലയാളികള്‍ ഒന്നിച്ചു കൈകോര്‍ത്തതിന്റെ ഓര്‍മകള്‍ പുതുക്കുന്ന ചിത്രത്തില്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ജാതിസമവാക്യങ്ങളെയും ഓര്‍മിപ്പിക്കുന്നുണ്ട്.

രണ്ടാംപകുതിയുടെ ഒടുവില്‍ വ്യാജമദ്യത്തില്‍ നിന്നു മാറി യഥാര്‍ഥ വില്ലന്‍ മറ്റൊരു പ്രശ്‌നമാണെു മനസ്സിലാവുന്നു. സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളായിരുന്നു ഇവ രണ്ടുമെങ്കിലും രാജയെന്ന താരനിര്‍മിതിയില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും തീരുമാനിക്കുകയായിരുന്നു. ക്ലൈമാക്‌സിലേക്ക് നയിക്കുന്ന അപ്രതീക്ഷിത സന്ദര്‍ഭം പ്രേക്ഷകന് ആവേശമുണര്‍ത്തുന്നുമുണ്ട്.

ചിത്രത്തില്‍ സ്ത്രീവിരുദ്ധതയും അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും പരമാവധി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ തന്നെ മാസ്റ്റര്‍പീസില്‍ പറയുന്ന ‘ഐ റെസ്‌പെക്ട് വുമണ്‍’ എന്ന തരത്തിലുള്ള പ്രഹസന ഡയലോഗുകള്‍ രാജയും ആവര്‍ത്തിക്കുന്നുണ്ട്. ഒപ്പം സലിംകുമാറിന്റെ അനവസരത്തില്‍ തമാശ പറയാനുള്ള ശ്രമങ്ങളും രാജയുടെ ഒമ്പതുവര്‍ഷം മുന്‍പുള്ളതിനേക്കാള്‍ ആവര്‍ത്തനവിരസതയുണ്ടാക്കുന്ന ഇംഗ്ലീഷ് തമാശകളും തുടക്കം മുതല്‍ ബോറടിപ്പിക്കുന്നു.

സ്ത്രീകഥാപാത്രങ്ങളെ ആവശ്യത്തിലധികം ഉപയോഗിക്കുകയും അവയ്ക്ക് ആവശ്യത്തിനു പ്രാധാന്യം നല്‍കുകയും ചെയ്തിട്ടുണ്ട്. അനുശ്രീ അവതരിപ്പിച്ച വാസന്തി എന്ന കഥാപാത്രവും മഹിമാ നമ്പ്യാറിന്റെ മീനാക്ഷിയും, അന്നാ രാജന്റെ നഴ്‌സ് കഥാപാത്രവും മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ അജു വര്‍ഗീസ്, രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരെ വരെ അപ്രധാനമായ കഥാപാത്രങ്ങളില്‍ ഉള്‍പ്പെടുത്തി താരബാഹുല്യമുണ്ടാക്കാന്‍ വൈശാഖ് ശ്രമിച്ചത് എന്തിനെന്നു മാത്രം മനസ്സിലായില്ല.

കഥയുടെ ഇടയ്‌ക്കൊക്കെ വന്നുപോകുന്ന മംഗളവനം എന്ന പക്ഷിസങ്കേതത്തിന്റെ നിഗൂഢത നിറഞ്ഞ സൗന്ദര്യം ഒപ്പിയെടുത്ത ക്യാമറാമാന്‍ ഷാജി കുമാര്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ചിത്രത്തിന്റെ രണ്ട് ആകര്‍ഷണങ്ങളായിരുന്നു സണ്ണി ലിയോണും പീറ്റര്‍ ഹെയ്‌നും. എന്നാല്‍ സണ്ണിയുടെ കഥാപാത്രം അവതരിപ്പിക്കുന്ന ഐറ്റം ഡാന്‍സ് ആ ചിത്രത്തില്‍ എന്തോ സുപ്രധാനമായ സന്ദര്‍ഭത്തിലാണു വരുതെന്നു മമ്മൂട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. സണ്ണി ലിയോണിനെ കൊണ്ടുവരാന്‍ മാത്രം നിര്‍ണായകമായ എന്തു കഥാസന്ദര്‍ഭമായിരുന്നു അവിടെയുണ്ടായതെന്നു പലവട്ടം ആലോചിച്ചാലും പിടികിട്ടില്ല. ആത്യന്തികമായി പബ്ലിസിറ്റിക്കുവേണ്ടി നിര്‍മിക്കപ്പെട്ട ഒരു കഥാപാത്രം മാത്രമായിരുന്നു അത്.

ഇനിയുള്ളത് പീറ്റര്‍ ഹെയ്‌നാണ്. പുലിമുരുകന്‍ ടീമിനെത്തന്നെ നിലനിര്‍ത്തുക എന്ന ഉദ്ദേശത്തിലാവും വൈശാഖ് പീറ്റര്‍ ഹെയ്‌നിനെ വീണ്ടും ഉപയോഗിച്ചത്. മമ്മൂട്ടിയുടെ പതിവ് ആക്ഷന്‍ സീക്വന്‍സുകളില്‍ നിന്നൊട്ടും ഏറെ വ്യത്യാസം ഇതില്‍ കാണാനാവില്ല. പക്ഷേ ചിത്രത്തെ ആകര്‍ഷകമാക്കുന്നത് ജഗപതി ബാബു അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രം തന്റെ പ്രതികാരനടപടികള്‍ നടപ്പാക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ്. സ്‌പോയിലര്‍ അലര്‍ട്ട് എന്ന ഗണത്തില്‍പ്പെടുത്താനാവുന്നതിനാല്‍ അതു പറയുന്നില്ല.

പിന്നെ ഗോപീസുന്ദര്‍ ഒരുക്കിയ ഗാനങ്ങളാണ്. പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലെന്നതു യാഥാര്‍ഥ്യമെങ്കിലും ഗാനങ്ങളുടെ കൊറിയോഗ്രാഫിയും അതിലെ ആര്‍ട്ട് വര്‍ക്കും അഭിനന്ദനമര്‍ഹിക്കുതാണ്. എന്നാല്‍ കണ്ണടച്ചിരുന്ന് പശ്ചാത്തലസംഗീതം കേട്ടാല്‍ ഇടയ്‌ക്കെവിടെയൊക്കെയോ പുലിമുരുകന്‍ എന്നു തോന്നിയാല്‍ പ്രേക്ഷകരെ കുറ്റംപറയാനാവില്ല.

പുതിയ കുപ്പിയിലെ പഴയ വീഞ്ഞിനെക്കുറിച്ചാണു പറയുന്നതെങ്കിലും ഫാന്‍ മൂവിക്കു വേണ്ടതെല്ലാം ഒരുക്കാന്‍ വൈശാഖിനു കഴിഞ്ഞിട്ടുണ്ട്. സ്റ്റാര്‍ഡത്തിന് അപ്പുറം കൈയിലുണ്ടായിരുന്ന അതിഗൗരവകരമായ വിഷയങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നിടത്താണ് ഒരു സംവിധായകന്റെ മികവ്. പ്രേക്ഷകന് ഇതൊക്കെ മതിയെന്ന ചിന്തയില്‍ നിന്നു പുറത്തുകടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂ പ്രിയ വൈശാഖ്…

ഹരിമോഹന്‍
കേരള മീഡിയ അക്കാദമിയില്‍ നിന്നും ബിരുദാനന്തര ബിരുദം, 2016 മുതല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായിരുന്നു. നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍