| Thursday, 15th May 2025, 12:50 pm

അന്ന് എനിക്ക് മമ്മൂട്ടി സാറില്‍ ഫോക്കസ് ഉണ്ടായിരുന്നില്ല; ഒരു സീനും സംവിധായകന്‍ പറഞ്ഞു തന്നില്ല: മധുബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1992ല്‍ മണി രത്നത്തിന്റെ സംവിധാനത്തില്‍ എത്തിയ റോജ എന്ന ചിത്രത്തിലെ ടൈറ്റില്‍ വേഷത്തിലെ സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മധുവെന്ന മധുബാല. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ വിവിധ ഭാഷകളില്‍ അഭിനയിച്ച നടി കൂടിയാണ് അവര്‍.

മധുബാല അഭിനയിക്കാന്‍ കരാറില്‍ ഒപ്പുവെച്ച ആദ്യ സിനിമ അജയ് ദേവ്ഗണ്‍ ആദ്യമായി നായകനായ ഫൂല്‍ ഔര്‍ കാന്റെ എന്ന ഹിന്ദി ചിത്രമായിരുന്നു. എന്നാല്‍ മധുബാല അഭിനയിച്ച് റിലീസായ ആദ്യ സിനിമ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അഴകന്‍ ആയിരുന്നു.

1991ല്‍ ഇറങ്ങിയ ഈ തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയത്. അഴകപ്പന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയും സ്വപ്‌നയായി മധുബാലയുമായിരുന്നു അഭിനയിച്ചത്. ഇപ്പോള്‍ ഈ സിനിമയുടെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് മധുബാല.

‘കെ.ബി. സാര്‍ (സംവിധായകന്‍ കെ. ബാലചന്ദര്‍) എന്നെ നന്നായി ട്രെയിനിങ് ചെയ്യിച്ചിട്ടാണ് സിനിമയില്‍ അഭിനയിപ്പിച്ചത്. എങ്ങനെയാണെന്ന് ചോദിച്ചാല്‍ ‘ഇങ്ങോട്ട് നോക്ക്. അവിടേക്ക് നോക്ക്. ഇങ്ങനെ നോക്ക്’ എന്നൊക്കെ പറഞ്ഞിട്ടാണ് ഓരോ സീനും എന്നെ വെച്ച് അദ്ദേഹം എടുത്തത്.

ആ സമയത്ത് എന്റെ ഫോക്കസ് കോ-ആക്ടറിന്റെ മേലെ അല്ലായിരുന്നു. കെ.ബി. സാര്‍ ഓക്കെയാണോ എന്നാണ് ഞാന്‍ ചിന്തിച്ചത്. എനിക്ക് അദ്ദേഹം സിനിമയിലെ ഒരു സീനും എക്‌സ്‌പ്ലെയിന്‍ ചെയ്ത് തന്നിരുന്നില്ല എന്നതാണ് സത്യം.

‘തല കുനിക്ക്, കണ്ണുകൊണ്ട് മേലേക്ക് നോക്ക്. ഇപ്പോള്‍ സംസാരിക്ക്. കണ്ണ് അടക്കാതെ സംസാരിക്കണം’ എന്നൊക്കെ വ്യക്തമായി അദ്ദേഹം പറഞ്ഞു തരുമായിരുന്നു. അപ്പോഴും എന്തിനാണ് ഞാന്‍ അങ്ങനെ സംസാരിക്കുന്നത് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു.

പക്ഷെ സിനിമ കണ്ടപ്പോള്‍ എനിക്ക് അത് മനസിലായി. ഇങ്ങനെ സംസാരിച്ചാല്‍ അതിന്റെ എഫക്ട് എങ്ങനെ ആകുമെന്ന് ഞാന്‍ മനസിലാക്കി. ടെക്‌നിക്കുകള്‍ എനിക്ക് പഠിക്കാന്‍ പറ്റി. എല്ലാ ടെക്‌നിക്കുകളും എനിക്ക് കെ.ബി. സാര്‍ പറഞ്ഞു തന്നു.

എന്റെ ആദ്യ സിനിമയില്‍ തന്നെ എനിക്ക് മമ്മൂട്ടി സാറിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചു. പക്ഷെ എനിക്ക് മമ്മൂട്ടി സാറില്‍ ഫോക്കസ് ഉണ്ടായിരുന്നില്ല. ഞാന്‍ നന്നായി ചെയ്യണമെന്ന് മാത്രമായിരുന്നു എന്റെ ചിന്ത,’ മധുബാല പറയുന്നു.


Content Highlight: Madhubala Talks About K. Balachander And Mammootty

We use cookies to give you the best possible experience. Learn more