അഭിനയ മികവുകൊണ്ട് മാത്രമല്ല, ഒരു സ്ത്രീ എന്ന നിലയിൽ കരുത്തിന്റെ ഏറ്റവും ശക്തമായ പ്രതീകമായിട്ടുമാണ് മഞ്ജു വാര്യർ മലയാളികൾക്കിടയിൽ നിലകൊള്ളുന്നത്. കൈക്കൊള്ളുന്ന തീരുമാനങ്ങളിലും തെരഞ്ഞെടുക്കുന്ന വഴികളിലുംE സമൂഹം സ്ത്രീകളോട് ചുമത്തുന്ന ചട്ടക്കൂടുകളെ ചോദ്യം ചെയ്തുകൊണ്ട് മുന്നേറുകയും ചെയ്യുന്ന കലാകാരിയാണ് മഞ്ജു.
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായ മഞ്ജു വാര്യർ, ഇന്ന് മലയാള സിനിമാ ഇൻഡസ്ട്രിയിൽ തന്റേതായ ഇടം സ്വന്തമാക്കിയ വ്യക്തിയാണ്. മലയാളികൾക്ക് അവരെ ഓർക്കുമ്പോൾ ഉണ്ടാകുന്ന അഭിമാനത്തിന്റെ ഇരട്ടിയോളം അഭിമാനമാണ് സഹോദരനായ മധു വാര്യർക്കുള്ളത്. അതിനുള്ള തെളിവായാണ് മഞ്ജുവിനെക്കുറിച്ച് അദ്ദേഹം അടുത്തിടെ പറഞ്ഞ വാക്കുകളിപ്പോൾ ശ്രദ്ധ നേടുന്നത്.
‘മഞ്ജു എപ്പോഴും എനിക്ക് വലിയ അഭിമാനമാണ്. പലപ്പോഴും ഞാൻ ചിന്തിക്കും, ഇവൾ എന്റെ അനിയത്തി തന്നെയാണോ എന്ന്. എന്നെക്കാളും മെച്ചപ്പെട്ടതും ധൈര്യമുള്ളതുമായ തീരുമാനങ്ങളാണ് അവൾ എപ്പോഴും എടുക്കുന്നത്. കുറച്ച് നാൾ മുമ്പ് ഡ്രൈവിംഗ് പഠിക്കണം എന്ന് പറഞ്ഞു. അതിനുശേഷം ഡ്രൈവിങ്, സ്വിമ്മിംഗ്, ബൈക്ക് റൈഡിംഗ് എന്നിങ്ങനെ പല കാര്യങ്ങളും പഠിച്ചു. എല്ലാം വൺ ബൈ വൺ ആയി ബക്കറ്റ് ലിസ്റ്റ് പോലെ പൂർത്തിയാക്കുകയാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന അവസ്ഥ അവൾക്കുണ്ട്, അത് അവൾ പൂർണമായി ആസ്വദിക്കുന്നു,’ എന്നാണ് മധു വാര്യർ പറഞ്ഞത്.
മഞ്ജു വാര്യർ, Photo: Manju Warrier/ Facebook
ഈ വാക്കുകളിൽ, ഒരു ചേട്ടന് തന്റെ അനിയത്തിയോടുള്ള സ്നേഹത്തിനൊപ്പം അഗാധമായ ബഹുമാനവും ആദരവും നിറഞ്ഞുനിൽക്കുന്നതായി കാണാം. ഉയർച്ചയും താഴ്ച്ചയും ഒരുപാട് അനുഭവിച്ച ജീവിതത്തെ സ്വന്തം ആഗ്രഹങ്ങളാൽ വീണ്ടും സ്വയം രൂപപ്പെടുത്തുകയും സന്തോഷം കണ്ടെത്തുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല. എന്നാൽ മഞ്ജു തന്റെ പരിശ്രമങ്ങളിലൂടെ വിജയം നേടി സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ്.
സിനിമയ്ക്ക് പുറമെ, മറ്റുള്ളവർ എന്ത് പറയും എന്ന ചിന്തയില്ലാതെ സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിതം ആസ്വദിക്കുന്ന വ്യക്തിയാണ് മഞ്ജു. അടുത്തിടെ മഞ്ജു ബൈക്ക് ഓടിച്ച് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ, എത്ര പ്രതിസന്ധികളാണ് അവൾ തരണം ചെയ്ത് ഇവിടെവരെ എത്തിയതെന്ന ചിന്ത പലരുടെയും മനസ്സിലുണ്ടായി. ബൈക്ക് യാത്രകളോടുള്ള അവളുടെ അഭിനിവേശവും അതിന്റെ തെളിവാണ്. ‘കഴിഞ്ഞതിനും, ഇപ്പോൾ നടക്കുന്നതിനും, വരാനിരിക്കുന്നതിനുമെല്ലാം നന്ദി’ എന്ന കുറിപ്പോടെ മഞ്ജു പങ്കുവെച്ച യാത്രാ ചിത്രങ്ങളും വലിയ രീതിയിൽ വൈറലാവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ മഞ്ജു വാര്യർ, തന്റെ ആത്മവിശ്വാസം ഒരിക്കലും കൈവിടാത്ത അഭിനേത്രിയാണ്. അവൾ തെരഞ്ഞെടുത്ത വേഷങ്ങളും അതേ കരുത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. ഹൗ ഓൾഡ് ആർ യു, ഉദാഹരണം സുജാത, അസുരൻ, ലൂസിഫർ, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം വിട്ടുവീഴ്ചയില്ലാതെ സ്വന്തം തീരുമാനങ്ങൾ എടുക്കുന്ന സ്ത്രീയായും, വീഴുമ്പോൾ വീണ്ടും എഴുന്നേറ്റ് മുന്നോട്ട് പോകുന്ന കരുത്തുറ്റ സ്ത്രീ പ്രതീകമായാണ് മഞ്ജുവിനെ പ്രേക്ഷകർ കണ്ടത്.
Content Highlight: Madhu Warrier talk about Actress Manju Warrier
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.