താടി വടിക്കാന്‍ മാത്രം പറഞ്ഞു; പിന്നെയാണ് ഭരത് ചന്ദ്രന്‍ ഐ.പി.എസിന്റെ അസിസ്റ്റന്റാണെന്ന് അറിഞ്ഞത്: മധു വാര്യര്‍
Malayalam Cinema
താടി വടിക്കാന്‍ മാത്രം പറഞ്ഞു; പിന്നെയാണ് ഭരത് ചന്ദ്രന്‍ ഐ.പി.എസിന്റെ അസിസ്റ്റന്റാണെന്ന് അറിഞ്ഞത്: മധു വാര്യര്‍
ഐറിന്‍ മരിയ ആന്റണി
Sunday, 18th January 2026, 10:40 pm

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഒരു സമയത്ത് തിളങ്ങി നിന്ന നടനാണ് മധു വാര്യര്‍. 2004ല്‍ പുറത്തിറങ്ങിയ വാണ്ടഡ് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ നേരറിയാന്‍ സി.ബി.ഐ, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, ഹലോ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

2022ല്‍ ലളിതം സുന്ദരം എന്ന സിനിമയിലൂടെ സംവിധാനത്തിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിരുന്നു സര്‍വ്വം മായയാണ് മധുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ താന്‍ ഭാഗമായ ഭരത് ചന്ദ്രന്‍ ഐ.പി.എസ് സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മധു വാര്യര്‍.

‘ഭരത് ചന്ദ്രന്‍ ഐ.പി.എസ് ചെയ്യുമ്പോള്‍ രഞ്ജിത്ത് സാര്‍ താടി വടിച്ചിട്ട് വരാന്‍ പറഞ്ഞു. എനിക്ക് എന്താണെന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. ഞാന്‍ എന്ത് കഥാപാത്രമാണ് ചെയ്യാന്‍ പോകുന്നതെന്ന് ധാരണയില്ലായിരുന്നു. താടിയൊക്കെ വടിച്ച് മീശയൊക്കെ സെറ്റ് ആക്കി കഴിഞ്ഞപ്പോള്‍ മേക്കപ്പ് മാനോട് രഞ്ജിത്ത് ഏട്ടന്‍ പറഞ്ഞു  കോസ്റ്റ്യൂംഎനിക്ക് തരാന്‍.

കോസ്റ്റ്യൂം കൈയ്യില്‍ കിട്ടുമ്പോഴാണ് അസിസ്റ്റന്റ് കമ്മീഷണറുടെ വേഷമാണ് ഞാന്‍ ചെയ്യുന്നതെന്ന് അറിയുന്നത്. പഴയ കമ്മീഷണര്‍ ഞാന്‍ തിയേറ്ററില്‍ ആര്‍പ്പ് വിളിച്ച് കയ്യടിച്ച് കണ്ട സിനിമയാണ്. ആ ഭരത് ചന്ദ്രന്‍ ഐ.പി.എസിന്റെ അസിസ്റ്റന്റായിട്ട് ഞാന്‍ സ്‌ക്രീനില്‍ വരിക എന്നത് വല്ലാത്ത ഒരു മൊമെന്റായിരുന്നു. പക്ഷേ അതെനിക്ക് മര്യാദക്ക് ചെയ്യാന്‍ പറ്റിയില്ല,’ മധു വാര്യര്‍ പറഞ്ഞു.

സിനിമ തനിക്കൊരു ലേര്‍ണിങ്ങ് എക്‌സ്പീരിയന്‍സായിരുന്നുവെന്നും നീ ഇതുകൊണ്ട് തളരരുതെന്ന് രഞ്ജിത്ത് സാര്‍ ഡബ്ബിങ് സമയത്ത് തന്നോട് പറഞ്ഞിരുന്നുവെന്നും ഒരുപാട് കാര്യങ്ങള്‍ തനിക്ക് പറഞ്ഞ് മനസിലാക്കി തന്നിട്ടുണ്ടെന്നും മധു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

രഞ്ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2005ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമ ചിത്രമാണ് ഭരത്ചന്ദ്രന്‍ ഐ.പി.എസ്. 1994-ല്‍ പുറത്തിറങ്ങിയ കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണിത്. സുരേഷ് ഗോപി നായകവേഷത്തിലെത്തിയ സിനിമയില്‍ സായ് കുമാര്‍, രാജന്‍ പി. ദേവ്, ശ്രേയ റെഡ്ഡി, ലാലു അലക്‌സ് എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു,

Content Highlight: Madhu Warrier   sharing memories of the film Bharat Chandran IPS

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.