മലയാള സിനിമയിൽ നടനായും സംവിധായകനായും നിർമാതാവായും ഒരേപോലെ തിളങ്ങിയ അപൂർവം പ്രതിഭകളിൽ ഒരാളാണ് മധു. തന്റെ സുദീർഘമായ സിനിമാ ജീവിതത്തിൽ നാനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം, 12 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 15 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. 1970-ൽ പുറത്തിറങ്ങിയ ‘പ്രിയ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. തുടർന്ന് ‘തീക്കനൽ’, ‘സിന്ദൂരച്ചെപ്പ് ‘ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ സംവിധാനം അദ്ദേഹം നിർവഹിച്ചു.
സംവിധായകനെന്നതിലുപരി ഒരു നിർമാതാവ് എന്ന നിലയിൽ ‘കൈതപ്പൂ’, ‘ഞാൻ ഏകനാണ്’, ‘ഗൃഹലക്ഷ്മി’ തുടങ്ങിയ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ, സിനിമയുടെ ഈ വ്യത്യസ്ത മേഖലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, സംവിധായകനേക്കാൾ ഒരു പ്രൊഡ്യൂസർ എന്ന റോളാണ് തന്നെ എപ്പോഴും കൂടുതൽ ആകർഷിച്ചതെന്ന് മധു പറയുന്നു. മൂവി വേൾഡ് മിഡിൽ ഈസ്റ്റ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ നാട്ടിൽ സംവിധാനം എന്നാൽ ക്യാമറയിൽ ഷോട്ട് എടുക്കുക എന്നത് മാത്രമായി ചുരുങ്ങിപ്പോയിട്ടുണ്ട്. സംവിധായകൻ ഒരു ക്യാമറമാനെപ്പോലെയോ എഡിറ്ററെപ്പോലെയോ വെറുതെ ഷോട്ട് എടുക്കുന്ന ഒരാളായി മാറി. അവർ എഡിറ്റിങ്ങിൽ പോലും ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നില്ല. ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമല്ല, അതിനുള്ള കഴിവും അറിവും പലർക്കും ഇല്ലതാനും.
ഒരു പ്രൊഡ്യൂസർ എന്ന് പറയുമ്പോൾ നമ്മൾ മനസിലാക്കിയിട്ടുള്ളത് കാശും കൊണ്ട് വരുന്നയാൾ എന്നാണ്. ഒരുപക്ഷേ യാഥാർത്ഥ്യം അങ്ങനെ തന്നെയായിരിക്കാം. അയാൾക്ക് ഈ സിനിമയുടെ കഥയിലോ, മേക്കിങ്ങിലോ, ഗുണനിലവാരത്തിലോ ഒന്നും യാതൊരു ബന്ധവുമില്ലാതെ മാറിനിൽക്കുന്ന ഒരു മനുഷ്യൻ. ഞാൻ എല്ലാ പ്രൊഡ്യൂസർമാരെക്കുറിച്ചുമല്ല പറയുന്നത്. എന്നാൽ, എന്റെ മനസിലെ ശരിയായൊരു പ്രൊഡ്യൂസർ എന്നത് സ്ക്രിപ്റ്റ് മുതൽ സീൻ വരെയും, അത് കഴിഞ്ഞും ഒരു സിനിമയെ മുഴുവനായി കൊണ്ടുനടക്കുന്ന ആളാണ്. അല്ലാതെ വെറുതെ കാശ് കൊണ്ടുവരുന്ന ആളിനെ നമുക്ക് ‘ഫിനാൻഷ്യർ ‘ എന്ന് വിളിക്കാം, അല്ലെങ്കിൽ ‘പ്രൊപ്രൈറ്റർ’ എന്ന് പറയാം. അവരെ ഒരിക്കലും ഒരു ‘പ്രൊഡ്യൂസർ’ എന്ന് വിളിക്കാൻ പറ്റില്ല. അവിടെ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത് ആർട്ടിസ്റ്റുകളും മറ്റു ടെക്നീഷ്യൻസും ചേർന്നിട്ടാണ്.
എന്റെ മനസിൽ പ്രൊഡ്യൂസർ എന്ന് പറയുന്നയാൾ ഇതിനൊക്കെ മുകളിലുള്ള ആളാണ്. ഒരു സംവിധായകൻ, ക്യാമറമാൻ, എഡിറ്റർ, മ്യൂസിക് ഡയറക്ടർ ഇവർക്കൊക്കെ ഉപരിയായി സിനിമയുടെ മുഴുവൻ കാര്യങ്ങളും നോക്കിനടത്തുന്ന ഒരാളാവണം പ്രൊഡ്യൂസർ. അങ്ങനെ ഒരാളാകാനായിരുന്നു എന്റെയും ആഗ്രഹം.
ഞാൻ ചുമ്മാ കാശൊക്കെ മുടക്കിയിട്ട് മാറിനിന്ന് കണ്ടുകൊണ്ടിരിക്കുന്ന ആളല്ല, മറിച്ച്, ആ സിനിമയുടെ ഓരോ ഫ്രെയിമിലും ഞാൻ ഉണ്ട് എന്നതാണ് സത്യം. അതുകൊണ്ടാണ് ഞാൻ എന്റെ ഡയറക്ടർ റോളിൽ നിന്നും മാറി പ്രൊഡക്ഷനിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. കാരണം, ഒരു പ്രൊഡ്യൂസറാണ് യഥാർത്ഥത്തിൽ സിനിമ ഉണ്ടാക്കുന്നത്’, മധു പറഞ്ഞു.