| Friday, 13th December 2024, 9:47 pm

'മാനസ മൈനേ വറൂ..മധുരം നുള്ളി തറൂ' ഇതൊക്കെ ഞാന്‍ പാടിയാല്‍ ആളുകള്‍ കൂവില്ലേയെന്ന് ചോദിച്ചു, സംഭവിച്ചത് മറ്റൊന്ന്: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ അതുല്യ കലാകാരന്മാരില്‍ ഒരാളാണ് മധു. മലയാളത്തിലെ ഏറ്റവും സീനിയറായ നടന്‍ കൂടിയാണ് അദ്ദേഹം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍തന്നെ സിനിമയോടൊപ്പം സഞ്ചരിച്ച് മലയാള സിനിമയുടെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു.

ഇന്ത്യന്‍ സിനിമയിലെ തന്നെ ക്ലാസ്സിക് ചിത്രങ്ങളില്‍ ഒന്നാണ് ചെമ്മീന്‍. ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തിയത് മധുവായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പലരുടെയും ഫേവറിസ്റ്റ് ലിസ്റ്റിലുണ്ട്. ‘മാനസ മൈനേ വരൂ.. മധുരം നുള്ളി തരൂ’ എന്ന് തുടങ്ങുന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് മധു.

പാട്ട് പാടിയ മന്നാ ഡേയുടെ ഉച്ചാരണം വ്യത്യസ്ഥമായിരുന്നെന്നും അതുകൊണ്ട് താന്‍ പാടിയാല്‍ ആളുകള്‍ തിയേറ്ററില്‍ ഇരുന്ന് കൂവുമെന്ന് സംവിധായകനോട് പറഞ്ഞിട്ടുണ്ടായിരുന്നെന്നും മധു പറയുന്നു. മറ്റ് പലരെക്കൊണ്ടും പാടിച്ച് നോക്കിയിട്ടും മന്നാ ഡേ പാടിയ ഫീല്‍ വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാട്ട് കേട്ട പ്രേക്ഷകര്‍ ഉച്ചാരണമൊന്നും നോക്കിയില്ലെന്നും ഫീല്‍ മാത്രമേ അനുഭവിച്ചൊള്ളുവെന്നും മധു പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാനസ മൈനേ വറൂ… മധുരം നുള്ളി തറൂ, ഇത് ഞാന്‍ പാടിയാല്‍ ആളുകള്‍ തിയേറ്ററില്‍ ഇരുന്ന് കൂവുലെ. ഇക്കാര്യം ഞാന്‍ കാര്യാട്ട് ചേട്ടനെ വിളിച്ച് പറയുകയും ചെയ്തു. പലരെയും കൊണ്ട് ഞാന്‍ പഠിച്ച് നോക്കി. പക്ഷെ പാട്ടിന്റെ ആ ഒരു ഫീല്‍ വരുന്നില്ല.

മന്നാ ഡേ പാടിയ ആ ഒരു ഫീല്‍ ആര്‍ക്കും വരുന്നില്ല. ആര് പാടിയിട്ടും അത് കിട്ടുന്നതും ഇല്ല. ആ സിനിമയിറങ്ങി കണ്ടവര്‍ ആരും ആ പാട്ടിന്റെ ‘റായും രുവും’ ഒന്നും നോക്കിയില്ല. പാട്ടന്റെ ഫീലെ കേട്ടിട്ടൊള്ളു. പാട്ടിന്റെ സുഖം എന്ന പറയുന്നത് ആ പാട്ടില്‍ അടങ്ങിയിരിക്കുന്ന വികാരത്തിലൂടെ അനുഭവിക്കുമ്പോള്‍ മാത്രമാണ്,’ മധു പറയുന്നു.

ചെമ്മീന്‍

തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ചെമ്മീന്‍. എസ്.എല്‍. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മധു, സത്യന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ഷീല, എസ്.പി. പിള്ള, അടൂര്‍ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അണിനിരന്നത്.
1965ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ്ണ കമലം ഈ സിനിമക്ക് ലഭിച്ചിട്ടുണ്ട്.

Content Highlight: Madhu Talks About ‘Maanasa  Maine Varu’ Song in Chemmeen Movie

We use cookies to give you the best possible experience. Learn more