ആ രണ്ട് കഥാപാത്രങ്ങളും ഹൃദയത്തോടല്ല, തലച്ചോറിനോടാണ് ചേർന്നുനിൽക്കുന്നത്: മധു
നാനൂറിലധികം ചിത്രങ്ങളിലൂടെ അവിസ്മരണീയമായ വേഷങ്ങൾ സമ്മാനിച്ച മലയാള സിനിമയുടെ കാരണവർ മധു, തന്റെ നീണ്ട സിനിമാ കരിയറിലെ ഓർമകൾ പങ്കുവെക്കുകയാണ്. ‘ചെമ്മീനി’ലെ പരീക്കുട്ടിയാണോ ‘ഭാർഗ്ഗവീനിലയത്തി’ലെ എഴുത്തുകാരനാണോ മനസിനോട് ഏറ്റവും ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് മധു. മൂവി വേൾഡ് മീഡിയ മിഡിൽ ഈസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധു.photo.screen grab/youtube
‘ഞാൻ ചെയ്ത ആ രണ്ട് കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തമായവയാണ്. അവ ഹൃദയത്തോടല്ല, കൂടുതലും തലച്ചോറിനോടാണ് ചേർന്നുനിൽക്കുന്നത്. ‘ചെമ്മീന്റെ’ കാര്യം പറയുകയാണെങ്കിൽ, ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തേ ആ നോവൽ പലവട്ടം വായിച്ച് ഇഷ്ടപ്പെട്ടിട്ടുള്ളതാണ്. ആ പ്രായത്തിൽ പരീക്കുട്ടി എന്ന കഥാപാത്രത്തോട് തോന്നിയ ഇഷ്ടം വളർന്നു വലുതായപ്പോൾ പോലും മനസിൽ നിന്ന് പോയിട്ടുണ്ടായിരുന്നില്ല. അപ്പോൾ പരീക്കുട്ടിയായി അഭിനയിക്കാൻ പോകുന്നതിന് മുമ്പ് തന്നെ ആ വേഷം എന്റെ മനസിലുണ്ടായിരുന്നു.
എന്നാൽ ‘ഭാർഗ്ഗവീനിലയത്തിലേക്ക്’ വന്നപ്പോൾ അത് പുതിയൊരു തലത്തിലുള്ള കഥാപാത്രമായിരുന്നു. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തെക്കുറിച്ച് കൃത്യമായി പഠിച്ചതിന് ശേഷമാണ് ഞാൻ അത് ചെയ്തത്. ചുരുക്കത്തിൽ ആ രണ്ട് കഥാപാത്രങ്ങളെയും ഞാൻ അവതരിപ്പിച്ചത് രണ്ട് വഴികളിലൂടെയാണ്. പരീക്കുട്ടി, അഭിനയിക്കാൻ പോകുന്നതിന് മുമ്പ് തന്നെ മനസ്സിലിട്ട് പഠിച്ചുറപ്പിച്ച കഥാപാത്രം. എഴുത്തുകാരൻ, സെറ്റിൽ ചെന്നതിനു ശേഷം പുതുതായി പഠിച്ചെടുത്ത് ചെയ്യേണ്ടി വന്ന കഥാപാത്രം. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഈ രണ്ട് അനുഭവങ്ങളും വളരെ സുഖമുള്ള കാര്യങ്ങളാണ്. അതുകൊണ്ട് ഈ രണ്ട് കഥാപാത്രങ്ങൾ ചെയ്യുമ്പോഴും ഞാൻ ഓരോ ഷോട്ടും അത്രമാത്രം ആസ്വദിച്ചാണ് ചെയ്തത്.
മലയാളത്തിലെ ആദ്യത്തെ റൊമാന്റിക് ഹൊറർ ചിത്രമായ ‘ഭാർഗ്ഗവീനിലയ’ത്തിലെ എഴുത്തുകാരനായും, ദേശീയ പുരസ്കാരം നേടിയ ‘ചെമ്മീനി’ലെ പരീക്കുട്ടിയായും അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകമനസുകളിൽ മായാതെ കിടക്കുന്നു.

മധു.ഭാർഗ്ഗവീ നിലയം.ചെമ്മീൻ.photo.vramonline.The AIDM
Content Highlight: Madhu talks about his character from chemmeen and Bhargavi nilayam movies