| Tuesday, 24th June 2025, 10:00 am

ലൂസിഫറിലെ ആ റോളിലേക്ക് എന്നെ വിളിച്ചിരുന്നു, ചില കാരണങ്ങള്‍ കൊണ്ട് പോയില്ല: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മധു. മലയാളത്തിലെ ഏറ്റവും സീനിയറായ നടന്‍ കൂടിയാണ് അദ്ദേഹം. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു.

പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും മികച്ച വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ ലൂസിഫറില്‍ ഒരു റോള്‍ ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മധു പറയുന്നു. താന്‍ ഒരിക്കല്‍ വീണിരുന്നുവെന്നും ആ സമയത്ത് തന്റെ മുഖത്തിന്റെ ഒരു സൈഡില്‍ കറുത്ത നിറം വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. ലൂസിഫറില്‍ ഫാസില്‍ ചെയ്തിരുന്ന റോളിലേക്കായിരുന്നു തന്നെ വിളിച്ചതെന്നും എന്നാല്‍ താന്‍ ചെയ്യുന്നില്ലെന്ന് പിന്നീട് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ കുറെയായി ഒരേ പോലെയുള്ള കഥാപാത്രങ്ങളാണ് ചെയ്തുകൊണ്ടിരുന്നതെന്നും അതില്‍ തനിക്ക് വിഷമമുണ്ടായിരുന്നുവെന്നും മധു പറയുന്നു. അഭിനയം താന്‍ വെറുമൊരു പൈസ കിട്ടുന്ന കാര്യമായിട്ടല്ല കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രേഖാ മേനോന്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മധു.

‘അഭിനയം വയ്യാ എന്ന് പറയാന്‍ കാരണം ഞാന്‍ ഒരിക്കല്‍ ഒന്ന് വീണിരുന്നു. എന്നിട്ട് മുഖത്തിന്റെ ഒരു സൈഡിങ്ങനെ കറുത്ത് വന്നിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത പടമില്ലേ, ലൂസിഫര്‍.ലൂസിഫറില്‍ ഒരു റോള്‍ അഭിനയിക്കാന്‍ പറയുകയും, പൃഥ്വിരാജ് ഇവിടെ വന്ന് ഞങ്ങള്‍ സംസാരിക്കുകയും ഒക്കെ ചെയ്തതാണ്. ഫാസില്‍ ചെയ്ത റോളായിരുന്നു. എല്ലാം പറഞ്ഞ് അവര് പോയി. പിന്നെ എന്തോ എനിക്ക് തോന്നി ഇത് ചെയ്യേണ്ടെന്ന്. ഞാന്‍ അവരെ വിളിച്ച് പറഞ്ഞു. ഇങ്ങനെ ഒരു സംഭവം ഉണ്ട് എനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന്.

അപ്പോള്‍ അവര് പറഞ്ഞു. സാരമില്ല അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ അത് മാറുമെന്ന്. ഇല്ല ഇനി വേണ്ട ഞാന്‍ വര്‍ക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞു. വര്‍ക്ക് ചെയ്യില്ലെന്ന് പറയാന്‍ മറ്റൊരു കാരണം, ഞാന്‍ അവസാനം ചെയ്തത് മുഴുവന്‍ സിമിലറായിട്ടുള്ള കഥാപാത്രങ്ങളായിരുന്നു. ഞാന്‍ അഭിനയത്തിനെ ഒരുമാതിരി ചുമ്മാ കാശ് കിട്ടുന്ന ഒരു പരിപാടി എന്ന് കരുതുന്നയാളല്ല. ഒരേ പോലയുള്ള വേഷങ്ങള്‍ ചെയ്യേണ്ടി വന്നപ്പോള്‍ എനിക്ക് അത് ഒരു വിഷമമായി വന്നു. അവരെന്നെ ഒരുപാട് നിര്‍ബന്ധിച്ചു. ഞാന്‍ ഇതില്‍ അഭിനയിക്കുന്നില്ല എന്നല്ല. ഞാന്‍ അഭിനയം നിര്‍ത്തിയെന്ന് പറഞ്ഞു,’ മധു പറയുന്നു.

Content Highlight: Madhu  says that  he was asked to play a role in Lucifer

We use cookies to give you the best possible experience. Learn more