ഒരു വര്‍ഷത്തിനിപ്പുറവും നീതി കിട്ടാതെ മധു
ജിതിന്‍ ടി പി

2018 ഫെബ്രുവരി 22. പ്രബുദ്ധരെന്ന് അവകാശപ്പെട്ടിരുന്ന മലയാളി സമൂഹത്തിന്റെ മുഖത്തിനേറ്റ പ്രഹരമായിരുന്നു ഈ ദിവസം.

അട്ടപ്പാടിയിലെ മുക്കാലിക്കടുത്തെ ചിണ്ടക്കി ഊരിലെ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ച് തല്ലിക്കൊന്നത് കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ്.

നവോത്ഥാനത്തിന്റേയും സാക്ഷരതയുടെയും അഹങ്കാരം പേറുന്ന കേരളത്തിന്റെ പൊതുസമൂഹം ആദിവാസി ജനതയോടുള്ള പെരുമാറ്റത്തില്‍ നൂറ്റാണ്ടുകളില്‍ പിറകിലാണെന്നായിരുന്നു ഈ സംഭവം വെളിവാക്കിയത്.

34 വയസിന് താഴെയുള്ള 16 യുവാക്കളാണ് മധുവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

കൊലപാതകം കഴിഞ്ഞ് ഒരു വര്‍ഷത്തിനിപ്പുറവും ഈ കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നീക്കം സര്‍ക്കാര്‍ മരവിപ്പിച്ചതും ജഡ്ജി നിയമനം വൈകുന്നതും കേസിന് തിരിച്ചടിയായിട്ടുണ്ട.

കൊലപാതകം നടന്ന് തൊണ്ണൂറാം ദിവസം 11,640 പേജുളള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ അഗളി ഡി.വൈ.എസ്.പി മണ്ണാര്‍ക്കാട് എസ്സിഎസ്ടി സ്‌പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ചു.

മധുവിന്റെ ദൃശ്യങ്ങള് പകര്‍ത്തിയ പ്രതികളുടെ എട്ടുമൊബൈല്‍ഫോണുകളും , മുക്കാലി ജംഗ്ഷനിലെ മൂന്നു സിസിടിവി ക്യാമറകളും പ്രതികള്‍ സഞ്ചരിച്ച അഞ്ച് വാഹനങ്ങളും 165 പേരുടെ മൊഴിയും ഉള്‍പ്പെടുന്നതാണ് കുറ്റപത്രം.

പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇതുവരെ പൂര്‍ത്തിയായില്ല. കോടതിയിലെ ജഡ്ജി സ്ഥലം മാറിപ്പോയതിനാല്‍ ഇതുവരെ പകരം നിയമനം നടന്നിട്ടുമില്ല.

സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആദിവാസി സംഘടനകളും മധുവിന്റെ കുടുംബവും ആവശ്യപ്പെട്ടതായിരുന്നു. നിയമമന്ത്രി എ.െക.ബാലന്‍ ഉറപ്പ് നല്‍കി മന്ത്രിസഭ തീരുമാനെടുത്തെങ്കിലും പിന്നീട് ഇത് മരവിപ്പിച്ചിക്കുകയായിരുന്നു.

മധു ഒരു പ്രതീകമാണ്. അപരവത്കരിക്കപ്പെടുന്ന ആദിവാസി ജീവിതങ്ങള്‍ക്ക് വര്‍ഗതാല്‍പ്പര്യങ്ങളോ രാഷ്ട്രീയ ആധിപത്യമുള്ള സാമുദായിക സംഘടനാ ബലമോ ഇല്ല.

വംശീയവും ജാതീയവുമായ അടിത്തറയില്‍ രൂപംകൊണ്ടതും നിലനിന്നിരുന്നതുമായ അധികാര ബന്ധങ്ങളെയാണു സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ ഉപയോഗിച്ചത്.

ജാതീയവും വംശീയവുമായ ഈ ആക്രമണത്തിനു പിന്നില്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വന്നേക്കാവുന്ന നീതിക്കായുള്ള ശബ്ദങ്ങളെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുക തുടങ്ങിയ അജണ്ടകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ സമൂഹത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

പ്രബലസമുദായം ആയിരുന്നതുകൊണ്ടും സംഘടിത രാഷ്ട്രീയ പാര്‍ട്ടികളൂടെ പിന്തുണ ഉണ്ടായിരുന്നതുകൊണ്ടും ഇവരെ നേരിടുവാനുള്ള രാഷ്ട്രീയമോ സാമൂഹികമോ ആയ അധികാരമോ വിഭവാധികാരമോ ആദിവാസികള്‍ക്കില്ലായിരുന്നു

ഒറ്റപ്പെട്ടതായ ചില സംഘടിത മുന്നേറ്റങ്ങളെ അധികാരവര്‍ഗം എന്നും അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. മധുവിന്റെ കൊലപാതകക്കേസില്‍ കാണിക്കുന്ന നിഷ്‌ക്രിയത്വവും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.