| Thursday, 26th June 2025, 3:17 pm

അത്തരം സിനിമകള്‍ വന്നാല്‍ മാത്രമേ അഭിനയിക്കുള്ളൂ, വല്ലവന്റെയും തന്തയായിട്ടുള്ള റോള്‍ ചെയ്യില്ല: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ കാലങ്ങളായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് മധു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ സിനിമയിലുണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറാന്‍ അദ്ദേഹത്തിന് എന്നും സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷയിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് മധു. ഒരു സമയത്ത് താന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം ഒരേ രീതിയിലുള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു. അടുപ്പിച്ച് ഒരുപാട് സിനിമകളില്‍ ആവര്‍ത്തനവിരസതയുള്ള വേഷങ്ങള്‍ ചെയ്തപ്പോള്‍ മടുപ്പായെന്നും അതോടെ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് തീരുമാനിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ഫാസില്‍ ചെയ്ത വേഷത്തിലേക്ക് തന്നെയായിരുന്നു ആദ്യം വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ സമയത്ത് നടന്ന ചില കാര്യങ്ങള്‍ ദുശ്ശകുനമായി തോന്നിയതിനാല്‍ ആ കഥാപാത്രം വേണ്ടെന്ന് വെച്ചെന്നും ഇപ്പോഴും പലരും തന്നോട് കഥ പറയാന്‍ വരാറുണ്ടെന്നും താരം പറയുന്നു. രേഖ മേനോനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സമയത്ത് ഞാന്‍ ചെയ്ത പടങ്ങളിലെല്ലാം ഒരുപോലത്തെ കഥാപാത്രങ്ങളായിരുന്നു. ഒരു സ്റ്റേജ് എത്തിയപ്പോള്‍ എനിക്ക് മടുപ്പ് തോന്നി. പുതിയതായി ഒന്നും ചെയ്യാനില്ലല്ലോ എന്ന് ചിന്തിച്ചു. അങ്ങനെ സിനിമ ചെയ്യണ്ട എന്ന് തീരുമാനിച്ച് മാറിനിന്നു. അപ്പോഴും എന്നോട് കഥ പറയാന്‍ ആളുകള്‍ വരുമായിരുന്നു. അതെല്ലാം കേട്ടപ്പോള്‍ പണ്ട് ചെയ്ത സാധനങ്ങള്‍ തന്നെയായിരുന്നു.

അതിനിടയില്‍ പൃഥ്വിരാജ് എന്റെയടുത്ത് വന്നിരുന്നു. അയാള്‍ ആദ്യമായി സംവിധാനം ചെയ്ത പടത്തില്‍ എനിക്ക് ഒരു വേഷമുണ്ടായിരുന്നു. എന്റെ പ്രായത്തിന് ചേര്‍ന്ന ഒരു വേഷം തന്നെയായിരുന്നു. പക്ഷേ, അയാള്‍ കഥ പറയാന്‍ വരുന്നതിന് മുമ്പ് ചില ദുശ്ശകുനങ്ങള്‍ നേരിട്ടു. ഞാന്‍ അതിലൊക്കെ വിശ്വസിക്കുന്നയാളാണ്. ആ കാരണം കൊണ്ട് ഞാന്‍ ആ സിനിമ വേണ്ടെന്ന് വെച്ചു.

ഇപ്പോഴും മിക്ക ദിവസങ്ങളിലും ഓരോരുത്തര്‍ വന്ന് കഥ പറഞ്ഞിട്ട് പോകും. അതെല്ലാം ഒഴിവാക്കിവിടും. ഇപ്പോഴത്തെ എന്റെ പ്രായത്തിനും ആരോഗ്യസ്ഥിതിക്കും ചേരുന്ന തരത്തില്‍ ഒരു കഥ കൊണ്ടുവന്നാല്‍ തീര്‍ച്ചയായിട്ടും അഭിനയിക്കും. അല്ലാതെ വല്ലവന്റെയും തന്തയായിട്ടുള്ള വേഷമാണെങ്കില്‍ ചെയ്യില്ലെന്ന് ഉറപ്പാണ്,’ മധു പറയുന്നു.

Content Highlight: Madhu explains why he took break from cinema

We use cookies to give you the best possible experience. Learn more