മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകരില്‍ ഒരാളാണ് മധു അമ്പാട്ട്. വൈശാലി, അഞ്ജലി, അമരം, ആദാമിന്റെ മകന്‍ അബു, ചാണക്യ, തുടങ്ങി മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മൂന്ന് സിനിമകള്‍ക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.
പത്മരാജന്‍, ഭരതന്‍ അടക്കമുള്ള പ്രമുഖ സംവിധായകരുടെ കൂടെ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഒരു 12 വര്‍ഷം കാലം മലയാള സിനിമയില്‍ നിന്ന് വലിയ ഇടവേളയെടുത്തിരിയുന്നു. പിന്നീട് നിരവധി സിനിമകളില്‍ ഭാഗമായ മധു അമ്പാട്ടിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം മിണ്ടിയും പറഞ്ഞും ആണ്. ഇപ്പോഴിതാ മീഡിയ വണ്ണുമായുള്ള അഭിമുഖത്തില്‍ മലയാളത്തില്‍ ഇപ്പോഴും മികച്ച സിനിമകളുണ്ടാകാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
‘ ഉള്ളൊഴുക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു. അത് നല്ല സിനിമയായിരുന്നു. അതുപോലെ നാഷണല്‍ അവാര്‍ഡ് നേടിയ ആട്ടം എന്ന സിനിമയും മികച്ച ചിത്രമായിരുന്നു. അതും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്നാല്‍ അടുത്തിടെ വന്ന മറ്റ് പുതിയ സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. പുതിയ ഒരുപാട് സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്.
പുതിയ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ തിങ്കിങ് പ്രോസസ് വ്യത്യാസം വരും. കുറച്ച് കൂടി ഫ്രഷായിരിക്കും. സിനിമയില്‍ വര്‍ക്ക് ചെയ്യുക എന്നത് എനിക്ക് വളരെ റിലാക്സിങ്ങായ കാര്യമാണ്, എന്റെ ഗേള്‍ഫ്രണ്ടിനെ പോലെയാണ് അത്. സിനിമ ഒരിക്കലും എനിക്ക് സ്ട്രെയിനായിട്ട് തോന്നിയിട്ടേ ഇല്ല,’ മധു അമ്പാട്ട് പറയുന്നു.
ഗോസ്റ്റ് സിനിമയില്‍ താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടെന്നും മധു അമ്പാട്ട് പറയുന്നു. ഒരു ഹൊറര്‍ സിനിമക്ക് താന്‍ തിരക്കഥ എഴുതിയിട്ടുണ്ടെന്നും ഭാര്‍ഗവിനിലയം പോലെ ഒരു ചിത്രമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറച്ച് മുമ്പ് ഒരു അഭിമുഖത്തില്‍ വൈശാലി റീസ്റ്റോര്‍ ചെയ്യേണ്ട സിനിമയാണെന്ന് മധു അമ്പാട്ട് പറഞ്ഞിരുന്നു. അമരം റീസ്റ്റോര്‍ ചെയ്തതുപോലെ വൈശാലിയും റീസ്റ്റോര്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും പക്ഷേ നിര്‍മാതാവായ രാമചന്ദ്രന്റെ മിസിസ് അതിന് സമ്മതിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായത്തിന്റെ അസ്വസ്ഥതകളും ശാരീരിക ബുദ്ധിമുട്ടുകളും അവഗണിച്ച് കൊണ്ട് മധു അമ്പാട്ട് ഇന്നും സിനിമയില്‍ സജീവമാണ്. ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തിയ മിണ്ടിയും പറഞ്ഞും ആണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Content Highlight: Madhu Ambat says there are still good films in Malayalam