മലയാള സിനിമയിലെ ഏറ്റവും സീനിയറായിട്ടുള്ള നടനാണ് മധു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ സിനിമയിലുണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറാന്‍ അദ്ദേഹത്തിന് എന്നും സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷയിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.
കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് സ്ത്രീ ആരാധകര്‍ തനിക്ക് കത്തുകളയക്കാറുണ്ടായിരുന്നെന്ന് പറയുകയാണ് മധു. പലരുടെയും കത്തുകളില്‍ പ്രണയത്തിന്റെ ധ്വനി ഉണ്ടായിരുന്നെന്നും അതിനെയെല്ലാം താന്‍ അധികം പ്രാധാന്യം നല്‍കാതെ ഡീല്‍ ചെയ്യുമായിരുന്നന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെത്തിയ സമയത്ത് തനിക്ക് അര ഷഷ്ടിപൂര്‍ത്തി കഴിഞ്ഞിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
പല കത്തുകളിലും തന്റെ ഫോട്ടോ ചോദിച്ചിരുന്നെന്നും ചിലതിനെല്ലാം മറുപടി അയച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. അന്ന് കത്തയച്ചവരില്‍ ചിലരെയൊക്കെ ഇപ്പോള്‍ കാണാറുണ്ടെന്നും അവരുടെയെല്ലാം കൊച്ചുമക്കളുടെ കൂടെ തന്റെയടുത്ത് വന്ന് സംസാരിക്കുമെന്നും മധു പറഞ്ഞു. രേഖ മേനോനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പണ്ടത്തെ സൗന്ദര്യം ഇപ്പോഴുമുണ്ടെന്ന് ചിലരൊക്കെ എന്നോട് പറയാറുണ്ട്. അത് പരിപാലിക്കാന്‍ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. അങ്ങനെയങ്ങ് പോകുന്നു എന്ന് പറയാം. സിനിമയില്‍ വന്ന സമയത്ത് ഒരുപാട് സ്ത്രീ ആരാധകര്‍ ഉണ്ടായിരുന്നു. അവരെല്ലാം കത്തിലൂടെയാണ് കോണ്ടാക്ട് ചെയ്തിരുന്നത്. ഒരുപാട് കത്തുകള്‍ അന്നത്തെ കാലത്ത് വന്നിട്ടുണ്ട്.
പല കത്തുകളിലും പ്രണയത്തിന്റെ ധ്വനി ഉണ്ടായിരുന്നെന്ന് പറയാം. അതിനൊന്നും പ്രാധാന്യം കൊടുക്കാതെ വേണ്ട രീതിയില്‍ ഡീല്‍ ചെയ്ത് വിടും. എനിക്ക് ആ സമയത്ത് ടീനേജ് പ്രായമല്ലായിരുന്നല്ലോ. അര ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ സമയത്താണ് സിനിമയിലെത്തിയത്. പല കത്തുകളിലും ആളുകള്‍ ഫോട്ടോ ചോദിച്ചിട്ടുണ്ട്. ചിലതിനെല്ലാം മറുപടി കൊടുക്കാറുണ്ട്.
അന്ന് കത്തയച്ചവരില്‍ ചിലരെല്ലാം ഇന്നും വന്നുകൊണ്ടിരിക്കുന്നുണ്ട്. തിരുവനന്തപുരം ടൗണില്‍ കറങ്ങാന്‍ പോകുമ്പോള്‍ അവരില്‍ ചിലരെയൊക്കെ കാണാറുണ്ട്. കൊച്ചുമക്കളുടെ കൂടെയൊക്കെ വന്ന് സംസാരിക്കാറുണ്ട്. അതെല്ലാം നല്ല അനുഭവമാണ്. അവരയെല്ലാം ഇപ്പോഴും കാണാന്‍ പറ്റുമെന്നൊന്നും വിചാരിച്ചിട്ടുണ്ടായിരുന്നില്ല,’ മധു പറയുന്നു.
Content Highlight: Madhu about the admiration letters he got from lady fans