| Friday, 31st January 2025, 9:02 pm

വലിയ നടൻ അദ്ദേഹമായിരിക്കില്ല, പക്ഷെ മലയാള സിനിമ കണ്ട ഏറ്റവും വലിയ മനുഷ്യൻ അദ്ദേഹമാണ്: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന നടനാണ് മധു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ സിനിമയിലുണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറാൻ അദ്ദേഹത്തിന് എന്നും സാധിച്ചിട്ടുണ്ട്. മലയാളത്തിന്റെ നിത്യ ഹരിത നായകനായ പ്രേം നസീറിനെ കുറിച്ച് സംസാരിക്കുകയാണ് മധു. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ചില സിനിമകളിൽ തുല്യ പ്രാധ്യാനത്തോടെയും ചിലതിൽ സഹ താരങ്ങളായും അഭിനയിച്ചിട്ടുണ്ടെങ്കിലും തങ്ങൾ തമ്മിൽ ഒരു പരാതിയുമില്ലായിരുന്നുവെന്ന് മധു പറയുന്നു. ഫാൻസ്‌ അസോസിയേഷനൊന്നും തങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ലെന്നും മലയാള സിനിമയുടെ നെടുംതൂണായിരുന്നു പ്രേം നസീറെന്നും മധു പറഞ്ഞു. മലയാള സിനിമയിലെ വലിയ മനുഷ്യരിൽ ഒരാളാണ് അദ്ദേഹമെന്നും സമ്പാദിച്ച പണത്തിന്റെ ഭൂരിഭാഗവും പാവങ്ങൾക്ക് വേണ്ടിയാണ് നസീർ മാറ്റിവെച്ചതെന്നും മധു കൂട്ടിച്ചേർത്തു.

‘ഇരുന്നൂറിൽപരം ചിത്രങ്ങളിൽ ഞങ്ങളൊന്നിച്ചഭിനയിച്ചു. ഏറെ ചിത്രങ്ങളിലും നായകൻ നസീറായിരുന്നു. ചില സിനിമകളിൽ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ കിട്ടി, മറ്റു ചിലപ്പോൾ സഹതാരങ്ങളായി. ഒന്നോ രണ്ടോ സീനുകളിൽ വന്നുപോകുന്ന കഥാപാത്രങ്ങളായാലും, ആർക്കും പരാതിയില്ലായിരുന്നു.

സൂപ്പർസ്റ്റാറും മെഗാസ്റ്റാറും ഫാൻസ് അസോസിയേഷനും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ മലയാള സിനിമാ വ്യവസായത്തിന്റെ നെടുംതൂണുകളിലൊന്നായിരുന്നു നസീർ. സിനിമയെ ആർട്ട് എന്നും കമേഴ്സ്യൽ എന്നും തരംതിരിക്കുകയും, ആർട്ട് സിനിമകൾ മഹത്തരമാണെന്ന് പറയുകയും ചെയ്യുന്നവർ ഇനിയും പ്രേംനസീറിന്റെ സംഭാവനകൾ എന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മലയാളസിനിമ കണ്ട ഏറ്റവും വലിയ നടനാര് എന്ന് ചോദിച്ചാൽ അത് പ്രേംനസീർ ആയിക്കൊള്ളണമെന്നില്ല. പക്ഷേ, മലയാളസിനിമ കണ്ട ഏറ്റവും വലിയ മനുഷ്യനേതെന്ന് ചോദിച്ചാൽ അത് പ്രേംനസീർ എന്ന് പറയാതെ വയ്യ. സിനിമാഭിനയം കൊണ്ട് സമ്പാദിച്ച വലിയൊരു തുക പാവപ്പെട്ട കലാകാരന്മാർക്കും പട്ടിണിപ്പാവങ്ങൾക്കും വേണ്ടി വിനിയോഗിക്കുകയായിരുന്നു നസീർ.

യഥാർത്ഥത്തിൽ അദ്ദേഹത്തിലെ നന്മയുടെ നൂറിലൊരംശം മാത്രമേ നമ്മൾ അറിഞ്ഞുള്ളൂ. താൻ ചെയ്‌തുകൊടുക്കുന്ന സഹായങ്ങൾ മറ്റൊരാൾ അറിയരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.

വിശന്ന് വീട്ടിൽ വരുന്നവന് ഭക്ഷണം നൽകുന്നത് തന്റെ കടമയാണെന്ന് വിശ്വസിച്ചായിരുന്നു ജീവിതാവസാനം വരെയും പ്രേംനസീറിൻ്റെ പ്രവർത്തനങ്ങൾ. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കഷ്ടപ്പാടുകളെ നേരിടേണ്ടിവന്നതുകൊണ്ടാവാം മറ്റുള്ളവരുടെ പ്രയാസങ്ങൾ വേഗം തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നത്,’മധു പറയുന്നു.

Content Highlight: Madhu About Prem Nazir And His Charity

We use cookies to give you the best possible experience. Learn more