| Thursday, 15th May 2025, 8:53 am

റോജ എങ്ങനെയാണ് ചൂസ് ചെയ്തതെന്ന് പലരും ചോദിച്ചിട്ടുണ്ട്; അവരോട് ഒരു മറുപടിയേ ഉള്ളൂ: മധുബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മധുബാല എന്ന മധു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ മികച്ച സിനിമകളില്‍ അഭിനയിച്ച നടി കൂടിയാണ് മധുബാല. അജയ് ദേവ്ഗണ്‍ ആദ്യമായി നായകനായ ഫൂല്‍ ഔര്‍ കാന്റെ ആയിരുന്നു അഭിനയിക്കാന്‍ മധുബാല കരാറില്‍ ഒപ്പുവെച്ച ആദ്യ സിനിമ.

എന്നാല്‍ മധുബാല അഭിനയിച്ച് റിലീസായ ആദ്യ ചിത്രം അഴകന്‍ ആയിരുന്നു. 1991ല്‍ മമ്മൂട്ടി, ഭാനുപ്രിയ, ഗീത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മുകേഷ് നായകനായ ഒറ്റയാള്‍ പട്ടാളം (1991) ആയിരുന്നു മധുവിന്റെ ആദ്യ മലയാള ചിത്രം.

പിന്നീട് നീലഗിരി, എന്നോടിഷ്ടം കൂടാമോ, യോദ്ധ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചു. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രമാണ് മധുബാല അഭിനയിച്ച അവസാന മലയാള സിനിമ. മണി രത്‌നത്തിന്റെ റോജ (1992) എന്ന ചിത്രത്തിലെ ടൈറ്റില്‍ വേഷമായിരുന്നു മധുവിനെ വളരെയധികം ജനപ്രിയമാക്കിയത്.

തനിക്ക് ഇതുവരെ ഒരു സിനിമയുടെ വിജയവും ഫീല് ചെയ്തിട്ടില്ലെന്ന് പറയുകയാണ് മധുബാല. ഒരുപാടാളുകള്‍ തന്നോട് റോജ എങ്ങനെയാണ് തെരഞ്ഞെടുത്തതെന്ന് ചോദിച്ചിട്ടുണ്ടെന്നും നടി പറയുന്നു. എന്നാല്‍ ജോലി ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ റിസള്‍ട്ടിനെ പറ്റി ചിന്തിച്ചിട്ടില്ലെന്നും മധുബാല കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഇതുവരെ ഒരു സിനിമയുടെ സക്‌സസും ഫീല് ചെയ്തിട്ടില്ല. എനിക്ക് പണ്ടൊക്കെ ഒരുപാട് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. അവരുടെ കൂടെയൊക്കെ ഞാന്‍ പാര്‍ട്ടിക്കും മറ്റും പോകുമായിരുന്നു. പകല്‍ അഭിനയിക്കുകയും വൈകുന്നേരം ഫ്രണ്ട്‌സിന്റെ കൂടെ പാര്‍ട്ടിക്ക് പോകുന്നതുമായിരുന്നു എനിക്ക് ഇഷ്ടം.

അതല്ലാതെ ഞാന്‍ മറ്റൊന്നും ചിന്തിച്ചിരുന്നില്ല. ഒരുപാട് ആളുകള്‍ എന്നോട് റോജ എങ്ങനെയാണ് ചൂസ് ചെയ്തതെന്ന് ചോദിച്ചിട്ടുണ്ട്. ഞാന്‍ അപ്പോള്‍ പറയാറുള്ളത് ‘ഞാനാണോ അത് ചൂസ് ചെയ്തത്. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പോലും അറിയില്ല’ എന്നാണ്.

ഡബ്ബിങ് സമയത്ത് കണ്ടതല്ലാതെ മിക്ക സിനിമകളും ഞാന്‍ സ്‌ക്രീനില്‍ കണ്ടിട്ട് പോലുമില്ല. അത്തരത്തില്‍ കാണാത്ത ഒരുപാട് സിനിമകളുണ്ട്.

എന്നോട് ഈ അടുത്ത് പോലും അന്നയ്യ എന്ന സിനിമയെ പറ്റി ആളുകള്‍ സംസാരിച്ചിട്ടുണ്ട്. 1993ല്‍ ഇറങ്ങിയ സിനിമയാണ് അത്. പക്ഷെ ഞാന്‍ ആ സിനിമ ഇതുവരെ കണ്ടിട്ടില്ല. അത് കന്നഡ ആയത് കൊണ്ട് ഞാന്‍ ഡബ്ബിങ് ചെയ്തിരുന്നില്ല.

അതുകൊണ്ട് ഒരിക്കല്‍ പോലും കാണാന്‍ സാധിച്ചിട്ടില്ല. എല്ലാവരും അത് ഹിറ്റ് സിനിമയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ ക്രിട്ടിട്ടിസം വന്നാല്‍ പോലും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. ജോലി ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്. അല്ലാതെ അതിന്റെ റിസള്‍ട്ടിനെ പറ്റി ചിന്തിച്ചിട്ടില്ല,’ മധുബാല പറയുന്നു.


Content Highlight: Madhoo Talks About Her Movie Selections And Roja Movie

Latest Stories

We use cookies to give you the best possible experience. Learn more