| Tuesday, 15th April 2025, 6:46 pm

ഇഷ്ടപ്പെട്ട സീന്‍ ഏതെന്ന് ചോദിച്ചാല്‍ 'മീര ജാസ്മിന്റേത്' എന്നായിരുന്നു അയാളുടെ മറുപടി: മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മാധവന്‍. അദ്ദേഹത്തിന്റേതായി ഏറ്റവും പുതുതായി ഇറങ്ങിയ സിനിമയാണ് ടെസ്റ്റ്. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ഈ സിനിമയില്‍ മീര ജാസ്മിനും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

മാധവനും മീര ജാസ്മിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. 2002ല്‍ റണ്‍ എന്ന സിനിമയിലും 2004ല്‍ മണിരത്‌നം സംവിധാനം ചെയ്ത് ഇറങ്ങിയ ആയുധ എഴുത്ത് എന്ന സിനിമയിലുമാണ് ഇരുവരും ഒരുമിച്ചത്.

അതിനുശേഷം ഒരുമിക്കുന്ന സിനിമയാണ് ടെസ്റ്റ്. ഇപ്പോള്‍ മീര ജാസ്മിനെ കുറിച്ചും ടെസ്റ്റ് സിനിമയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തതിനെ കുറിച്ചും പറയുകയാണ് മാധവന്‍. ഫില്‍മിബീറ്റ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മീര ജാസ്മിന്റെ കൂടെ ടെസ്റ്റ് സിനിമയില്‍ ഒരുമിച്ച് ഒരു സീന്‍ ചെയ്യാനുണ്ടായിരുന്നു. ഒരുപാട് വര്‍ഷത്തിന് ശേഷമായിരുന്നു ഒരു സിനിമയിലൂടെ ഞങ്ങള്‍ ഒരുമിക്കുന്നത്. അതില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി.

നാഷണല്‍ അവാര്‍ഡ് വാങ്ങിയിട്ടുള്ള നടിയാണ് മീര ജാസ്മിന്‍. എന്റെ കൂടെ റണ്‍, ആയുധ എഴുത്ത് എന്നീ സിനിമകളില്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്. എപ്പോഴും എനിക്ക് അവളുടെ അഭിനയത്തിന്റെ മേലെ വിശ്വാസമുണ്ട്.

കാരണം അവളുടെ അഭിനയത്തിന്റെ ഇന്റന്‍സിറ്റിയെ കുറിച്ചോര്‍ത്ത് നമ്മള്‍ ടെന്‍ഷടിക്കേണ്ട കാര്യമില്ല. റണ്‍ എന്ന സിനിമയില്‍ വളരെ ജോളിയായിട്ടാണ് അഭിനയിച്ചത്. പക്ഷെ ആയുധ എഴുത്ത് സിനിമയില്‍ വളരെ മികച്ച രീതിയിലാണ് മീര ചെയ്തത്.

ടെസ്റ്റ് സിനിമയുടെ സമയത്ത് ഞാന്‍ ശശികാന്തിനോട് (സംവിധായകന്‍) ഇടയ്ക്കിടെ നിനക്ക് ഇഷ്ടപ്പെട്ട സീന്‍ ഏതാണെന്ന് ചോദിച്ചിരുന്നു. അപ്പോഴൊക്കെ അവന് ഇഷ്ടപ്പെട്ട സീന്‍ മീര ജാസ്മിന്റേത് ആണെന്നാണ് പറഞ്ഞിട്ടുള്ളത്.

അതില്‍ കുറ്റം പറയാന്‍ ആവില്ല. കാരണം നമ്മള്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ ഇന്റന്‍സിറ്റി കൊടുത്താണ് മീര അഭിനയിക്കുക. നമുക്ക് വര്‍ക്ക് ചെയ്യാന്‍ ഒരുപാട് ഇഷ്ടം തോന്നുന്ന ഒരാളാണ് അവള്‍,’ മാധവന്‍ പറയുന്നു.


Content Highlight: Madhavan Talks About Meera Jasmine And Test Movie

We use cookies to give you the best possible experience. Learn more