ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രമാണ് ധുരന്ധര്‍. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ കുതിപ്പാണ് നടത്തുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ പ്രൊപ്പഗണ്ട ഒളിച്ചുകടത്തുന്നുണ്ട്. കേന്ദ്രം മുമ്പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിവുകെട്ടവരാണെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ അവര്‍ക്ക് പകരം മറ്റൊരു സര്‍ക്കാര്‍ വരുമെന്നും മാധവന്‍ അവതരിപ്പിച്ച കഥാപാത്രം ചിത്രത്തില്‍ പറയുന്നുണ്ട്.
കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലുമായ സാമ്യമുള്ള കഥാപാത്രമാണ് മാധവന്റേത്. ചിത്രം ഹിറ്റായതോടെ മാധവന്റെ ഡയലോഗും ശ്രദ്ധിക്കപ്പെട്ടു. ബി.ജെ.പി സര്‍ക്കാരിനെ സുഖിപ്പിച്ചുകൊണ്ടുള്ള ഡയലോഗ് ഇപ്പോള്‍ മീം മെറ്റീരിയലായി മാറിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കുറ്റങ്ങള്‍ എടുത്തുപറയാന്‍ ഇപ്പോള്‍ ഈ മീം ഉപകാരപ്പെട്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
‘ഒരുദിവസം നാട്ടിലെ എ.ക്യു.ഐ സാധാരണനിലയിലെത്തിക്കുന്ന ഒരു ഗവണ്മെന്റ് തീര്‍ച്ചയായും വരും’, ‘ഒരുദിവസം രൂപയുടെ മൂല്യം ഉയരാന്‍ വേണ്ടി ശ്രമിക്കുന്ന ഗവണ്മെന്റ് എന്തായാലും വരും’ തുടങ്ങിയ ക്യാപ്ഷനോടുകൂടിയുള്ള മാധവന്റെ മീമുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അവരുടെ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടാതിരിക്കുന്നതിനെയും ഈ മീം ഉപയോഗിച്ച് വിമര്‍ശിക്കുന്നുണ്ട്.
ബി.ജെ.പിയെ പൊക്കിപ്പറയാന്‍ വേണ്ടി കൊണ്ടുവന്ന ഡയലോഗ് ഉള്‍ട്ടയടിച്ച് അവര്‍ക്ക് തന്നെ തിരിച്ചടിയായെന്നാണ് പലരുടെയും കമന്റ്. അവാര്‍ഡിന് വേണ്ടി ആദിത്യ ധര്‍ നടത്തിയ ഈ നീക്കം ട്രോള്‍ മെറ്റീരിയലാകുമെന്ന് അതിന്റെ സംവിധായകന്‍ പോലും വിചാരിച്ച് കാണില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഒരൊറ്റ ഡയലോഗിലൂടെ മാധവന്‍ ട്രോള്‍ മെറ്റീരിയലായി മാറിയതാണ് സിനിമാലോകത്തെ പ്രധാന ചര്‍ച്ച.
എ.ക്യൂ.ഐ(വായുനിലവാര സൂചിക)യെക്കുറിച്ചുള്ള പോസ്റ്റിന്റെ കമന്റ് ബോക്‌സും രസകരമാണ്. ‘ഐ.ക്യൂ ഇല്ലാത്ത ബി.ജെ.പിക്ക് എന്ത് എ.ക്യൂ.ഐ’, ‘സ്വന്തമായി എ.ക്യൂ.ഐ മെഷറിങ് സംവിധാനമുള്ള ഭാരതത്തിന് മറ്റുള്ളവരുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല,’ ‘രേഖ ഗുപ്തക്ക് എ.ക്യൂ.ഐ ഒന്നും പ്രശ്‌നമേയല്ല’ എന്നിങ്ങനെയാണ് പോസ്റ്റിനുള്ള കമന്റുകള്‍.
1999ലെ കാണ്ഡഹാര്‍ ഹൈജാക്ക് മുതല്‍ മുംബൈ ഭീകരാക്രമം വരെയുള്ള കാര്യങ്ങളാണ് ധുരന്ധര്‍ പറയുന്നത്. പാകിസ്ഥാന്റെ നീക്കങ്ങളറിയാന്‍ അവിടെ ചാരനായി പോകുന്ന കഥാപാത്രത്തെയാണ് രണ്‍വീര്‍ അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങിയത്. 2026 മാര്‍ച്ച് 19ന് ധുരന്ധര്‍ രണ്ടാം ഭാഗം പുറത്തിറങ്ങും.