ലോകേഷ് കനകരാജിലൂടെ തമിഴ് സിനിമയില്‍ രൂപം കൊണ്ട സിനിമാറ്റിക് യൂണിവേഴ്സാണ് എല്‍.സി.യു. കൈതി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ വിക്രം എന്ന സിനിമയിലേക്കെത്തിച്ചത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. വിജയ് നായകനായ ലിയോയും ഈ യൂണിവേഴ്സില്‍ ഉള്‍പ്പെടുത്തിയതോടെ തമിഴ് സിനിമ കണ്ട ഏറ്റവും വലിയ യൂണിവേഴ്സായി എല്‍.സി.യു മാറി.
എല്‍.സി.യുവിന്റെ തുടര്‍ഭാഗങ്ങള്‍ക്കായി സിനിമാപ്രേമികള്‍ അക്ഷമരായി കാത്തിരിക്കുകയാണ്. ഈ യൂണിവേഴ്‌സില്‍ ലോകേഷ് അടുത്തതായി സംവിധാനം ചെയ്യുന്നത് കൈതി 2വാണെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. രജിനികാന്ത് ചിത്രമായ കൂലിയുടെ തിരക്കുകള്‍ക്ക് ശേഷം ദില്ലിയുടെ രണ്ടാം വരവിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഈ യൂണിവേഴ്‌സില്‍ മറ്റൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രാഘവ ലോറന്‍സ് നായകനാകുന്ന ബെന്‍സ് എന്ന ചിത്രം എല്‍.സി.യുവുമായി കണക്ഷനുള്ളതാണ്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വലിയ ചര്‍ച്ചയായിരുന്നു. ലോകേഷ് കനകരാജിന്റെ ഉടമസ്ഥതയിലുള്ള ജി സ്‌ക്വാഡ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണനാണ്.
ചിത്രത്തിന്റെ പൂജ ഇന്ന് ചെന്നൈയില്‍ വെച്ച് നടന്നു. രാഘവ ലോറന്‍സിന് പുറമെ തമിഴിലെ മികച്ച നടന്മാരിലൊരാളായ മാധവനും ബെന്‍സില്‍ ശക്തമായ കഥാപാത്രമായി എത്തുന്നുണ്ട്. ഒരുകാലത്ത് തമിഴിലെ ചോക്ലേറ്റ് ഹീറോയായി നിറഞ്ഞുനിന്ന മാധവന്‍ ഇന്ന് തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് അത്ഭുതപ്പെടുത്തുകയാണ്.
ഇവര്‍ക്ക് പുറമെ മലയാളി താരം നിവിന്‍ പോളിയും ബെന്‍സില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദ് ഫാസില്‍, നരേന്‍, മാത്യു തോമസ്, കാളിദാസ് ജയറാം എന്നിവര്‍ക്ക് ശേഷം എല്‍.സി.യുവിന്റെ ഭാഗമാകുന്ന മലയാളി താരമാണ് നിവിന്‍ പോളി. നായകതുല്യമായതോ അല്ലെങ്കില്‍ പ്രതിനായക വേഷത്തിലോ ആകും നിവിന്‍ ബെന്‍സില്‍ പ്രത്യക്ഷപ്പെടുക.
തമിഴില്‍ നിലവിലെ സെന്‍സേഷണല്‍ സംഗീത സംവിധായകനായ സായ് അഭ്യങ്കറാണ് ബെന്‍സിനായി സംഗീതം ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സിനിമാറ്റിക് യൂണിവേഴ്‌സായി മാറിയിരിക്കുകയാണ് എല്‍.സി.യു. കൈതി 2വിന് ശേഷം വരുന്ന വിക്രം 2, റോളക്‌സ് എന്നീ ചിത്രങ്ങള്‍ തമിഴ് സിനിമയുടെ റേഞ്ച് മാറ്റുമെന്ന് നിസ്സംശയം പറയാം.
Content Highlight: Madhavan is also part of Lokesh Cinematic Universe through Benz movie