താമസം ദുബായില്‍, ആറ് മാസത്തിലൊരിക്കല്‍ വന്ന് മോദിയെ പൊക്കിപ്പറയും, സിനിമ ചെയ്തിട്ട് പോകും, മാധവന്റേത് വല്ലാത്ത രാജ്യസ്‌നേഹമെന്ന് സോഷ്യല്‍ മീഡിയ
Indian Cinema
താമസം ദുബായില്‍, ആറ് മാസത്തിലൊരിക്കല്‍ വന്ന് മോദിയെ പൊക്കിപ്പറയും, സിനിമ ചെയ്തിട്ട് പോകും, മാധവന്റേത് വല്ലാത്ത രാജ്യസ്‌നേഹമെന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Saturday, 31st January 2026, 6:23 pm

തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍. തിയേറ്ററില്‍ 1400 കോടിയിലേറെ നേടിയ ചിത്രത്തിന് ഒ.ടി.ടിയിലും മികച്ച വരവേല്പാണ് ലഭിക്കുന്നത്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ ഒരുക്കിയ സ്‌പൈ ത്രില്ലര്‍ രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് അവസാനിച്ചത്.

ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തില്‍ ഒളിച്ചുകടത്തപ്പെടുന്ന ചില പ്രൊപ്പഗണ്ടകളും ചര്‍ച്ചയാകുന്നുണ്ട്. ബി.ജെ.പി ഗവണ്മെന്റിനെയും യോഗി ആദിത്യനാഥിനെയും ഇന്‍ഡയറക്ടായി ചിത്രം പുകഴ്ത്തുന്നുണ്ട്. മാധവന്‍ അവതരിപ്പിച്ച അജയ് സാന്യല്‍ എന്ന കഥാപാത്രമാണ് ഈ ഡയലോഗെല്ലാം പറയുന്നത്. അജിത് ഡോവലിനെ ഓര്‍മിപ്പിക്കുന്ന കഥാപാത്രമാണ് അജയ് സാന്യല്‍.


ധുരന്ധറില്‍ രാജ്യസ്‌നേഹത്തെക്കുറിച്ചെല്ലാം വലിയ ക്ലാസെടുക്കുന്ന മാധവനെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം ദുബായ്‌യില്‍ സെറ്റിലായ മാധവന്‍ അഞ്ചോ ആറോ മാസം കൂടുമ്പോള്‍ ഇന്ത്യയിലേക്ക് വരികയും സിനിമ ചെയ്ത് പോവുകയുമാണ് പതിവെന്നാണ് പോസ്റ്റില്‍ പറയുന്നത്.

രണ്ട് വര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി നടത്തുന്ന ത്യാഗങ്ങളെക്കുറിച്ചും താരം സംസാരിച്ചിരുന്നു. ദിവസവും വെറും രണ്ട് മണിക്കൂര്‍ മാത്രമാണ് മോദി ഉറങ്ങാറുള്ളതെന്നുമൊക്കെയായിരുന്നു മാധവന്‍ പറഞ്ഞത്. എന്നാല്‍ ഇത്രയും രാജ്യസ്‌നേഹം പറയുന്ന മാധവന്‍ എന്തുകൊണ്ട് ഇന്ത്യയില്‍ താമസിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ട് ട്രോളുകള്‍ ഉയരുന്നുണ്ട്.


ചിത്രത്തിലെ മാധവന്റെ ഡയലോഗിനും അടുത്തിടെ ട്രോളുകള്‍ ലഭിച്ചിരുന്നു. ‘ഇന്ത്യ നന്നായി കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു ഗവണ്മെന്റ് ഒരുനാള്‍ അധികാരത്തിലെത്തും ‘ എന്ന ഡയലോഗിന്റെ പല വേര്‍ഷനുകള്‍ എക്‌സില്‍ വൈറലായിരുന്നു. ‘ദല്‍ഹിയിലെ എ.ക്യു.ഐ നന്നാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ഗവണ്മെന്റ് അധികാരത്തിലെത്തും’, ‘മാധ്യമങ്ങളോട് സംസാരിക്കുന്ന പ്രധാനമന്ത്രി ഒരിക്കല്‍ അധികാരത്തിലെത്തും’ എന്നിങ്ങനെയായിരുന്നു ട്രോളുകള്‍.

യഥാര്‍ത്ഥ സംഭവങ്ങളെ സിനിമാറ്റിക് ഫിക്ഷനും കൂടി ചേര്‍ത്ത് അവതരിപ്പിച്ച ആദിത്യ ധറിന്റെ സംവിധാന മികവിനെ പലരും പ്രശംസിക്കുമ്പോഴും ഇത്തരത്തില്‍ ഒളിപ്പിച്ചുകടത്തുന്ന പ്രൊപ്പഗണ്ട ഡയലോഗുകളെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. പാകിസ്ഥാനിലെ അധോലോക മാഫിയയില്‍ ചേര്‍ന്ന് അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചാരന്റെ കഥയാണ് ചിത്രം പറയുന്നത്. ധുരന്ധറിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തും.

Content Highlight: Madhavan getting trolls after OTT release of Dhurandhar

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം