| Monday, 30th June 2025, 5:06 pm

വീണ്ടും റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പടം; അച്ഛന്റെ ആ സിനിമ റീ-റിലീസ് അര്‍ഹിക്കുന്നു: മാധവ് സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇപ്പോള്‍ മലയാളത്തില്‍ റീ-റിലീസുകളുടെ കാലമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ പല സിനിമകളും റീ-റിലീസ് ചെയ്യുകയും തിയേറ്ററില്‍ അന്ന് കിട്ടാതിരുന്ന പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്യുന്നുണ്ട്. 2023ല്‍ സ്ഫടികം വീണ്ടും റീലിസിന് എത്തുകയും വലിയ വിജയമാകുകയും ചെയ്തതിന് ശേഷമാണ് ഈ ട്രെന്‍ഡ് മലയാളത്തില്‍ തുടങ്ങുന്നത്.

ഏറ്റവും അവസാനം റീ-റിലീസ് ചെയ്യപ്പെട്ട ഛോട്ടാ മുംബൈ എന്ന ചിത്രവും വന്‍ വിജയമായിരുന്നു രണ്ടാം വരവില്‍ നേടിയത്. ഇപ്പോള്‍ തന്റെ അച്ഛന്റെ ഏത് സിനിമയാണ് അത്തരത്തില്‍ റീ-റിലീസ് ആയാല്‍ കൊള്ളാമെന്ന് തോന്നുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്.

അച്ഛന്റെ സിനിമകളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഭരത്ചന്ദ്രന്‍ ഐ.പി.എസ് ആണെന്നും എന്നാല്‍ അത് റീ-റിലീസ് ചെയ്യേണ്ട ആവശ്യമുള്ളതായി തോന്നുന്നില്ലെന്നും മാധവ് പറയുന്നു. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രം ഒരു റീ-റിലീസ് അര്‍ഹിക്കുന്ന സിനിമയാണെന്നും അദ്ദേഹം പറയുന്നു.

സമ്മര്‍ ഇന്‍ ബത്‌ലഹേം വീണ്ടും തിയേറ്ററില്‍ വന്നാല്‍ അന്നുണ്ടായ അത്ര തന്നെയും ഇംപാക്ട് ഇന്നുമുണ്ടാകുമെന്നും മാധവ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘അച്ഛന്റെ സിനിമകളില്‍ എന്റെ പ്രിയപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍, അത് തീര്‍ച്ചയായും ഭരത്ചന്ദ്രന്‍ ഐ.പി.എസ് ആണ്. പക്ഷെ ആ സിനിമ റീ-റിലീസ് ചെയ്യേണ്ട ആവശ്യമുള്ളതായി എനിക്ക് തോന്നുന്നില്ല.

കാരണം അത്യാവശ്യം വിഷ്വല്‍ ക്വാളിറ്റിയും ഓഡിയോ ക്വാളിറ്റിയുമുള്ള സിനിമയായിരുന്നല്ലോ അത്. അതൊരു ന്യൂജനറേഷന്‍ സിനിമ തന്നെയായിരുന്നു. ആ പടം ഇറങ്ങിയിട്ട് 20 വര്‍ഷമോ മറ്റോ ആകുന്നേയുള്ളൂ.

പക്ഷെ അച്ഛന്റെ ഏത് സിനിമയാണ് റീ-റിലീസ് ആയാല്‍ കൊള്ളാമെന്ന് തോന്നുന്നതെന്ന് ചോദിച്ചാല്‍ ഒരു ഉത്തരം മാത്രമേയുള്ളൂ. ഒരു റീ-റിലീസ് അര്‍ഹിക്കുന്ന സിനിമയാണ് അത്.

വീണ്ടും തിയേറ്ററില്‍ വന്നാല്‍ അന്നുണ്ടായ അത്ര തന്നെയും ഇംപാക്ട് ഇന്നും ഉണ്ടാകും. സമ്മര്‍ ഇന്‍ ബത്‌ലഹേം ആണ് ആ സിനിമ. അതില്‍ പൂച്ചയെ വിട്ടത് ആരാണെന്ന് അറിയമെങ്കില്‍ സെക്കന്റ് പാര്‍ട്ട് വേണ്ടിവരും (ചിരി),’ മാധവ് സുരേഷ് പറയുന്നു.

Content Highlight: Madhav Suresh Talks About Suresh Gopi’s Summer In Bathlehem Movie Re-release

We use cookies to give you the best possible experience. Learn more