ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും. ഇപ്പോള്‍ താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. ഇരു താരങ്ങള്‍ക്കും ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നും താരങ്ങള്‍ മികച്ച ഒരു യാത്രയയപ്പ് അര്‍ഹിക്കുന്നുവെന്നും മദന്‍ലാല്‍ പറഞ്ഞു.
2024ല്‍ ടെന്നിസ് ബോളില്‍ നിന്ന് വിരമിച്ച ഇതിഹാസം റാഫേല്‍ നദാലിന് നല്‍കിയ യാത്രയയല്‍പ്പ് പോലെ രോഹിത്തിനും വിരാടിനും യാത്രയയപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഓസീസിനെതിരെ കളത്തിലിറങ്ങുമ്പോള്‍ വിരാട് മാനസികമായി തയ്യാറെടുക്കണമെന്നും മദന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.
‘രോഹിത്തിനും വിരാടിനും ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. അവര്‍ക്ക് അര്‍ഹതപ്പെട്ട ഒരു വിടവാങ്ങല്‍ നല്‍കണം, റാഫേല്‍ നദാല്‍ വിരമിച്ചപ്പോള്‍ ലോകം കണ്ടതുപോലെ. ഇന്ത്യയും അവരെ അതേ രീതിയില്‍ ബഹുമാനിക്കണം. അവരെപ്പോലുള്ള കളിക്കാര്‍ ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്നവരാണ്.
ഒരു ശക്തമായ ഓസ്ട്രേലിയന്‍ ടീമിനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്, അതിനാല്‍ വിരാട് തന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് എല്ലാം നല്‍കി, അദ്ദേഹത്തിന്റെ അഭിനിവേശം, ഫിറ്റ്നസ്, കളിയോടുള്ള താത്പര്യം എന്നിവ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
അദ്ദേഹത്തിന് ഇപ്പോള്‍ ഏറ്റവും ആവശ്യമുള്ളത് മാനസിക ശക്തിയാണ്. വിരമിക്കല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്, പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു,’ ക്രിക്കറ്റ് പ്രഡിക്റ്റാ ടി.വി ഷോയില്‍മദന്‍ ലാല്‍ പറഞ്ഞു.
273 മത്സരങ്ങളില്‍ നിന്ന് രോഹിത് 11168 റണ്‍സ് നേടി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 48.8 എന്ന ആവറേജുമാണ് താരത്തിനുള്ളത്. മാത്രമല്ല 92.8 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് 32 സെഞ്ച്വറികളാണാ ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 58 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.