രോഹിത് വിരമിച്ചു, ഇനി ഇന്ത്യയെ നയിക്കേണ്ടതാര്? ശുഭ്മന്‍ ഗില്ലല്ല, വമ്പന്‍ തെരഞ്ഞെടുപ്പുമായി ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോ
Sports News
രോഹിത് വിരമിച്ചു, ഇനി ഇന്ത്യയെ നയിക്കേണ്ടതാര്? ശുഭ്മന്‍ ഗില്ലല്ല, വമ്പന്‍ തെരഞ്ഞെടുപ്പുമായി ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th May 2025, 2:51 pm

മഹോജ്വലമായ തന്റെ റെഡ് ബോള്‍ കരിയറിന് വിരാമമിട്ട് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം കണ്‍മുമ്പില്‍ നില്‍ക്കവെയാണ് രോഹിത് ടെസ്റ്റ് ഫോര്‍മാറ്റ് മതിയാക്കുന്നത്.

രോഹിത്തിന് ശേഷം ഇന്ത്യയെ നയിക്കേണ്ടതാര് എന്ന ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. യുവതാരം ശുഭ്മന്‍ ഗില്ലിന്റെ പേരാണ് ഇതില്‍ പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്.

രോഹിത് ശര്‍മ

എന്നാല്‍ ഗില്ലിനെയല്ല, മറിച്ച് സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ തന്നെ ഇന്ത്യയുടെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കണമെന്ന നിര്‍ദേശമാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും 1983 ലോകകപ്പ് വിന്നിങ് ടീമിലെ പ്രധാനിയുമായ മദന്‍ ലാലിനുള്ളത്. ബുംറയാണ് ഇന്ത്യയെ നയിക്കാന്‍ യോഗ്യനെന്നാണ് മദന്‍ ലാല്‍ വിലയിരുത്തുന്നത്.

‘ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ജസ്പ്രീത് ബുംറയാണെന്നാണ് എനിക്ക് തോന്നുന്നത്. ഫിറ്റ്‌നെസ് എന്നത് മറ്റൊരു കാര്യമാണ്. എന്നാല്‍ അവന്‍ (ജസ്പ്രീത് ബുംറ) അവൈലബിളാണെങ്കില്‍ അവന്‍ തന്നെയായിരിക്കണം ഇന്ത്യയുടെ ആദ്യ ചോയ്‌സ്,’ പി.ടി.ഐ വീഡിയോസിനോട് മദന്‍ ലാല്‍ പറഞ്ഞു.

മദന്‍ ലാല്‍

ടെസ്റ്റ് ഫോര്‍മാറ്റില്‍ കുറച്ച് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച അനുഭവസമ്പത്ത് ബുംറയ്ക്കുണ്ട്. 2023ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റിലാണ് ബുംറ ആദ്യമായി ഇന്ത്യയുടെ റെഡ് ബോള്‍ ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നത്.

രോഹിത് ശര്‍മ അസുഖബാധിതനാവുകയും വിരാട് കോഹ്‌ലി ക്യാപ്റ്റന്‍സിയേറ്റെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തതോടെയാണ് ബുംറയെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി തേടിയെത്തുന്നത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ സമനില നേടിയാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര നേടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൊടുങ്കാറ്റില്‍ ഇന്ത്യ അടിയറവ് പറഞ്ഞു.

അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ ആതിഥേയരായ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലാണ് ബുംറയെ തേടി വീണ്ടും ഇന്ത്യയുടെ ക്യാപ്റ്റന്‍സിയെത്തിയത്. രോഹിത്തിന്റെ അഭാവമാണ് ഇത്തവണയും ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റന്റെ റോളിലെത്തിച്ചത്.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. പരമ്പരയില്‍ ഇന്ത്യയുടെ ഏക വിജയവും ഇത് മാത്രമായിരുന്നു.

തുടര്‍ന്നുള്ള മത്സരങ്ങളില്‍ മടങ്ങിയെത്തിയ രോഹിത്തിന് കീഴില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്‍ അടിയറവ് പറഞ്ഞിരുന്നു. സിഡ്‌നി ടെസ്റ്റില്‍ നിന്നും രോഹിത് സ്വയം ഒഴിവായതിനാല്‍ അഞ്ചാം മത്സരത്തില്‍ ബുംറ വീണ്ടും ക്യാപ്റ്റനായി. എന്നാല്‍ മത്സരത്തിനിടെ ബുംറയ്ക്ക് പരിക്കേല്‍ക്കുകയും ഇന്ത്യ പരാജയപ്പെടുകയും ചെയ്തതോടെ ആരാധകരും നിരാശരായി.

ഇപ്പോള്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയെ നയിക്കാനുള്ള അവസരമാണ് ബുംറയ്ക്ക് മുമ്പിലുള്ളത്. കപില്‍ ദേവിന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായ ഫാസ്റ്റ് ബൗളറെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ബുംറ, ഇംഗ്ലണ്ടില്‍ ഇന്ത്യയെ ടെസ്റ്റ് പരമ്പര വിജയിപ്പിച്ച ക്യാപ്റ്റനെന്ന രോഹിത്തിനും വിരാടിനുമില്ലാത്ത ധോണിക്കുമില്ലാത്ത റെക്കോഡ് സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം – ടെസ്റ്റ് പരമ്പര

ആദ്യ ടെസ്റ്റ് – ജൂണ്‍ 20 മുതല്‍ 24 വരെ – ലീഡ്‌സ്

രണ്ടാം ടെസ്റ്റ് – ജൂലൈ 2 മുതല്‍ 6 വരെ – ബെര്‍മിങ്ഹാം

മൂന്നാം ടെസ്റ്റ് – ജൂലൈ 10 മുതല്‍ 14 വരെ – ലോര്‍ഡ്‌സ്

നാലാം ടെസ്റ്റ് – ജൂലൈ 23 മുതല്‍ 27 വരെ – മാഞ്ചസ്റ്റര്‍

അവസാന ടെസ്റ്റ് – ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ – ദി ഓവല്‍

 

Content Highlight: Madan Lal picks Jasprit Bumrah as India’s next test captain