2025ലെ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഒമ്പതാം തവണയും ഏഷ്യാ കപ്പ് സ്വന്തമാക്കിയിരുന്നു. വിജയത്തിന് പിന്നാലെ എ.സി.സി (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍) സെക്രട്ടറിയും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയുമായ മൊഹസിന്‍ നഖ്‌വില്‍ നിന്നും കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. പിന്നാലെ ട്രോഫിയുമായി മൊഹമ്മദ് നഖ്‌വി മടങ്ങിയതും വലിയ ചര്‍ച്ചയായിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് ശേഷം നഖ്‌വി ഏഷ്യാ കപ്പ് കിരീടം തിരിച്ച് എ.സി.സിക്ക് നല്‍കി എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇപ്പോള്‍ നഖ്‌വിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ മദന്‍ ലാല്‍. ഏഷ്യാ കപ്പിന്റെ സമ്മാനദാന ചടങ്ങില്‍ ഉണ്ടായ സംഭവങ്ങളൊന്നും നടക്കാന്‍ പാടില്ലായിരുന്നുവെന്നും നഖ്‌വിക്ക് ക്രിക്കറ്റിനെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും മദന്‍ ലാല്‍ പറഞ്ഞു.
‘ഇതൊന്നും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു, മൊഹ്‌സിന്‍ നഖ്‌വിക്ക് ക്രിക്കറ്റിനെക്കുറിച്ച് യാതൊരു അറിവുമില്ല. ഇന്ത്യന്‍ ടീമിലെ നിരവധി അംഗങ്ങള്‍ പിന്നീട് വേദിയിലുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന് ട്രോഫി കൈമാറാന്‍ അദ്ദേഹം മറ്റാരോടെങ്കിലും ആവശ്യപ്പെടണമായിരുന്നു. പി.സി.ബി മേധാവി അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി,’ മദന്‍ ലാല്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കിരീടം വേണമെങ്കില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് എ.സി.സി ആസ്ഥാനത്തെത്തി തന്റെ കയ്യില്‍ നിന്ന് തന്നെ കിരീടം വാങ്ങിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു. അടുത്തിടെ എ.സി.സി ചേര്‍ന്ന യോഗത്തില്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് നഖ്‌വിയുടെ നിലപാടിനെ വിമര്‍ശിച്ച് സംസാരിക്കുകയും ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും ഏഷ്യാ കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ വിജയിച്ചിരുന്നു. മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക് ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യാത്തതും ഏറെ വിവാദമായിരുന്നു. യുദ്ധ സമാനമായ നാടകീയ രംഗങ്ങളും ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങളില്‍ കാണേണ്ടി വന്നിരുന്നു.
കൂടാതെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇരകളായ കുടുംബങ്ങള്‍ക്ക് മാച്ച് ഫീ നല്‍കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇതിന് സമാനമായ രീതിയില്‍ പാക് ക്യാപ്റ്റനും നിലപാട് എടുത്തിരുന്നു. എന്തായാലും ഏഷ്യാ കപ്പുമായുള്ള വിവാദങ്ങള്‍ തുടരും എന്ന് തന്നെയാണ് വിലയിരുത്തുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ആരംഭിച്ച വനിതാ ഏകദിന ലോകകപ്പിലും ഇന്ത്യ-പാക് വിവാദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകരും കരുതുന്നത്.