ഈ ടീമും കൊണ്ട് പോയാല്‍ ലോകകപ്പ് കിട്ടിയത് തന്നെ; ലോകകപ്പ് ടീമില്‍ അതൃപ്തിയുമായി മുന്‍ താരം
Sports News
ഈ ടീമും കൊണ്ട് പോയാല്‍ ലോകകപ്പ് കിട്ടിയത് തന്നെ; ലോകകപ്പ് ടീമില്‍ അതൃപ്തിയുമായി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd May 2024, 12:03 pm

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിനുള്ള സ്‌ക്വാഡാണ് അപെക്സ് ബോര്‍ഡ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയുമാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് സഞ്ജു സാംസണ്‍, ശിവം ദുബെ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞത് ഏവരേയും ആവേശത്തിലാക്കിയിരുന്നു.

സ്‌ക്വാഡിലെ സ്പിന്‍ ബൗളിങ് നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. രവീന്ദ്ര ജഡേജ, അകസര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ചഹല്‍ എന്നിവരുള്‍പ്പെടുന്ന കനത്ത സ്പിന്‍ ആക്രമണത്തേയാണ് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടൂര്‍ണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പേസര്‍മാര്‍.

എന്നാല്‍ പേസ് നിരയില്‍ ബുംറ മാത്രമാണ് നിലവില്‍ സ്ഥിരത കാണിക്കുന്നത്. ഇതോടെ പേസ് നിരയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്നോട്ട് വരുകയാണ് 1983യിലെ ലോകകപ്പ് ജേതാവായ മദന്‍ ലാല്‍.

‘വിക്കറ്റ് വീഴ്ത്തുന്നതിനും മത്സരങ്ങള്‍ വിജയിക്കുന്നതിനും ശക്തമായ പേസ് ആക്രമണം നിര്‍ണായകമാണ്. ഇന്ത്യയുടെ മികച്ച വിക്കറ്റ് വേട്ടക്കാരനാണ്. എന്നാല്‍ ഇന്ത്യക്ക് ബുംറയെ മാത്രം ആശ്രയിക്കേണ്ടിവരും. പാണ്ഡ്യയുടെ കാര്യക്ഷമത ഈയിടെ കുറഞ്ഞതായി തോന്നുന്നു. എന്നാല്‍ സിറാജ് എങ്ങനെ കളിക്കുമെന്നത് കണ്ടറിയണം. ടീം മാനേജ്മെന്റ് അദ്ദേഹത്തിന് അവസരം നല്‍കിയിട്ടുണ്ട്,

ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പേസ് ലൈനപ്പില്‍ ബുംറയുടേയും സിറാജിന്റെയും അര്‍ഷ്ദീപിന്റെയും പ്രകടനങ്ങള്‍ നിര്‍ണായകമാകും. ഈ ബൗളിങ് നിരയില്‍ എനിക്ക് ആത്മവിശ്വാസമില്ല,’ മദന്‍ ലാല്‍.

2024 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍

 

Content Highlight: Madan Lal Criticize India’s World Cup Squad