ഈ മാരീചന്റെ ആള്‍മാറാട്ടം കിടിലനാ
Discourse
ഈ മാരീചന്റെ ആള്‍മാറാട്ടം കിടിലനാ
അമര്‍നാഥ് എം.
Friday, 25th July 2025, 4:06 pm

അല്ലറചില്ലറ മോഷണങ്ങളുമായി നടക്കുന്ന ദയാലന്‍ എന്ന കള്ളന്‍. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന അയാള്‍ വീണ്ടും മോഷണ പരിപാടികളുമായി മുന്നോട്ടുപോകുകയാണ്. രാത്രി ഒരു വീട്ടില്‍ അയാള്‍ മോഷ്ടിക്കാന്‍ കയറുന്നതോടെ കഥ മാറുകയാണ്. ആ വീട്ടില്‍ ആകെയുണ്ടായിരുന്നത് ഒരു വൃദ്ധന്‍. വേലായുധം പിള്ളൈ എന്ന അല്‍ഷിമേഴ്‌സ് രോഗിയുടെ കൈയിലുള്ള പൈസ മുഴുവന്‍ മോഷ്ടിക്കാന്‍ ദയാലന്‍ തീരുമാനിക്കുന്നു.

ദയാലന് അയാളുടെ പൈസ മോഷ്ടിക്കാന്‍ വേണ്ടി പല ശ്രമങ്ങളും നടത്തുന്നു. അതിന് വേണ്ടി നടത്തുന്ന യാത്രകളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. അതിനിടയില്‍ കുറച്ച് ടെന്‍ഷനും, കോമഡിയും ഇമോഷനുമൊക്കെയായി പോകുന്ന സിനിമ ഈ വര്‍ഷത്തെ ഏറ്റവും മികച്ച തിയേറ്റര്‍ അനുഭവമായി മാറി.

രണ്ടാം പകുതിയില്‍ ഇടക്ക് ഒന്ന് ഡൗണായത് മാറ്റിനിര്‍ത്തിയാല്‍ സിനിമ ആദ്യാവസാനം അതിന്റെ ട്രാക്ക് നിലനിര്‍ത്തുന്നതില്‍ വിജയിച്ചെന്ന് പറയാനാകും. തമിഴിലെ തന്റെ രണ്ടാമത്തെ സംവിധാനസംരംഭം സുധീഷ് ശങ്കര്‍ ഒട്ടും മോശമാക്കിയില്ലെന്ന് പറയാം. ഒരു റോഡ് മൂവിയുടെ മൂഡ് ഇത്തരമൊരു കഥക്ക് ഫ്രഷ് ഫീല്‍ സമ്മാനിച്ചു.

നാഗര്‍കോവില്‍, തിരുവണ്ണാമലൈ, കന്യാകുമാരി എന്നിവിടങ്ങളിലെ ഗ്രാമഭംഗി മികച്ച രീതിയില്‍ ചിത്രീകരിക്കാനും കഥയെ ആ പശ്ചാത്തലത്തില്‍ പ്ലെയ്‌സ് ചെയ്യാനും സംവിധായകന് സാധിച്ചിട്ടുണ്ട്. ടെന്‍ഷന്‍ ബില്‍ഡ് സീനുകളില്‍ ചെറുതായി പ്രെഡിക്ടബിലിറ്റി വരുന്നതും ആകെത്തുകയെ ബാധിക്കുന്നില്ല. തിരക്കഥ തന്നെയാണ് സിനിമയുടെ താരം. തുടക്കത്തില്‍ കാണിക്കുന്ന ഒരു ചെറിയ സീന്‍ സിനിമയുടെ കഥയില്‍ പിന്നീട് വഴിത്തിരിവാണ് ഉണ്ടാക്കിയത്.

അഭിനേതാക്കളുടെ കാര്യത്തിലേക്ക് വന്നാല്‍ ലീഡ് റോളിലെത്തിയ ഫഹദ് ഫാസിലും വടിവേലുവും പരസ്പരം വിട്ടുകൊടുക്കാതെ കട്ടക്ക് പെര്‍ഫോം ചെയ്തിട്ടുണ്ട്. മാമന്നന് ശേഷം ഇരുവരും ഒരിക്കല്‍ കൂടി ഒന്നിച്ചപ്പോള്‍ ആദ്യത്തേതിനെക്കാള്‍ മികച്ച സിനിമ തന്നെയാണ് ലഭിച്ചത്. ഇരുവരുടെയും കെമിസ്ട്രി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്.

കള്ളനായി അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ചുകാണിക്കുന്ന ഫഹദ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. ആളുകളെ എളുപ്പത്തില്‍ കണ്‍വിന്‍സ് ചെയ്ത് കാര്യസാധ്യം നടത്തുന്ന ദയാലനായി ഫഹദ് അസാധ്യപെര്‍ഫോമന്‍സായിരുന്നു. രണ്ടാം പകുതിയില്‍ ഒരു ടെക്‌സ്റ്റൈലിനുള്ളില്‍ വെച്ചുള്ള രംഗത്തില്‍ ഇയാള്‍ ശരിക്കും ഫ്രോഡാണോ എന്ന് ചിന്തിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഫഹദിന്റേത്.

സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കോമഡി കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതായിരുന്നു ഒരുകാലത്ത് വടിവേലുവിന് തമിഴ് സിനിമയില്‍ ചെയ്യാനുണ്ടായിരുന്നത്. മാമന്നന് ശേഷം ലഭിച്ച വേലായുധം പിള്ളൈ വടിവേലുവിന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രമെന്ന് പറയാന്‍ സാധിക്കും. അല്‍ഷിമേഴ്‌സ് രോഗിയായി അദ്ദേഹം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.

ഈ ചിത്രം ആദ്യം മലയാളത്തില്‍ ചെയ്യാനായിരുന്നു സംവിധായകന്‍ വിചാരിച്ചത്. എന്നാല്‍ വേലായുധം പിള്ളൈയായി ആര് അഭിനയിക്കുമെന്ന സംശയത്തിനൊടുവില്‍ ഫഹദ് വടിവേലുവിന്റെ പേര് നിര്‍ദേശിക്കുകയും ചിത്രം തമിഴില്‍ ഒരുക്കുകയുമായിരുന്നെന്ന് അടുത്തിടെ വടിവേലു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫഹദിന്റെ തീരുമാനം തെറ്റിയില്ലെന്ന് സംശയമില്ലാതെ പറയാം.

കോവൈ സരള, വിവേക് പ്രസന്ന എന്നിവരുടെ പ്രകടനങ്ങളും എടുത്തുപറയേണ്ടതാണ്. കോമഡിയില്‍ മാത്രം തളച്ചിടപ്പെട്ട കോവൈ സരളയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള പെര്‍ഫോമന്‍സായിരുന്നു ഈ സിനിമയിലെ ഫരീദാ ബീഗം. പഴയകാല നടി സിത്താരയുടെ പ്രകടനവും മികച്ചതായിരുന്നു.

യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം സിനിമയോടൊപ്പം തന്നെ സഞ്ചരിച്ചു. തുടക്കത്തിലെ ‘ഫഫ സോങ്’ ഇന്റര്‍വെല്‍ ബി.ജി.എം, രണ്ടാം പകുതിയിലെ റെട്രോ സോങ് എന്നിവയെല്ലാം തിയേറ്ററില്‍ നല്ല ഇംപാക്ട് സമ്മാനിച്ചു. തമിഴ് സിനിമയുടെ സ്വന്തം ‘ഡ്രഗ് ഡീലറുടെ’ തിരിച്ചുവരവായി മാരീസനെ കണക്കാക്കാം.

നാഗര്‍കോവിലിന്റെയും തിരുവണ്ണാമലൈയുടെയുമെല്ലാം ഗ്രാമീണഭംഗി ഒപ്പിയെടുത്ത കലൈസെല്‍വന്‍ ശിവാജിയുടെ ഫ്രെയിമുകളും ശ്രീജിത് സാരംഗിന്റെ കട്ടുകളും മാരീസനെ കൂടുതല്‍ ഗംഭീരമാക്കി. അധികം കണ്ടുശീലിച്ചിട്ടില്ലാത്ത ഒരു ത്രെഡിന്റെ മികച്ച അവതരണം തന്നെയാണ് മാരീസന്‍.

Content Highlight: Maareesan movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം