സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ അവസാന എപ്പിസോഡിന് ലോകമെമ്പാടും വന്‍ വരവേല്പാണ് ലഭിക്കുന്നത്. 10 വര്‍ഷത്തോളം നീണ്ടുനിന്ന സീരിസിന്റെ അവസാനം പ്രേക്ഷകരെ അങ്ങേയറ്റം ഇമോഷണലാക്കിയെന്നാണ് പൊതുവായ അഭിപ്രായം. അപ്‌സൈഡ് ഡൗണ്‍, വെക്‌ന എന്നിവയോടൊപ്പമുള്ള യാത്ര അവസാനിച്ചതിന്റെ നിരാശയിലാണ് പലരും.
എന്നാല് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ അവസാന എപ്പിസോഡ് സ്ട്രീം ചെയ്യാന്‍ വൈകിയതിന് പിന്നാലെ ട്രോളന്മാര്‍ രംഗത്തെത്തി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘മാ’യാണ് ട്രോളന്മാരുടെ ഇരയായത്. ഫോക്ക് ഹൊറര്‍ ഴോണറിലൊരുങ്ങിയ ചിത്രത്തിലെ ഹൊറര്‍ രംഗങ്ങളും സ്‌ട്രെയ്ഞ്ചര്‍ തിങ്‌സും തമ്മിലുള്ള സാമ്യത പല പേജുകളിലും ചര്‍ച്ചയായി.
‘മാ’ Photo: Theatrical poster
മായിലെ ദൈത്യ എന്ന പ്രേതം സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിലെ വെക്‌നയുടെ കോപ്പിയാണെന്ന് റിലീസ് സമയത്ത് ട്രോളുകളുണ്ടായിരുന്നു. സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റ ഫിനാലെ റിലീസായതിന് പിന്നാലെ പഴയ ട്രോളുകള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്. ‘സപ്പോര്‍ട്ട് മേക്ക് ഇന്‍ ഇന്ത്യ, ദെസീ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് വീണ്ടും വൈറല്‍’, ‘ഒറിജിനല്‍ വരാന്‍ കുറച്ച് വൈകും, തത്കാലം ഇതുവെച്ച് അഡ്ജസ്റ്റ് ചെയ്യണം’ എന്നിങ്ങനെ നിരവധി ട്രോളുകളാണ് പുറത്തുവരുന്നത്.
കജോളിനെന്താ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സില്‍ കാര്യം എന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്റ് ഒ.ടി.ടി റിലീസിന്റെ സമയത്ത് വൈറലായിരുന്നു. അതേ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. സ്‌ട്രെയ്ഞ്ചര്‍ തിങ്‌സുമായുള്ള സാമ്യതയെക്കുറിച്ച് മായുടെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സീരീസിന്റെ അവസാന സീസണ്‍ പുറത്തിറങ്ങിയതോടെ മാ വീണ്ടും എയറിലായിരിക്കുകയാണ്.
കജോളിനെ കേന്ദ്രകഥാപാത്രമാക്കി വിശാല്‍ ഫ്യൂരിയ സംവിധാനം ചെയ്ത ചിത്രമായിരുന്നു മാ. ഷൈത്താന്‍ യൂണിവേഴ്‌സിലെ രണ്ടാമത്തെ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചില്ല. ഷൈത്താനിലെ വന്‍രാജ് എന്ന കഥാപാത്രത്തിന്റെ കാമിയോയും മായില്‍ ഉണ്ടായിരുന്നു. ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാത്ത ചിത്രം ഇപ്പോഴും ട്രോള്‍ മെറ്റീരിയലായി തുടരുകയാണ്.
അതേസമയം സോഷ്യല്‍ മീഡിയ മുഴുവന്‍ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് മയമാണ്. സീരീസ് അവസാനിപ്പിച്ച രീതി ഗംഭീരമായിരുന്നെങ്കിലും എഴുത്തില്‍ ചില പോരായ്മകളുണ്ടെന്ന് ചില പോസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ആരാധകരെ അങ്ങേയറ്റം ഇമോഷണലാക്കാന്‍ ഡഫര്‍ ബ്രദേഴ്‌സിന് സാധിച്ചെന്നും പലരും പങ്കുവെക്കുന്നു.
Content Highlight: Maa movie starring Kajol getting trolls after Stranger Things Finale