ജിന്‍സി ടി എം
ജിന്‍സി ടി എം
Focus on Politics
ട്രൈബ്യൂണലിനും പാലിയേറ്റീവ് കെയറിനും വേണ്ടിയാവണം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഇനിയുള്ള സമരം: എം.എ റഹ്മാന്‍ സംസാരിക്കുന്നു
ജിന്‍സി ടി എം
Wednesday 16th May 2018 3:07pm

വര്‍ഷങ്ങളായുള്ള സമരങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമിപ്പുറം ഇന്നും നീതി ലഭിക്കാതെ പോരാട്ടം തുടരുകയാണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍. നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ക്കൊപ്പം നേരിട്ടും അല്ലാതെയും പലരും അണിചേര്‍ന്നിരുന്നു. എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് എയിഡ് ഗ്രൂപ്പ് അത്തരത്തിലുള്ള ഒരു സംഘടനയായിരുന്നു. ആ സംഘടനയില്‍ നിന്നുകൊണ്ട് എഴുത്തിലൂടെയും അല്ലാതെയും ഇരകള്‍ക്കുവേണ്ടി പോരാടിയ വ്യക്തിത്വമാണ് എം.എ റഹ്മാന്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരം ശക്തമാകാന്‍ ഇരകള്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുക്കൊണ്ടാണ് അദ്ദേഹം സമരക്കാര്‍ക്കൊപ്പം കൂടുന്നത്. പാതിവഴിയില്‍ നിന്നുപോയ ട്രൈബ്യൂണല്‍ എന്ന ഇരകളുടെ ആവശ്യത്തിനും അവരുടെ ചികിത്സയ്ക്കായുള്ള പാലിയേറ്റീവ് കെയര്‍ സംവിധാനം ഉറപ്പാക്കാനും വേണ്ടിയാവണം ഇനിയുള്ള പോരാട്ടമെന്നാണ് അദ്ദേഹം പറയുന്നത്. അതിനെക്കുറിച്ച് ഡൂള്‍ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ എം.എ റഹ്മാന്‍ വിശദീകരിക്കുന്നു…

എന്‍ഡോസള്‍ഫാന്‍ വിഷയം ചൂണ്ടിക്കാട്ടി നീണ്ടകാലത്തെ സമരങ്ങളും പോരാട്ടങ്ങളും നടന്നു. അതിന്റെ ഫലമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് എന്താണ് ഇവിടെ ചെയ്തത്? എന്തൊക്കെയാണ് ഇനി ചെയ്യേണ്ടത്?

വര്‍ഷങ്ങള്‍ നീണ്ട സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലമാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ലഭിച്ച ഓരോ ആനുകൂല്യവും. അതില്‍ നേരിട്ടും അല്ലാതെയും ഒരുപാട് പേരുടെ പോരാട്ടങ്ങളുണ്ട്.

2006ല്‍ ഒരു ദിവസം കോളേജില്‍ നിന്നിറങ്ങി വരുമ്പോഴാണ് ഒരു പ്രാദേശിക പത്രത്തില്‍ വി.എസ് മന്ത്രിസഭയിലെ കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്റെ പ്രസ്താവനയുടെ വാര്‍ത്ത കാണുന്നത്. എന്‍ഡോസള്‍ഫാന്‍ കാരണം ആരും മരിച്ചിട്ടില്ലെന്നത്. അത് വലിയ വേദനയുണ്ടാക്കി. അന്ന് രാത്രിതന്നെ അതിനെതിരെ ലേഖനമെഴുതി. അതിന്റെ ഫലമായി അച്യുതാനന്ദന്‍ ഇക്കാര്യം ശ്രദ്ധിക്കുകയും കാസര്‍കോട്ടെത്തിയ അദ്ദേഹം എന്നെ വിളിക്കാനായി കോളജിലേക്ക് ഒരാളെ വിടുകയും എന്നെ വിളിച്ചുകൊണ്ടുപോയി ഒരു മീറ്റിങ് ഇരുത്തിയിട്ട് മരിച്ചവരുടെ ഒരു ലിസ്റ്റുണ്ടാക്കിച്ചു. ഞാനടക്കം ചേര്‍ന്നാണ് ആ ലിസ്റ്റുണ്ടാക്കിയത്.

അങ്ങനെയാണ് ആദ്യത്തെ ആനുകൂല്യമായ 50000 രൂപ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. പിന്നെ പെന്‍ഷന്‍ പദ്ധതി വന്നു. ബഡ്സ് സ്‌കൂളുകള്‍ വന്നു. ഏഴ് കെട്ടിടങ്ങള്‍ എം.പി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ താല്‍ക്കാലിക കെട്ടിടത്തിലാണ് ബഡ്സ് സ്‌കൂളുകളുള്ളത്.

ഇതിനു പുറമേ സംസ്ഥാന സര്‍ക്കാര്‍ അതാത് പഞ്ചായത്തുകളില്‍ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇവ പൂര്‍ണമല്ല. അതിന്റെ ഭാഗികതയെക്കുറിച്ച് 2010ല്‍ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്. ഒപ്പം കേന്ദ്രസര്‍ക്കാര്‍ പണം ചിലവഴിച്ചിട്ട് ഒരാശുപത്രി ഇവിടെ നിര്‍മ്മിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയെന്നു പറഞ്ഞാല്‍ ഒരു സെന്‍ട്രലൈസ്ഡ് പാലിയേറ്റീവ് കെയര്‍ ആശുപത്രി.

അതിലെ പ്രധാന വിപക്ഷയെന്താണെന്നാല്‍ ഈ രോഗങ്ങളൊന്നും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നതല്ല. ആരോഗ്യകരമായ അന്തരീക്ഷമാണ് ഈ ഇരകള്‍ക്കു വേണ്ടത്. ശാന്തമായ ഒരു സ്ഥലത്ത്, അമ്മയോടൊപ്പം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം. പലപ്പോഴും ഇരകളുടെ അമ്മമാര്‍ ഡിപ്രസ്ഡ് ആയിരിക്കും. ജീവിതകാലം മുഴുവന്‍ ഇങ്ങനെയൊരു കുട്ടിയുണ്ടാകുമ്പോള്‍ സ്വാഭാവികമായും അത്തരമൊരു അവസ്ഥയുണ്ടാകും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിയ കല്‌ക്ട്രേറ്റ് മാര്‍ച്ച്‌

ആ അമ്മയും കുട്ടിയും ഒന്നിച്ചു ചേര്‍ന്നിട്ടുള്ള ആ കിടപ്പും അവിടെയുള്ള ഒരു അന്തരീക്ഷവുമാണ് വേണ്ടത്. അതാണല്ലോ പാലിയേറ്റീവ് കെയര്‍. കേരളത്തില്‍ പലയിടത്തും അത് വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. അതിനൊരു സെന്‍ട്രലൈസ്ഡ് സ്ഥലമാണ് വേണ്ടത്. പതിനൊന്ന് പഞ്ചായത്തുകളിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുള്ളത്. അവര്‍ക്ക് ആശുപത്രികള്‍ക്കായി അതിന് 25 ഏക്കര്‍ സ്ഥലമെടുത്തിട്ട് ഡോ. അഷീലിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രം പണിയാന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ കേന്ദ്രഫണ്ട് ലഭ്യമാകാത്തതിനാല്‍ ഇതിന്റെ പണി നീണ്ടുപോകുകയാണ്. എത്രയും പെട്ടെന്ന് ഇത്തരമൊരു ആശുപത്രി വരാനുള്ള കാര്യങ്ങളാണ് ഇവിടെ ചെയ്യേണ്ടത്.

ശാരീരികമായ വൈകല്യങ്ങള്‍ക്കു പുറമേ മാനസികമായ പല പ്രശ്‌നങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരന്തം വഴിവെച്ചിട്ടുണ്ട്. അതൊക്കെ വേണ്ടവിധത്തില്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടുണ്ടോ?

ഇരകളുടെ അമ്മമാരാണ് മാനസികമായി ഏറ്റവുമധികം പ്രശ്നം നേരിടുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ക്കൊപ്പം കഴിയേണ്ടിവരുന്ന ഇവര്‍ മിക്കപ്പോഴും ഡിപ്രസ്ഡ് ആയിരിക്കും. വല്ലാത്ത മാനസിക അവസ്ഥയിലാണ് ഈ അമ്മമാര്‍. നമുക്ക് പോലും ജീവിതത്തില്‍ ചെറിയ സംഭവങ്ങള്‍ നേരിടാന്‍ കഴിയാത്തവരാണ്. അപ്പോള്‍ ഈ രോഗികളുടെ അമ്മമാരുടെ അവസ്ഥയെന്തായിരിക്കാം! അവര് ജീവിതകാലം മുഴുവന്‍ ഈ നെഞ്ചിലൊട്ടിപ്പിടിച്ച് നില്‍ക്കുന്ന മക്കളെയും കൊണ്ട് നടക്കുകയാണ്.

ഇവരെക്കൂടി പരിഗണിക്കുന്ന തരത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രി നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയത്. ആ നിര്‍ദേശം നടപ്പിലാക്കുകയാണ് ചെയ്യേണ്ടത്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടിയുള്ള ഇനിയുള്ള സമരം ഏതൊക്കെ പ്രശ്നങ്ങളില്‍ ഊന്നിയുള്ളതാവണം എന്നാണ് കരുതുന്നത്?

ട്രൈബ്യൂണലിനുവേണ്ടിയും പാലിയേറ്റീവ് ആശുപത്രിയ്ക്കും വേണ്ടിയാണ് ഇനി സമരം ചെയ്യേണ്ടത്. ഇതിലെ പ്രധാന ഘട്ടം എന്നു പറയുന്നത് എന്‍ഡോസള്‍ഫാന് ആഗോളതലത്തില്‍ ഒരു നിരോധനം കൊണ്ടുവരികയെന്നുള്ളതായിരുന്നു. നിരോധിച്ചാലെ ഇതിന് നഷ്ടപരിഹാരം ലഭിക്കൂ. നമ്മളെങ്ങനെ പോകണം ഇതിന് ഏതൊക്കെ വഴികളുണ്ട്, എങ്ങനെയൊക്കെയാണ് ഇങ്ങനെയുള്ള കുറേ പ്രശ്നങ്ങളുണ്ട് ഇതിനകത്ത്. അല്ലാതെ ഇത് സാധാരണ സമരമല്ല.

നീണ്ടകാലത്തെ സമരങ്ങളും പ്രതിഷേധങ്ങളും 2011ലെ ആഗോള നിരോധനംവരെയെത്തിച്ചു. ഈ സമരത്തില്‍ ഇന്ത്യ മുഴുവന്‍ പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. സമരമെന്ന് പറയുന്നത് ആത്യന്തികമായി ഒരു ആരോഗ്യപ്രശ്നത്തിനുള്ള പരിഹാരത്തിനുള്ള സമരമാണ്. അതേ പോലെ ഭൂമിയുടെ ആരോഗ്യപ്രശ്നത്തിനുള്ള പരിഹാരത്തിനുള്ള സമരമാണ്.

എന്‍ഡോസള്‍ഫാനാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് തെളിയിക്കാന്‍ സാധിച്ചു. അതിന് നിരോധനം കൊണ്ടുവരാനും സാധിച്ചു. ഇനി ചില ഭരണഘടനാപരമായ നടപടിക്രമങ്ങളാണ് മുന്നോട്ടുള്ളത്. അത് വിജയകരമാകാന്‍ ഏറ്റവും പ്രധാനം ട്രൈബ്യൂണല്‍ കൊണ്ടുവരികയെന്നതാണ്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ഇരകളുടെ ആവശ്യം അതിലൂടെയേ പരിഹരിക്കാനാവൂ.

ഇവര്‍ക്ക് ട്രൈബ്യൂണല്‍ വേണമെന്ന് എന്‍.ഐ.ഒ.എച്ച് റിപ്പോര്‍ട്ടില്‍ തന്നെ നിര്‍ദേശിക്കുന്നുണ്ട്. ഈ പറയുന്ന ട്രൈബ്യൂണല്‍ എന്നു പറയുന്ന ആശയത്തിലേക്ക് സമരം ഇതുവരെ നീങ്ങിയിട്ടുമില്ല.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള പല സംഘടനകളും പല കേസുകളും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ട്രൈബ്യൂണലിനുവേണ്ടിയും ഒരു വിഭാഗം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതിയെ ബോധ്യപ്പെടുത്താനുതകുന്ന രേഖകള്‍ സമര്‍പ്പിക്കാതെ സമരക്കാരിലെ ഒരു വിഭാഗം സര്‍ക്കാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് നടപ്പാക്കുകയാണുണ്ടായത്. അങ്ങനെ 2015 ല്‍ ട്രൈബ്യൂണല്‍ വേണ്ട എന്ന വിധി വന്നു. സമരം ചെയ്യുന്ന ചില 2015ല്‍ ചെയ്ത ഒരു സ്വയംകൃത അനര്‍ത്ഥമാണ് ട്രൈബ്യൂണല്‍ വേണ്ട എന്ന വിധി. അന്നും ഞാന്‍ അതിനെതിരെ എഴുതിയിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വി.എസിന് നിവേദനം നല്‍കുന്നു

പ്ലാച്ചിമട ട്രൈബ്യൂണല്‍ മടക്കിയിരുന്നു. അതുപോലെ ഇതുംമടക്കുമെന്ന് ചിലര്‍ ധരിക്കുന്നു. കൃത്യമായി തെളിവുകളുള്ള ഒരു കേസാണിത്. അവിടെ അങ്ങനെയൊരു സംശയത്തിന്റെ പേരില്‍ ട്രൈബ്യൂണല്‍ എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോകേണ്ടതില്ല. ട്രൈബ്യൂണല്‍ വരികയെന്നത് ഇരകളുടെ അവകാശമാണ്.

പ്രധാനമായും എഴുത്തിലൂടെയായിരുന്നു താങ്കളുടെ സമരം. അതിനെ എങ്ങനെയാണ് നോക്കി കാണുന്നത്?

ഒരു സമരം എന്നത് ഇരകളുമായി നേരിട്ട് ഇറങ്ങി, മുദ്രാവാക്യം വിളിക്കുന്ന ഒന്ന് മാത്രമല്ല. ഈ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സുപ്രധാനസമരം നടത്തിയ ഒരാളാണ് ലീലാവതിയമ്മ. അവര്‍ ജോലി ചെയ്യുന്ന വകുപ്പിനെതിരെ കോടതിയെ സമീപിക്കുകയാണവര്‍ ചെയ്തത്. അതൊരു പോരാട്ടമാണ്.

ഞാന്‍ പതിനേഴ് കൊല്ലം എഴുതിയ ആളാണ്. 17ാമത്തെ കൊല്ലം ഞാന്‍ എഴുത്ത് നിര്‍ത്തി. കാരണം വളരെ അസഹനീയമായ ഒരു സാഹചര്യമാണ്. എഴുത്തും സമരമാണ്. കോടതിയില്‍ കേസിന് പോകുന്നതും സമരമാണ്. 99 മുതല്‍ ഞാനെഴുതുന്നു. 2006ല്‍ അച്യുതാനന്ദന്റെ മന്ത്രിസഭയിലെ മന്ത്രി ആരും മരിച്ചിട്ടില്ല എന്ന് പറയുന്നു. ഇവിടെ മരിച്ചവരെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പത്തമ്പത് പേരുടെ ലിസ്റ്റുണ്ട്. അപ്പോഴാണ് ഞാന്‍ അതിനെതിരെ ലേഖമെഴുതുകയും ആദ്യത്തെ ആനുകൂല്യം മരിച്ചവരുടെ കുടുംബത്തിന് 50000 രൂപ പാസാക്കുകയും ചെയ്യുന്ന ഘട്ടം വരുന്നത്.

രണ്ടാമത്തേത് ഒപ്പുമരം എന്നു പറയുന്നത്, എന്‍ഡോസള്‍ഫാന്‍ നിരോധനം വന്നാലേ ഇതിന് ഭരണഘടനാ പരിരക്ഷ കിട്ടൂ, അല്ലെങ്കില്‍ ആരോഗ്യശാസ്ത്രപരമായ പരിരക്ഷ കിട്ടൂ, അല്ലെങ്കില്‍ നിയപരമായ പരിരക്ഷ കിട്ടൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ഇവിടുന്ന് ഇരകളുടെ ഒപ്പുശേഖരിച്ചിട്ട് ആ ഒപ്പ് അതേ ദിവസം സ്റ്റോക്ക് ഹോമിലെത്തിക്കാന്‍ കഴിഞ്ഞു. അതിന്റെ ഫലം കൂടിയാണ് അന്ന് വന്ന നിരോധനം.

ആ നിരോധനം വന്നുകഴിഞ്ഞാല്‍ നമ്മുടെ സര്‍ക്കാര്‍ നഷ്ടപരിഹാര സാധ്യതയിലേക്ക് പോകേണ്ടതാണ്. അതിലും ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച കരാറുകളുണ്ട്. അതെന്താണെന്നുവെച്ചാല്‍ ഇത്തരത്തില്‍ മലിനീകരണം നടത്തുന്നവരുണ്ടാക്കിയ നഷ്ടം അവര്‍ തന്നെ നഷ്ടപരിഹാരം കൊടുത്ത് നികത്തണമെന്നതായിരുന്നു . 92ലെ റിയോ സമ്മിറ്റില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ഈ കരാറില്‍ ഒപ്പിട്ടതാണ് . 96ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇത് പാസാക്കിയെടുത്തിട്ടുമുണ്ട്.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇപ്പോഴുയര്‍ന്നവരുന്ന സമരത്തെ എങ്ങനെയാണ് കാണുന്നത്?

പ്രധാനമായും രണ്ട് വിഷയങ്ങളിലാണ് വിയോജിപ്പുള്ളത്. ഒന്ന് നേരത്തെ വിശദീകരിച്ച ട്രൈബ്യൂണല്‍ വിഷയത്തിലുള്ള സമരക്കാരുടെ നിലപാടില്‍. രണ്ടാമത്തേത് നഷ്ടപരിഹാരത്തിനുള്ള ലിസ്റ്റുമായി ബന്ധപ്പെട്ട് അവരുയര്‍ത്തുന്ന വിമര്‍ശനങ്ങളിലാണ്.

നിയമപരമായ ആനുകൂല്യം ലഭിക്കുന്നതിനായി തയ്യാറാക്കിയ ലിസ്റ്റില്‍ എന്‍ഡോസള്‍ഫാന്‍ വിപക്ഷ ചെയ്യുന്നതല്ലാത്ത രോഗികളല്ലാത്തവര്‍ ഒരുപാടുണ്ട്. അവരെ ഒഴിവാക്കാതെ ഇത് മുമ്പോട്ടുപോവില്ല. അവരെയും കൂടി ഇവിടെ ഉള്‍പ്പെടുത്തണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടു. ഉദാഹരണത്തിന് ഒരു വികലാംഗന്‍. അവരെ എന്‍ഡോസള്‍ഫാന്‍ ഇരയായി പരിഗണിക്കണമെങ്കില്‍ അവര്‍ അത്തരം ഏരിയയിലോ അതിന്റെ പരിസരത്തോ ഉണ്ടായിരുന്നയാളായിരിക്കണം. ഈ വിപക്ഷകളൊന്നും പാലിക്കേണ്ടതില്ല എല്ലാവര്‍ക്കും കൊടുക്കൂവെന്നു പറഞ്ഞാല്‍ എന്‍ഡോസള്‍ഫാന്‍ സമരം തന്നെ വേണ്ട. എന്‍ഡോസള്‍ഫാന്‍ എന്ന നിര്‍വചനത്തില്‍ നിന്ന് എല്ലാവര്‍ക്കും കൊടുക്കൂവെന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോഴത്തെ സമരം.

അഞ്ച് തരം പഠനങ്ങളാണ് ഒരു രോഗിയെ തെരഞ്ഞെടുക്കുന്നത്. അതിനുള്ള മാര്‍ഗരേഖകളുണ്ട്. ഇത് സമരം നടത്തിയത് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് എന്തു പറഞ്ഞാണ്. ഇപ്പോള്‍ പറയുന്നു എല്ലാവര്‍ക്കും നഷ്ടപരിഹാരം കൊടുക്കണമെന്ന്.

കഴിഞ്ഞ നാലാം തിയ്യതി സെല്ലിന്റെ യോഗം ഉണ്ടായിരുന്നു. കഴിഞ്ഞസര്‍ക്കാര്‍ ഒഴിവാക്കിയ ട്രൈബ്യൂണല്‍ പുനപരിശോധിക്കില്ലയെന്നാണ് യോഗത്തില്‍ സര്‍ക്കാര്‍ പറഞ്ഞത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ട്രൈബ്യൂണല്‍ ഒഴിവാക്കേണ്ടിവന്ന സാഹചര്യം പരിശോധിക്കപ്പെട്ടിട്ടില്ല. ചിലയാളുകള്‍ സെല്ല് ബഹിഷ്‌കരിച്ചു. ഈയൊരു സാഹചര്യത്തിലാണ് ട്രൈബ്യൂണല്‍ റൈറ്റ്സിനുവേണ്ടി ഒരു കൂട്ടായ്മയുണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.

പത്തോ ഇരുപതോ വര്‍ഷത്തിന്റെ സമരത്തിന്റെ വഴികളുണ്ട് നമുക്ക് മുമ്പില്‍. ഭരണഘടനാപരമായി നഷ്ടപരിഹാരം നല്‍കുന്ന ഒരു അവസ്ഥയിലെത്തിയിട്ട് ട്രൈബ്യൂണല്‍ വേണ്ടായെന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വാദം കഴിഞ്ഞ സര്‍ക്കാര്‍ വേണ്ടെന്നുവെച്ചത് ഞങ്ങളെന്തിന് പുനപരിശോധിക്കണം എന്നാണ്. അതിനെ തിരുത്തിക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാവണമെന്നാണ് ഞാന്‍ പറയുന്നത്.

ആനുകൂല്യങ്ങള്‍ കിട്ടിയതെന്ത്, കിട്ടാത്തതെന്ത് എന്ന് വ്യക്തമാക്കുന്ന ധവളപത്രം നമുക്ക് വേണം. 2011വരെ ഇവരുടെ അവകാശം ഏത് എന്ന് പറയാന്‍ പറ്റുമായിരുന്നില്ല. അങ്ങനത്തെ ഒരു സമയത്താണ് അച്യുതാനന്ദന്‍ ഇടപെടുകയും ആനുകൂല്യം കൊടുക്കുകയും ചെയ്തത്. പെന്‍ഷന്‍ കൃത്യമായി കൊടുക്കുന്നുണ്ട്. അന്നത് 400 രൂപയായിരുന്നു. ഇപ്പോഴത് 2000 രൂപയായി. നഷ്ടപരിഹാരത്തിലേക്ക് പോകുന്ന ഒരു പ്രോസസ് ശരിക്കുപോകുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഒരു സമരമാണ് ഇനി നമുക്ക് വേണ്ടത്.

സാമൂഹികമായ ഒരു ഒറ്റപ്പെടുത്തലിന് കൂടി എന്‍ഡോസള്‍ഫാന്‍ കാരണമായിട്ടുണ്ട്. സോഷ്യല്‍ ആയ ഒരുതരം അണ്‍ടച്ചബിലിറ്റി ഇവിടുത്തുകാര്‍ നേരിടുന്നുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ആ സ്ഥിതിയൊക്കെ പതുക്കെ മാറിക്കൊണ്ടിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ വിഷാംശം ഈമണ്ണില്‍ നിന്നും പതുക്കെ പിന്‍വാങ്ങുന്നു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വിഷം തളിക്കാത്ത പത്തുവര്‍ഷത്തില്‍, (ഇപ്പോള്‍ പതിനെട്ടുവര്‍ഷമായി) ഈ മണ്ണില്‍ വിഷം തളിച്ചപ്പോഴുണ്ടായിരുന്നതിനേക്കാള്‍ വിഷാംശം കുറയുന്നു വെന്ന് പറയുന്നു. അതുപോലെ രോഗികളുടെ പുതിയ ജനനങ്ങള്‍ കുറയുകയും ചെയ്യുന്നുവെന്ന ആരോഗ്യശാസ്ത്ര കണ്ടെത്തല്‍(ഐ.സി.എം.ആര്‍ പഠനം), രോഗ കാരണം എന്‍ഡോസള്‍ഫാനിലെ എന്‍ഡോക്രൈന്‍ ഡിസ്രപ്‌ടേഴ്‌സ് ആണെന്ന കണ്ടെത്തല്‍ തെളിവായെടുത്താണ് സമ്പൂര്‍ണ നിരോധനം വന്നത്. അതിനര്‍ത്ഥം ഇതിങ്ങനെ കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നതാണ്.

കാസര്‍കോട് സംഭവിച്ചിരിക്കുന്ന സാധാരണമായൊരു ആരോഗ്യപ്രശ്‌നമല്ല. ജനിതക പ്രശ്‌നം കൂടിയാണ്. അത് ഒരു തലമുറയെ ആകെ ബാധിക്കും. അത്തരത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ?

തീര്‍ച്ചയായും. എന്‍ഡോസള്‍ഫാനിലെ എന്‍ഡോക്രൈന്‍ ഡിസ്രപ്‌ടേഴ്‌സ് ജനിതക രോഗങ്ങളിലേക്ക് നയിക്കുന്നുവെന്നത് 2002ലെ എന്‍.ഐ.ഒ.എച്ച് റിപ്പോര്‍ട്ടാണ്. പക്ഷേ അത് പരിഹരിക്കുന്നതിനുള്ള തക്കതായ ആരോഗ്യ സംവിധാനങ്ങള്‍ കാസര്‍കോട് ഉണ്ടായിട്ടില്ല. സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ ഒരു മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചിട്ട് അഞ്ചെട്ട് കൊല്ലമാകുന്നു. സ്ഥലവും അതിനായി നീക്കിവെച്ചു. ഇപ്പോഴും അത് വന്നില്ല. യൂണിവേഴ്‌സിറ്റിക്ക് അകത്ത് ജനിതക പഠന ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയിട്ടുണ്ട്. പക്ഷേ രോഗപരിശോധനകള്‍ നടക്കുന്നില്ല. കടലാസിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് മാത്രമാണത്. അധ്യാപകരുണ്ട്. സെന്‍ട്രല്‍ ഗവണ്‍മെന്റ് തരേണ്ട പാലിയേറ്റീവ് കെയര്‍ ആശുപത്രി ഇപ്പോഴും വന്നിട്ടുണ്ട്. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇപ്പോഴത് തരാന്‍ സാധിക്കില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിന്‍സി ടി എം
സീനിയര്‍ സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.
Advertisement