സ്ഥലനാമങ്ങള്‍, പുരാവസ്തു ചരിത്രങ്ങള്‍; ഹിന്ദുത്വയുടെ ആകുലതകള്‍
DISCOURSE
സ്ഥലനാമങ്ങള്‍, പുരാവസ്തു ചരിത്രങ്ങള്‍; ഹിന്ദുത്വയുടെ ആകുലതകള്‍
എം.എസ്. ഷൈജു
Thursday, 9th July 2026, 6:41 pm
ഇതായിരുന്നു നമ്മുടെ ഭൂതകാലമെന്നാണ് സ്ഥലനാമങ്ങള്‍ നമ്മോട് പറഞ്ഞ് കൊണ്ടേയിരിക്കുന്നത്. ഭൂതകാലം ബാധ്യതയായി അനുഭവപ്പെടുന്ന ഒരു രാഷ്ട്രീയത്തിന് ഭൂതകാലത്തിന്റെ അടയാളങ്ങള്‍ മായ്ച്ചുകളയുവാനും ഒരു ത്വരയുണ്ടാകും. ആ ത്വരയാണ് ചരിത്രത്തിന്റെ ഉള്‍ക്കനം പേറുന്ന സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ സംഘപരിവാറിനെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നത് | എം.എസ്. ഷൈജു എഴുതുന്നു

 

സ്ഥലങ്ങളും സ്ഥലനാമങ്ങളും രൂപപ്പെടുന്നത് ചരിത്രത്തിന്റെ ഒരു കൈവഴിയായാണ്. ഓരോ കാലത്തിന്റെയും അടയാളങ്ങളായാണ് സ്ഥലനാമങ്ങള്‍ നിലനില്‍ക്കുന്നത്. അത് വര്‍ത്തമാന കാലത്തോടുള്ള നിരന്തരമായ ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ്.

ഇതായിരുന്നു നമ്മുടെ ഭൂതകാലമെന്നാണ് സ്ഥലനാമങ്ങള്‍ നമ്മോട് പറഞ്ഞ് കൊണ്ടേയിരിക്കുന്നത്. ഭൂതകാലം ബാധ്യതയായി അനുഭവപ്പെടുന്ന ഒരു രാഷ്ട്രീയത്തിന് ഭൂതകാലത്തിന്റെ അടയാളങ്ങള്‍ മായ്ച്ചുകളയുവാനും ഒരു ത്വരയുണ്ടാകും. ആ ത്വരയാണ് ചരിത്രത്തിന്റെ ഉള്‍ക്കനം പേറുന്ന സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ സംഘപരിവാറിനെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നത്.

സ്ഥലനാമങ്ങള്‍ മാറ്റുന്നത് ചരിത്രത്തെ തന്നെ മായ്ച്ചുകളയുന്നതിന്റെ ഏറ്റവും ദൃശ്യമായ ഒരു തെളിവ് കൂടിയാണ്. ഒരു സ്ഥലത്തിന്റെ പേര് എന്നത് ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രത്തെയും, അവിടെ ജീവിച്ചുപോയ വിവിധ ജനവിഭാഗങ്ങളുടെ സാംസ്‌കാരികമായ സംഭാവനകളെയും പ്രതിനിധീകരിക്കുന്നതാണ്.

പേരുമാറ്റത്തിലൂടെ ചരിത്രത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തെ അപ്രസക്തമാക്കാനും അതിലൂടെ ഒരു പ്രത്യേക മതപരമായ ഐഡന്റിറ്റി മാത്രം ഇവിടെ മതിയാകും എന്ന സന്ദേശം നല്‍കാനുമാണ് ഹിന്ദുത്വ ശ്രമിക്കുന്നത്. ചരിത്രത്തിലെ അടയാളങ്ങളെ തുടച്ചുനീക്കുന്നതിലൂടെ ഒരു സമൂഹത്തിന്റെ കൂട്ടായ ഓര്‍മകള്‍ കൂടിയാണ് അട്ടിമറിക്കപ്പെടുന്നത്.

ഇന്ത്യയില്‍ വിവിധ കാലഘട്ടങ്ങളിലായി ഒട്ടനവധി സ്ഥലനാമങ്ങള്‍ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. ഇതില്‍ പലതും കോളോണിയല്‍ പാരമ്പര്യം ഒഴിവാക്കാനോ അല്ലെങ്കില്‍ തദ്ദേശീയവും പൗരാണികവുമായ നാമങ്ങളിലേക്ക് തിരികെ പോകാനോ വേണ്ടിയുള്ളതാണെന്നാണ് ഔദ്യോഗിക വീക്ഷണം.

ഒരു ജനതയെന്ന നിലയില്‍ കൊളോണിയല്‍ ബാക്കിപത്രങ്ങളില്‍ നിന്ന് കൂടി സ്വാതന്ത്ര്യം നേടുന്നത് അഭികാമ്യമാണ്. പക്ഷേ ഈ വാദങ്ങളുടെ മറ പിടിച്ച് രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ തുടര്‍ച്ചയുടെ കണ്ണികളെ മുറിച്ചുമാറ്റുന്ന നടപടികളാണ് സ്ഥലനാമ മാറ്റങ്ങളിലൂടെ സംഘപരിവാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴോ അല്ലെങ്കില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്തോ മാറ്റിയ പ്രധാനപ്പെട്ട ചില സ്ഥലനാമങ്ങളും അവയുടെ പശ്ചാത്തലവും കൂടി പരിശോധിക്കുമ്പോള്‍ എത്രത്തോളം വംശീയമായ ലക്ഷ്യങ്ങളാണ് സ്ഥലനാമ മാറ്റങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് ബോധ്യമാകും.

മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ നിര്‍മിച്ച നഗരമാണ് അലഹബാദ്. ഇന്ത്യന്‍ ചരിത്രത്തിലെ വികാരഭരിതമായ അനേകം സന്ദര്‍ഭങ്ങളെ ഗര്‍ഭം ധരിച്ച് നില്‍ക്കുന്ന അലഹബാദ് മധ്യകാല ഇന്ത്യയെ ആധുനിക ഇന്ത്യയുമായി കണ്ണി ചേര്‍ക്കുന്ന ഒരു നാഗരികതയാണ്.

അലഹബാദ്

അലഹബാദ് എന്ന പേരിന്റെ ഉത്ഭവമാണ് സംഘപരിവാറിനെ അസ്വസ്ഥമാക്കിയത്. ഇലാഹാബാദില്‍ നിന്നാണ് അലഹബാദ് പരിണമിച്ചുണ്ടായത്. ഇലാഹാബാദെന്നാല്‍ ദൈവത്തിന്റെ പട്ടണമെന്നാണര്‍ത്ഥം. അക്ബറിന്റെ ദൈവം അല്ലാഹുവായത് കൊണ്ട് ഇലാഹാബാദ് അല്ലാഹുവിന്റെ പട്ടണമാണെന്നും അത് ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കുന്നതല്ല എന്നുമാണ് ഹിന്ദുത്വയുടെ കാഴ്ചപ്പാട്.

അക്ബര്‍ നഗരം നിര്‍മിക്കുമ്പോള്‍ വലിയൊരു കോട്ട കൂടി അദ്ദേഹം നിര്‍മിച്ചു. അതാണ് വിഖ്യാതമായ അലഹാബാദ് കോട്ട. ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍, പ്രത്യേകിച്ച് സ്വാതന്ത്ര്യസമരത്തില്‍, അലഹാബാദിനും അലഹബാദ് കോട്ടയ്ക്കു നിര്‍ണായക സ്ഥാനമുണ്ട്.

അലഹാബാദ് കോട്ട. Photo: Wikipedia

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങള്‍ക്ക് പലതവണ ഈ നഗരം വേദിയായിട്ടുണ്ട്. അലഹബാദിലെ നെഹ്റു കുടുംബത്തിന്റെ വസതി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഒരു കേന്ദ്രബിന്ദുവായിരുന്നു.

അലഹബാദിന്റെ മറ്റൊരു പ്രൗഢി ആ പേരിലുള്ള സര്‍വകലാശാലയാണ്. കിഴക്കിന്റെ ഓക്‌സ്‌ഫോര്‍ഡ് എന്നാണ് അലഹാബാദ് സര്‍വകലാശാലയെ വിശേഷിപ്പിക്കാറുള്ളത്. വടക്കേ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെയും ബുദ്ധിജീവികളുടെയും കേന്ദ്രമായാണ് ഇത് ദീര്‍ഘകാലമായി അറിയപ്പെടുന്നത്.

അലഹാബാദ് സര്‍വകലാശാല

അലഹാബാദ് ഹൈക്കോടതി രാജ്യത്തെ ഏറ്റവും പഴയതും വലുതുമായ ഹൈക്കോടതികളിലൊന്നാണ്. ഇങ്ങനെ ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും ഒരു നിര്‍ണായക ഘട്ടത്തെ ഒന്നടങ്കം തന്നിലേക്ക് ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഒരു നഗരനാമമാണ് അലഹബാദ്.

അലഹാബാദ് ഹൈക്കോടതി

ചരിത്രത്തിലും വര്‍ത്തമാനത്തിലും വേരാഴ്ത്തി നില്‍ക്കുന്ന ഒരു നഗരനാമത്തെ വംശീയ വിദ്വേഷം ഒന്ന് കൊണ്ട് മാത്രം മാറ്റി പുതിയതൊന്ന് സ്വീകരിക്കാനുള്ള ത്വരയുണ്ടാകുന്നത് അത് ഹിന്ദുത്വ ദേശീയതയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമാകുന്നത് കൊണ്ട് മാത്രമാണ്.

ഒരു നഗരത്തിന്റെയോ നാടിന്റെയോ പേരില്‍ മാറ്റം വരുത്തുവാന്‍ ചരിത്രമോ സംസ്‌കാരമോ സാമൂഹ്യശാസ്ത്രപരമായ പുതിയ സങ്കേതങ്ങളോ അനിവാര്യമായ ഒരു കാരണമാകുന്നുവെങ്കില്‍ അതൊരു സ്വഭാവികമായ മാറ്റമാണ്. എന്നാല്‍ ഐതീഹ്യങ്ങളെയും കഥകളെയും ചരിത്രവത്കരിച്ച് കൊണ്ടുള്ള ഒരു പേര് മാറ്റം ഒട്ടും ജനാധിപത്യപരമല്ല.

പ്രയാഗ്‌രാജ് എന്ന പേര് സ്ഥാപിക്കുന്ന ഹിന്ദുത്വവാദികള്‍

അത്തരമൊരു ജനാധിപത്യ ബോധമില്ലായ്മയാണ് ഹരിയാനയിലെ ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാമമെന്ന് മാറ്റിയതിലൂടെ സംഭവിച്ചിരിക്കുന്നത്. മഹാഭാരത കഥയിലെ കഥാപാത്രമായ ദ്രോണാചാര്യരുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ പേര് മാറ്റം നടത്തിയിരിക്കുന്നത്.

പേരുമാറ്റം നഗരത്തിന്റെ പൗരാണികമായ മേല്‍വിലാസം വീണ്ടെടുക്കുന്നതിനായി നടത്തിയതാണെന്നാണ് വിശദീകരണം. എന്നാല്‍ ചരിത്രപരമായ രേഖകള്‍ പ്രകാരം, മുഗള്‍ ഭരണകാലത്തും അതിനുശേഷവും ഈ പ്രദേശം അഡ്മിനിസ്‌ട്രേറ്റീവ് രേഖകളില്‍ ഗുഡ്ഗാവ് എന്ന പേരില്‍ തന്നെയാണ് അറിയപ്പെട്ടിരുന്നത്.

ഗുഡ്ഗാവ് റെയ്ല്‍വേ സ്റ്റേഷനില്‍ നിന്നും. Photo: India Rail Info

ജനങ്ങളുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാട്ടുഭാഷാ ശൈലികള്‍ കാരണം ഒരുപക്ഷേ ഗുരുഗ്രാം എന്ന പേര് ക്രമേണ ഗുഡ്ഗാവ് എന്നതിലേക്ക് ചുരുങ്ങിയതാകാം. ഇനി അങ്ങനെയാണെങ്കില്‍ തന്നെ ഭാഷാ ശൈലികള്‍ കൊണ്ടും വാമൊഴി വഴക്കം കൊണ്ടും ഉച്ചാരണഭേദം വന്ന സ്ഥലനാമങ്ങളെയെല്ലാം ഉച്ചാരണ ശുദ്ധി വരുത്തി തിരുത്തിന് വിധേയമാക്കാന്‍ നിന്നാല്‍ അതൊരു മനുഷ്യസാധ്യമല്ലാത്ത കൃത്യമായി തീരും. അത്രമാത്രം വിപുലമായ വാമൊഴി തഴക്കങ്ങളും ഉച്ചാരണ ഭേദങ്ങളും ഓരോ ഭാഷയിലെയും വാക്കുകളിലുണ്ട്.

അങ്ങനെയുണ്ടാകുമ്പോഴാണ് ഭാഷ അതിന്റെ വാക്കുകള്‍ക്ക് സ്വയമൊരു സാംസ്‌കാരിക പരിസരത്തെ സൃഷ്ടിച്ച് നല്‍കുന്നത്. ആ സാംസ്‌കാരിക പരിസരങ്ങളെയാണ് സംഘപരിവാര്‍ അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധ നഗരമായ ഔറംഗബാദിന്റെയും പേര് മാറ്റിക്കഴിഞ്ഞു. ഛത്രപതി സംഭാജി നഗര്‍ എന്നാണ് ഔറംഗബാദിന്റെ പുതിയ പേര്. മറാത്ത രാജാവായ ഛത്രപതി സംഭാജിയുടെ ബഹുമാനാര്‍ത്ഥമാണ് ഈ പുനര്‍നാമകരണമെന്നാണ് വ്യാഖ്യാനം.

ഔറംഗസേബ്. Photo: Wikipedia

ചരിത്രം അവഗണിച്ച് പോയ വ്യക്തിത്വങ്ങളെ സ്മരിക്കുന്നതിനും വീണ്ടെടുക്കുന്നതിനും നാം എതിരല്ല. സംഭാജിയെ ഓര്‍ക്കാനും അദ്ദേഹത്തിന്റെ സ്മരണ നിര്‍ത്താനും പുതിയ സ്മാരകങ്ങളോ നഗരങ്ങളോ പണികഴിപ്പിക്കാതെ ചരിത്രത്തിന്റെ ഗരിമ നിലനിര്‍ത്തുന്ന ഐതിഹാസികമായ നഗരങ്ങളെ പുനര്‍നാമകരണം ചെയ്യാന്‍ കാണിക്കുന്ന ത്വരയും അതിന്റെ ഉദ്ദേശങ്ങളുമാണ് പ്രശവത്കരിക്കുന്നത്.

ഔറംഗബാദിന് മുകളില്‍ സംഭാജി നഗര്‍ എന്ന പേര് സ്ഥാപിക്കുന്ന ഹിന്ദുത്വവാദികള്‍

മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഔറംഗബാദ് ഇന്ത്യയുടെ ചരിത്രപരമായ ഒരു പ്രധാന കേന്ദ്രമാണ്. പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ഈ നഗരത്തെ തന്റെ ആസ്ഥാനമായി തിരഞ്ഞെടുത്തതോടെയാണ് ഇതിന് ഔറംഗബാദ് എന്ന പേര് ലഭിച്ചത്.

ബീവി കാ മഖ്ബറ – ഔറംഗാബാദിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. Photo: Wikipedia

ചരിത്രപരമായി ഖഡ്കി എന്നറിയപ്പെട്ടിരുന്ന ഈ നഗരം പിന്നീട് മാലിക്ക അംബര്‍ വികസിപ്പിക്കുകയും ഔറംഗസേബ് വിപുലീകരിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലേക്കുള്ള കവാടം എന്നാണ് ചരിത്രകാരന്മാര്‍ ഈ നഗരത്തെ വിശേഷിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ബറേലിയാണ് മാറ്റത്തിനായി സജ്ജമായി നില്‍ക്കുന്ന മറ്റൊരു നഗരം. നാഥ് നഗരി എന്ന പേരാണ് ബറേലിക്കായി കണ്ട് വെച്ചിരിക്കുന്നത്. 1657ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലത്ത് മുക്രാന്ദ് റായ് എന്ന ഗവര്‍ണറാണ് ആധുനിക ബറേലിയുടെ അടിത്തറ പാകിയതെന്നാണ് ചരിത്രം.

നഗരത്തിന്റെ തുടര്‍ വികസനത്തില്‍ അതിന്റെ വാണിജ്യപരമായ സ്വാധീനം വലിയ പങ്കുവഹിച്ചു. മുഗള്‍ ഭരണകാലത്ത് ബറേലിക്ക് ബരേവ്ലി എന്ന് പേരുണ്ടായിരുന്നുവെന്നും ഇത് പേര്‍ഷ്യന്‍ വാക്കുകളായ ബാര്‍ അഥവാ കോട്ട, എല്‍വി അഥവാ പുറത്ത് എന്നീ വാക്കുകളില്‍ നിന്നാണ് രൂപം കൊണ്ടതെന്നുമാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്.

ബറേലി കോളേജ്. Photo: Wikipedia

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയ നഗരങ്ങളിലൊന്നായിരുന്നു ഇത്. ചരിത്രപരമായി മാത്രമല്ല, സാംസ്‌കാരികമായും ബറേലിക്ക് ഒട്ടേറെ സവിശേഷതകളുണ്ട്.

ഹിന്ദു-മുസ്ലിം സംസ്‌കാരങ്ങളുടെ സവിശേഷമായ ഒരു സംഗമഭൂമിയാണ് ബറേലി. നൂറ്റാണ്ടുകളായി ഇവിടുത്തെ ജനങ്ങള്‍ മതപരമായ അതിര്‍വരമ്പുകള്‍ക്കപ്പുറം സൗഹാര്‍ദത്തോടെയാണ് ജീവിക്കുന്നത്. ബറേലിയുടെ സംസ്‌കാരവും തെരുവുകളും നിരവധി നോവലുകളിലും സിനിമകളിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

നഗരത്തിന്റെ തനതായ ഭക്ഷണവിഭവങ്ങളും ഇവിടുത്തെ ജുംക (കമ്മല്‍) സംസ്‌കാരവും വളരെ പ്രസിദ്ധമാണ് പ്രശസ്തമായ ജുംകാ ഗിരാ രേ… എന്ന ഹിന്ദി സിനിമാഗാനം ബറേലിയെ ലോകപ്രശസ്തമാക്കി.

ജുംക ചൗക്കില്‍ നിന്നും . Photo: Wikimedia Commons

ഇത്രമേല്‍ ചരിത്രത്തിലും സഹവര്‍ത്തന സാംസ്‌കാരികതയിലും പതിഞ്ഞ് കിടക്കുന്ന ഒരു നഗര നാമത്തെയും അതിന്റെ സാംസ്‌കാരികതയെയും തിരുത്താന്‍ ശ്രമിക്കുമ്പോള്‍ ഒരു ചരിത്രമൂലധനത്തെ നഷ്ടപ്പെടുത്തുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്.

പക്ഷെ ഹിന്ദുത്വ ദേശീയതയെ മാത്രം സ്വപ്നം കാണുന്നവര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമായി തോന്നുന്നില്ല. ബറേലിയുടെ പേര് മാറ്റുന്നതിലൂടെ ആ പ്രദേശത്തിന് ഹിന്ദുത്വപരമായ ഒരു സ്വത്വം നല്‍കാനും, മുസ്‌ലിം ഭരണകാലത്തെ ചരിത്ര സ്വാധീനത്തെ മായ്ച്ചുകളയാനുമാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന നഗരമാണ് മുഗള്‍സരായി. വാരണാസിക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുഗള്‍ ഭരണത്തിന്റെ ജനക്ഷേമ താത്പരതയുടെ അടയാളമായാണ് മുഗള്‍സരായി നിലനില്‍ക്കുന്നത്.

മുഗള്‍സരായി

യാത്രക്കാര്‍ക്ക് വിശ്രമിക്കാനായി മുഗള്‍ ഭരണകര്‍ത്താക്കള്‍ നിര്‍മിച്ചിരിക്കുന്ന വിശ്രമ കേന്ദ്രങ്ങളാണ് സരായികള്‍. ഇന്ത്യയില്‍ പലയിടത്തും സരായി എന്ന് പേരുള്ള സ്ഥലങ്ങളുണ്ട്. ദല്‍ഹിയിലെ സരായി കാലഖാന്‍ ഉദാഹരണം.

സരായി എന്നത് മുഗള്‍ കാലഘട്ടത്തിലെ വാസ്തുവിദ്യയുടെയും സാമൂഹിക, സാമ്പത്തിക വ്യവസ്ഥയുടെയും ഭാഗമായിരുന്ന ഒരു സംവിധാനം കൂടിയായിരുന്നു. രാജ്യത്തെ പ്രധാന വഴികളിലെല്ലാം വലുതും ചെറുതുമായ സരായികള്‍ നിര്‍മിക്കപ്പെട്ടിരുന്നു. അത്തരമൊരു സരായി നിലനിന്ന സ്ഥലം പിന്നീട് ഒരു നഗരമായി വികസിക്കുകയും നഗരം മുഗള്‍ സരായി എന്ന് വിളിക്കപ്പെടുകയും ചെയ്തു.

2018ല്‍ ബി.ജെ.പി സര്‍ക്കാര്‍ ഈ നഗരത്തിന്റെ പേര് മാറ്റാന്‍ തീരുമാനമെടുക്കുകയും ഹിന്ദുത്വ ദേശീയതയുടെ ദാര്‍ശനികരില്‍ ഒരാളായ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേര് അതിന് നല്‍കുകയുമായിരുന്നു.

പേരുമാറ്റം

ഹിന്ദുത്വയുടെ പേര് മാറ്റല്‍ യജ്ഞത്തിന് വിധേയമായ മറ്റൊരു നഗരം നയാ റായ്പൂരാണ്. 2000ല്‍ മധ്യപ്രദേശില്‍ നിന്നും വേര്‍പെട്ട് ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെയാണ് ഒരു പുതിയ തലസ്ഥാന നഗരി എന്ന ആശയം ശക്തമായത്.

പഴയ റായ്പൂര്‍ നഗരത്തിന്റെ തിരക്കും വികസന പരിമിതികളും കണക്കിലെടുത്താണ് അതിനോട് ചേര്‍ന്ന് തന്നെ ഒരു ഗ്രീന്‍ഫീല്‍ഡ് സിറ്റി അഥവാ ശൂന്യതയില്‍ നിന്ന് നിര്‍മിക്കപ്പെടുന്ന ആധുനിക നഗരം എന്ന നിലയില്‍ നയാ റായ്പൂര്‍ വിഭാവനം ചെയ്തത്.

നയാ റായ്പൂർ

ഇന്ത്യയിലെ ഏറ്റവും പുതിയതും ആധുനികവുമായ ആസൂത്രിത നഗരങ്ങളില്‍ ഒന്നാണ് നയാ റായ്പൂര്‍. ചരിത്രപരമായ പ്രാധാന്യത്തേക്കാള്‍ ഉപരിയായി ആധുനിക ഇന്ത്യയുടെ വികസന സങ്കല്‍പ്പങ്ങളുടെയും രാഷ്ട്രീയ തീരുമാനങ്ങളുടെയും അടയാളമായാണ് നയാ റായ്പൂര്‍ നിലകൊള്ളുന്നത്.

പുതിയ സംസ്ഥാനമായ ഛത്തീസ്ഗഢിന്റെ ഭരണപരമായ കേന്ദ്രം എന്നതിലുപരി വടക്കേ ഇന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും വാണിജ്യ പാതകളെ ബന്ധിപ്പിക്കുന്ന ഒരു തന്ത്രപ്രധാന കേന്ദ്രമായി കൂടിയാണ് നയാ റായ്പൂര്‍ വികസിപ്പിച്ചത്. പഴയ നഗരത്തിന്റെ പാരമ്പര്യവും പുതിയ തലസ്ഥാനത്തിന്റെ ആധുനികതയും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് ഇതിന്റെ നിര്‍മാണത്തിലെ മുഖ്യമായ സവിശേഷത.

ഈ നഗരനാമത്തെയും സംഘപരിവാര്‍ ഹിന്ദുത്വവത്കരിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണ നിലനിര്‍ത്താനെന്ന വാദവുമായാണ് നയാ റായ്പൂരിനെ അടല്‍ നഗറെന്ന് പുനര്‍നാമകരണം ചെയ്തത്. ഇത്തരത്തില്‍ പട്ടിക നിരത്തിയാല്‍ ഏറെ നീളുന്ന വിധം അനേകക്കണക്കിന് നഗരങ്ങളുടെയും പട്ടണങ്ങളുടെയും പേരുകള്‍ ഹിന്ദുത്വ ദേശീയതയുടെ താത്പര്യപ്രകാരം തിരുത്തപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്.

അടല്‍ ബിഹാരി വാജ്പേയി

ചരിത്രപരമായ അടയാളങ്ങളെയും പേരുകളെയും മായ്ച്ചുകളയാന്‍ നടത്തുന്ന ശ്രമം എങ്ങനെയാണ് വംശീയ ബോധത്തില്‍ ഊന്നിയുള്ള ഒരു പ്രവര്‍ത്തനമാകുന്നത് എന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ടാകാന്‍ സാധ്യതയുണ്ട്. ചില കാര്യങ്ങള്‍ കൂടി പരിശോധിക്കുമ്പോള്‍ ഈ ആശയക്കുഴപ്പം പരിഹരിക്കപ്പെടും.

ഒന്നാമതായി, ഒരു പ്രദേശത്തിന്റെ പേരെന്നത് വെറുമൊരു അക്ഷരക്കൂട്ടമല്ല. അത് ആ പ്രദേശത്തിന്റെ കാലപ്പഴക്കത്തെയും അതിലെ ജനജീവിതത്തിന്റെ പരിണാമത്തെയും കുറിക്കുന്ന ഒന്നാണ്. ഒരു പേര് മാറ്റുക വഴി ഒരു ഭരണകാലത്തിന്റ വലിയൊരു ചരിത്ര അധ്യായത്തെ തന്നെയാണ് പൂര്‍ണമായും തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത്.

ഈ പേരുമാറ്റം എന്നത് കേവലം ഭരണപരമായ ഒരു നടപടിയല്ല, മറിച്ച് ചരിത്രത്തെ സ്വന്തം വംശീയ ബോധത്തിനനുസരിച്ച് പുനര്‍നിര്‍മിക്കാനുള്ള ഒരു രാഷ്ട്രീയ ആയുധമാണ്. ഇത്തരം നടപടികള്‍ നഗരത്തിന്റെ ചരിത്രപരമായ ആത്മാവിനെ നഷ്ടപ്പെടുത്തുകയും, ഭാവിയില്‍ വംശീയപരമായ അകല്‍ച്ച വര്‍ധിപ്പിക്കാന്‍ കാരണമാവുകയും ചെയ്യും.

ഇനി ഏതെങ്കിലും കാരണവശാല്‍ ഒരു നഗരത്തിന്റെയോ പ്രദേശത്തിന്റെയോ പേര് മാറ്റല്‍ അനിവാര്യമാകുകയാണെങ്കില്‍ അതിന് സാമൂഹികശാസ്ത്രപരമായി ഒരു കാരണമുണ്ടാവുകയും പേര് മാറ്റല്‍ പ്രക്രിയ ജനാധിപത്യപരമാകുകയും വേണം.

അല്ലാതെ ചരിത്രത്തില്‍ നിന്ന് ആവശ്യമുള്ളതിനെ മാത്രം തെരഞ്ഞെടുക്കുന്ന ഒരു വംശീയ വീക്ഷണത്തിന്റെ ഉപകരണമായി ഒരു ജനാധിപത്യ ഭരണകൂടം മാറാന്‍ പാടില്ല. ചരിത്രത്തെ അതേപടി വിശകലനം ചെയ്യുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിന് പകരം അതില്‍ നിന്നും സൗകര്യപ്രദമായവയെ മാത്രം തിരഞ്ഞെടുത്ത് വാഴ്ത്തുന്ന പ്രവണത ബഹുസ്വരതയുള്ള ഒരു സമൂഹത്തിന്റെ അടിത്തറയെ തന്നെ തകര്‍ത്ത് കളയും.

വംശീയമായ പ്രത്യശാസ്ത്രങ്ങളാല്‍ പ്രചോദിതരായ ഭരണകൂടം ഇങ്ങനെ ചെയ്യുമ്പോള്‍ അത് ചരിത്രത്തെ അവര്‍ക്കനുകൂലമായി ശുദ്ധീകരിക്കാനുള്ള ഒരു ശ്രമമായിരിക്കും. പേര് മാറ്റങ്ങള്‍ കൊണ്ട് രണ്ടാമതായി ലക്ഷ്യം വെക്കുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷ ധ്രുവീകരണമാണ്. ഭൂരിപക്ഷ ജനതയെ വംശീയ പ്രത്യയശാസ്ത്രത്താല്‍ ഉന്മത്തരാക്കാന്‍ ഇത്തരം പേരുമാറ്റങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് സംഘപരിവാര്‍ കണക്ക് കൂട്ടുന്നു.

Photo: ChatGPT

ഇതര സാമ്രാജ്യങ്ങളുടെ പ്രതീകങ്ങളെ മാത്രം ഉയര്‍ത്തിക്കാട്ടുകയും മുഗള്‍ പൈതൃകത്തെ അന്യമായി കാണുകയും ചെയ്യുന്ന ഈ പ്രവണത, വംശീയവും വര്‍ഗീയവുമായ ചേരിതിരിവ് സൃഷ്ടിക്കുന്നതിനും, ചരിത്രപരമായ ബഹുസ്വരതയെ ഇല്ലാതാക്കുന്നതിനുമാണ് സമകാലിക ഇന്ത്യയില്‍ ഉപകരിച്ച് കൊണ്ടിരിക്കുന്നത്.

പുരാവസ്തു ഗവേഷണങ്ങളും ഹിന്ദുത്വ താത്പര്യങ്ങളും

പുരാതന കാലത്തെ മനുഷ്യരെക്കുറിച്ചും അവരുടെ ജീവിതരീതികളെക്കുറിച്ചും അവശേഷിപ്പുകളെ പഠനവിധേയമാക്കി മനസ്സിലാക്കുന്ന ശാസ്ത്രശാഖയാണ് പുരാവസ്തു ശാസ്ത്രം. ലളിതമായി പറഞ്ഞാല്‍, ഭൂമിയില്‍ നിന്ന് കണ്ടെടുക്കുന്ന ഭൗതിക തെളിവുകളെ അടിസ്ഥാനമാക്കി ചരിത്രത്തെ പുനര്‍നിര്‍മിക്കുകയാണ് ഈ ശാസ്ത്രം ചെയ്യുന്നത്.

പുരാവസ്തുശാസ്ത്രം എന്നത് വസ്തുനിഷ്ഠമായ തെളിവുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കേണ്ട ഒരു ശാസ്ത്രശാഖയാണ്. പുരാവസ്തു ഗവേഷണങ്ങളെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശാസ്ത്രീയമായ സത്യസന്ധതയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ഖനനങ്ങളിലൂടെ ലഭിക്കുന്ന തെളിവുകളെ നിഷ്പക്ഷമായി വിശകലനം ചെയ്യുന്നതിന് പകരം, മുന്നേ നിശ്ചയിച്ച രാഷ്ട്രീയ ലക്ഷ്യങ്ങളെ സാധൂകരിക്കാന്‍ മാത്രം തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു തല തിരിഞ്ഞ രീതിശാസ്ത്രമാണ് രാജ്യത്ത് ഇന്ന് അനുവര്‍ത്തിക്കപ്പെട്ട് വരുന്നത്. ഗവേഷണത്തിന്റെ അന്തസ്സിനെ തന്നെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നിലുള്ള ഒരേയൊരു ലക്ഷ്യം ഹിന്ദുത്വ ദേശീയതയ്ക്ക് പാകപ്പെടുന്ന തെളിവുകള്‍ കണ്ടെത്തുക എന്നത് മാത്രമാണ്.

പുരാവസ്തു ശാസ്ത്രത്തെ രാഷ്ട്രീയത്തിന്റെ കാല്‍ക്കീഴിലാക്കുമ്പോള്‍, ചരിത്രത്തിന് നഷ്ടപ്പെടുന്നത് അതിന്റെ അടിസ്ഥാനപരമായ വിശ്വാസ്യതയാണ്.

പുരാവസ്തുശാസ്ത്രത്തെ സംഘപരിവാര്‍ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അക്കാദമിക തലത്തിലും രാഷ്ട്രീയ മണ്ഡലങ്ങളിലും ഏറെ സജീവമാണ്. ഇക്കാരണങ്ങള്‍ കൊണ്ട് രാജ്യത്തെ പുരാവസ്തു ശാസ്ത്രത്തിന് ഹിന്ദുത്വ ആര്‍ക്കിയോളജി എന്നൊരു പേര് തന്നെ ലഭിച്ചിട്ടുണ്ട്.

അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിയില്‍ നടത്തിയ ഖനനങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ്. ഒരു പൗരാണികമായ ക്ഷേത്രം അവിടെ ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പുരാവസ്തു തെളിവുകളെ രാഷ്ട്രീയമായ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി വ്യാഖ്യാനിച്ചുവെന്ന വലിയ വിമര്‍ശനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ബാബരി മസ്ജിദ്

സംഘപരിവാര്‍ തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു നാഗരികതയാണ് തമിഴ്‌നാട്ടിലെ കീഴടിയിലേത്. കീഴടിയില്‍ നിന്ന് ലഭിച്ച തെളിവുകള്‍ സിന്ധുനദീതട നാഗരികതയുമായി ബന്ധപ്പെട്ടും, വേദകാലത്തിന് മുന്‍പുള്ള ദ്രാവിഡ സംസ്‌കാരത്തെക്കുറിച്ചും സംസാരിക്കുന്നതാണ്.

കീഴടി. Photo: Wikipedia

ഇന്ത്യയുടെ ചരിത്രം ഒരു പ്രത്യേക മതത്തിലോ വംശത്തിലോ മാത്രം കേന്ദ്രീകരിച്ചുള്ളതല്ലെന്നും, മറിച്ച് ദ്രാവിഡവും അല്ലാത്തതുമായ ഒട്ടേറെ സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണെന്നും കാണിക്കുന്ന സ്പഷ്ടമായ പുരാവസ്തു രേഖകളാണ് കീഴടിയില്‍ നിന്ന് ലഭിക്കുന്നത്.

ഇത് ഏകാത്മകമായ ഹൈന്ദവത എന്ന ആശയത്തിന് ഭീഷണിയാകുന്നതാണ്. ഹിന്ദുത്വയുടെ ആര്യ, വേദ ആഖ്യാനങ്ങള്‍ക്ക് വിരുദ്ധമായിരുന്നതിനാല്‍ കീഴടിയിലെ സര്‍വേയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭാഗത്തുനിന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിലും ഖനനം തുടരുന്നതിലും തടസ്സങ്ങളുണ്ടായി എന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇത്തരത്തില്‍ സെലക്ടീവ് ഖനനങ്ങള്‍ നടത്തിയും ഏകപക്ഷീയമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയും ചരിത്രം കൊണ്ടും പുരാവസ്തു പഠനം കൊണ്ടും വ്യാജമായ തെളിവുകളുണ്ടാക്കി ഹിന്ദുത്വ ദേശീയതയെ ശാക്തീകരിക്കാനുള്ള നടപടികളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

കുരുക്ഷേത്ര, ഹസ്തിനപുരം തുടങ്ങിയ സ്ഥലങ്ങളെ പുരാണങ്ങളിലെ കൃത്യമായ സ്ഥലങ്ങളായി ഉറപ്പിക്കാന്‍ പുരാവസ്തു ശാസ്ത്രത്തെ നൃശംസനീയമായ നിലയിലാണ് കൈകാര്യം ചെയ്ത് കൊണ്ടിരിക്കുന്നത്. പുരാവസ്തു തെളിവുകളെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഐതിഹ്യങ്ങളുമായി ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ചരിത്രം എന്നത് സങ്കീര്‍ണമാണ്. പലപ്പോഴും അത് അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. എന്നാല്‍, ആ അസ്വസ്ഥതകളാണ് ഒരു ജനതയെ ചിന്തിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നത്. ചരിത്രത്തെ മിത്തുകളാല്‍ മൂടാനും, വിയോജിപ്പുകളെ മായ്ച്ചുകളയാനും ശ്രമിക്കുന്നത് ഒരു രാഷ്ട്രത്തിന്റെ വളര്‍ച്ചയല്ല, മറിച്ച് അതിന്റെ സാംസ്‌കാരികമായ തകര്‍ച്ചയാണ്.

യഥാര്‍ത്ഥ ദേശീയത എന്നത് ചരിത്രത്തെ വളച്ചൊടിക്കലല്ല, മറിച്ച് ചരിത്രത്തിന്റെ നേരും തെറ്റും ഉള്‍ക്കൊണ്ടുകൊണ്ട് ഒരു വലിയ ജനാധിപത്യ സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ്.

 

Content Highlight: M.S. Shaiju writes about the Hindutva agenda of renaming places.

 

എം.എസ്. ഷൈജു
പത്രപ്രവര്‍ത്തകന്‍, വ്യവസായ സംരംഭകന്‍. കൊല്ലം ജില്ലയിലെ വട്ടപ്പാറ സ്വദേശി.