'റായ്ടു പോയതുകൊണ്ട് നിനക്ക് സാധ്യതയുണ്ട്'; സിനിമ താരത്തെ ടീമിലേക്ക് ക്ഷണിച്ച് ധോണി
Sports News
'റായ്ടു പോയതുകൊണ്ട് നിനക്ക് സാധ്യതയുണ്ട്'; സിനിമ താരത്തെ ടീമിലേക്ക് ക്ഷണിച്ച് ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th July 2023, 5:03 pm

ഐ.പി.എല്‍ കണ്ട എക്കാലത്തെയും മികച്ച ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുടെ കീഴിലുള്ള ടീമിന് ആരാധകര്‍ ഏറെയാണ്, ഈ കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ധോണി കളിക്കാന്‍ ഇറങ്ങിയ ഗ്രൗണ്ടുകളിലെ ആരവങ്ങള്‍ മാത്രം മതി സൂപ്പര്‍ കിങ്‌സിന്റെ ഫാന്‍ പവര്‍ അളക്കാന്‍. സെലിബ്രിറ്റികളുടെ ഇടയിലും ഒരുപാട് ആരാധകര്‍ ധോണിപ്പടക്കുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ വന്നിരിക്കുകയാണ് തമിഴ് സിനിമ താരം യോഗി ബാബു.

ധോണിയോട് സി.എസ്.കെയില്‍ തനിക്ക് സ്ഥാനമുണ്ടോയെന്ന് ചോദിക്കുകയായിരുന്നു യോഗി ബാബു. യോഗിയുടെ ഈ ചോദ്യത്തിന് വളരെ രസകരമായിട്ടാണ് ധോണി മറുപടി കൊടുക്കുന്നത്. അമ്പാട്ടി റായ്ഡു വിരമിച്ചതുകൊണ്ട് തനിക്ക്
ടീമില്‍ സ്ഥാനമുണ്ടെന്നും എന്നാല്‍ യോഗി സിനിമയില്‍ തിരക്ക് ആയത് കാരണം കളിക്കാന്‍ സാധിക്കുമോ എന്നും ധോണി ചോദിച്ചു.

താന്‍ ആദ്യമായി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയായ ‘ലെറ്റ്‌സ് ഗെറ്റ് മാരീഡിന്റെ’ ഓഡിയോ ലോഞ്ചിനിടിയില്‍ സംസാരിക്കുകയായിരുന്നു ധോണി.

 

‘റായ്ടു വിരമിച്ചിട്ടുണ്ട് അതിനാല്‍, സി.എസ്.കെയില്‍ ഒരു സ്ഥാനം ബാക്കിയുണ്ട്. ഞാന്‍ മാനേജ്‌മെന്റുമായി സംസാരിക്കാം. പക്ഷേ, നിങ്ങള്‍ സിനിമകളില്‍ തിരക്കിലാണ്, എന്നാല്‍ നിങ്ങള്‍ സ്ഥിരമായി കളിക്കേണ്ടതുണ്ട്,’ തമാശ രുപേണ ധോണി പറഞ്ഞു.

അതോടൊപ്പം ബൗളര്‍മാര്‍ വളരെ വേഗത്തില്‍ പന്തെറിയുമെന്നും നിങ്ങളെ പരിപ്പേല്‍പ്പിക്കാന്‍ മനപൂര്‍വം ശ്രമിക്കുമെന്നും അദ്ദേഹം യോഗിയോട് പറഞ്ഞു. വളരെ രസകരമായിട്ടാണ് ഇരുവരും സംവദിച്ചത്. റിട്ടയര്‍മെന്റിന് ശേഷം ഐ.പി.എല്‍ മാത്രം കളിക്കുന്ന ധോണി പൊതു സ്ഥലങ്ങളിലും സോഷ്യല്‍ മീഡിയയിലും തീരെ ആക്റ്റീവല്ലാത്ത താരമാണ്.

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചുകൊണ്ട് സി.എസ്.കെ ചാമ്പ്യന്‍മാരായിരുന്നു. അവസാന പന്ത് വരെ ആവേശം നിലനിന്നിരുന്ന മത്സരത്തില്‍ സി.എസ്.കെ അഞ്ച് വിക്കറ്റിന് വിജയിക്കുകയായിരുന്നു.

തമിഴ്‌നാടിനോടും ചെന്നൈയോടും ഒരുപാട് സ്‌നേഹമുള്ള ധോണിയുടെ ആദ്യ പ്രൊഡക്ഷനും ഒരു തമിഴ് സിനിമ തന്നെയാണ്. സിനിമയില്‍ യോഗി ബാബുവും പ്രധാന റോളിലെത്തുന്നുണ്ട്.

Content Highlight: M.S Dhoni trolls Yogi Babu