അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായി മാറിയ വ്യക്തിയാണ് എം. പത്മകുമാര്‍. നിരവധി മുന്‍നിര സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 2003ല്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി 20ഓളം സിനിമകള്‍ പത്മകുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി എം. പദ്മകുമാര്‍ സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പരുന്ത്. അതുവരെ വന്നതില്‍ വെച്ച് ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായെത്തിയ പരുന്ത് ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. അര്‍ധരാത്രി 12 മണിക്ക് ഫാന്‍സ് ഷോ വെച്ച ചിത്രം ആരാധകരെ പാടെ നിരാശപ്പെടുത്തുകയായിരുന്നു.
ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ എം. പദ്മകുമാര്‍. മമ്മൂട്ടിയെ വെച്ച് താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അതെന്ന് പദ്മകുമാര്‍ പറഞ്ഞു. ഒരു സിനിമയുടെ എല്ലാ ടെക്‌നിക്കല്‍ മേഖലകളും നന്നായാലും സ്‌ക്രിപ്റ്റ് ശരിയായില്ലെങ്കില്‍ എല്ലാം മോശമാകുമെന്നതിന് ഉദാഹരണമാണ് പരുന്ത് എന്ന സിനിമയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു പദ്മകുമാര്‍.
‘അതുവരെ വന്നതില്‍ വെച്ച് ഏറ്റവും വലിയ ഹൈപ്പിലായിരുന്നു പരുന്ത് പ്രദര്‍ശനത്തിനെത്തിയത്. അര്‍ധരാത്രി 12 മണിക്കായിരുന്നു ആദ്യ ഷോ. പക്ഷേ ആ സിനിമ വിചാരിച്ചതുപോലെ വര്‍ക്കായില്ല. മമ്മൂക്കയെ വെച്ച് ഞാന്‍ ആദ്യമായി ചെയ്ത സിനിമയായിരുന്നു പരുന്ത്. ഒരു സിനിമയുടെ എല്ലാ ടെക്‌നിക്കല്‍ മേഖലകളും നന്നായാലും സ്‌ക്രിപ്റ്റ് ശരിയായില്ലെങ്കില്‍ എല്ലാം മോശമാകുമെന്നതിന്റെ ഉദാഹരണമാണ് ആ സിനിമ.
ടി.എ. റസാഖായിരുന്നു പരുന്തിന്റെ സ്‌ക്രിപ്റ്റ്. രഞ്ജിത്തിനെപ്പോലെ എനിക്ക് വളരെ അടുത്തറിയാവുന്ന റൈറ്ററാണ് റസാഖ്. അയാളുടെ എഴുത്തുകളെല്ലാം മനോഹരമാണ്. അങ്ങനെ മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന ചിന്തയിലാണ് ഞങ്ങള്‍ ഒന്നിക്കുന്നത്. വളരെ ശ്രദ്ധിച്ചാണ് നമ്മള്‍ പടം ചെയ്തത്. കാരണം, മമ്മൂക്ക അതുവരെ ചെയ്തതില്‍ നിന്ന് എന്തെങ്കിലും വ്യത്യസ്തമായിട്ടുള്ള കാര്യം ചെയ്യണമെന്നാണ് പരുന്തിന്റെ സമയത്ത് മനസില്‍ കണ്ടത്.
മമ്മൂക്കക്ക് ഒരു നെഗറ്റീവ് ഷെയ്ഡാണ് ആ സിനിമയില്‍ കൊടുത്തത്. പുള്ളി അങ്ങനെയുള്ള നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യുമ്പോള്‍ അതില്‍ വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ കൊണ്ടുവരാറുണ്ട്. അങ്ങനെ ഓരോ പോയിന്റും ശ്രദ്ധിച്ച് ചെയ്തിട്ടും എന്തോ ഒരു കാര്യം പ്രേക്ഷകരിലേക്കെത്തിയില്ല. സിനിമ പരാജയമായത് അതുകൊണ്ടൊക്കെയാകാം,’ പദ്മകുമാര്‍ പറയുന്നു.
Content Highlight: M Padmakumar explains why Paruthu movie failed in Box Office