അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായി മാറിയ വ്യക്തിയാണ് എം. പത്മകുമാര്‍. നിരവധി മുന്‍നിര സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 2003ല്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി 20ഓളം സിനിമകള്‍ പത്മകുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മലയാളത്തിലെ മാസ്റ്റര്‍ സംവിധായകന്‍ ജോഷിയുടെ സംവിധാന സഹായിയായും പദ്മകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോഷിയെക്കുറിച്ച് സംസാരിക്കുകയാണ് പദ്മകുമാര്‍. തങ്ങളെല്ലാം ഷൂട്ട് ചെയ്യുന്ന അതേ ക്യാമറയിലാണ് ജോഷിയും സിനിമയെടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ജോഷിയുടെ ഫ്രെയിമിലേക്കെത്തുമ്പോള്‍ ആ കഥാപാത്രങ്ങള്‍ക്ക് വല്ലാതെ വലുപ്പം തോന്നിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.
സ്‌ക്രീനില്‍ ആ കഥാപാത്രങ്ങള്‍ നിറഞ്ഞ് നില്‍ക്കുമെന്നും അദ്ദേഹം ഫ്രെയിം സെറ്റ് ചെയ്യുന്നത് അങ്ങനെയാണെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ചെയ്യുമ്പോള്‍ അതിന് ഒരുപാട് കഷ്ടപ്പെടേണ്ടിവരുമെന്നും ജോഷിക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന മിടുക്കാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു പദ്മകുമാര്‍.
‘നമ്മള്‍ ഷൂട്ട് ചെയ്യുന്ന ക്യാമറയും ജോഷി സാര്‍ ഷൂട്ട് ചെയ്യുന്ന ക്യാമറയും ഒന്ന് തന്നെയാണ്. പക്ഷേ, ജോഷി സാര്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആ ക്യാമറയിലെ കഥാപാത്രങ്ങള്‍ക്ക് വല്ലാത്ത വലിപ്പം ഫീല്‍ ചെയ്യും. ഫ്രെയിമിലെല്ലാം ആ കഥാപാത്രങ്ങള്‍ എടുത്തുനില്‍ക്കും. അതായത്, സ്‌ക്രീനില്‍ ജോഷി സാര്‍ ഒരു ക്യാരക്ടറിനെ പ്രതിഷ്ഠിച്ച് കഴിഞ്ഞാല്‍ അത് നമ്മുടെ മനസില്‍ വലിയൊരു രൂപമോ ആശയമോ ആയി കയറിക്കൂടും.
നമ്മളൊക്കെ അങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍ അതിന് നാലോ അഞ്ചോ ടേക്ക് പോകേണ്ടി വരും. ഒരുപാട് കഷ്ടപ്പെടേണ്ടി വരും. പക്ഷേ, അദ്ദേഹത്തിന് അതിന് ഒരൊറ്റ ടേക്ക് മാത്രം മതിയാകും. ജോഷി സാറിന് മാത്രമുള്ള മിടുക്കാണ് അത്. മറ്റൊരു സംവിധായകരിലും ഞാന്‍ അങ്ങനെയൊന്ന് കണ്ടിട്ടില്ല’, പദ്മകുമാര്‍ പറയുന്നു.
ടൈഗര്‍ സലിം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് ജോഷി. മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ജോഷി സിനിമകള്‍ ചെയ്തിട്ടുണ്ട്. മലയാളത്തിലെ മുന്‍നിരതാരങ്ങളെല്ലാം അണിനിരന്ന ട്വന്റി20 എന്ന ചിത്രം സംവിധാനം ചെയ്തതും ജോഷിയായിരുന്നു.
Content Highlight: M Padmakumar about the Filmmaking technique of Joshiy