അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായി മാറിയ വ്യക്തിയാണ് എം. പത്മകുമാര്‍. നിരവധി മുന്‍നിര സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 2003ല്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി 20ഓളം സിനിമകള്‍ പത്മകുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
പൃഥ്വിരാജിനെ നായകനാക്കി പദ്മകുമാര്‍ സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വര്‍ഗം. പൃഥ്വിരാജിന്റെ കരിയറിലെ ആദ്യത്തെ മാസ് പൊലീസ് കഥാപാത്രമായിരുന്നു വര്‍ഗത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ സോളമന്‍ ജോസഫ്. 24ാം വയസില്‍ അത്രയും ശക്തമായ കഥാപാത്രത്തെ പൃഥ്വി അവതരിപ്പിച്ചതിനെ പലരും അത്ഭുതത്തോടെയാണ് കണ്ടത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ പദ്മകുമാര്‍.
അമ്മക്കിളിക്കൂടിന് ശേഷം താന്‍ വീണ്ടും രണ്ടുമൂന്ന് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്‌തെന്ന് പദ്മകുമാര്‍ പറഞ്ഞു. ആ സമയത്ത് ആരോടും പറയാതെ താന്‍ പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റാണ് വര്‍ഗത്തിന്റേതെന്നും കംപ്ലീറ്റായ ശേഷം ആദ്യം കാണിച്ചത് രഞ്ജിത്തിനെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നുരണ്ട് മാറ്റങ്ങള്‍ രഞ്ജിത് നിര്‍ദേശിച്ചെന്നും പൃഥ്വിയോട് കഥ പറഞ്ഞപ്പോള്‍ അയാള്‍ക്ക് ഇഷ്ടമായെന്നും പദ്മകുമാര്‍ പറയുന്നു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമ്മക്കിളിക്കൂടിന് ശേഷം ഞാന്‍ വീണ്ടും ഒന്നുരണ്ട് പടങ്ങളില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്നു. ആ സമയത്താണ് വര്‍ഗത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. ആരോടും ആ കാര്യം ഞാന്‍ പറഞ്ഞിരുന്നില്ല. എഴുതി കംപ്ലീറ്റായപ്പോള്‍ രഞ്ജിത്തിനെ കാണിച്ചു. ഞാന്‍ ആ സ്‌ക്രിപ്റ്റ് എഴുതി എന്ന് കണ്ടപ്പോള്‍ രഞ്ജിത്തിന് അത്ഭുതമായിരുന്നു. പുള്ളി ഒന്നുരണ്ട് കറക്ഷന്‍സ് പറഞ്ഞു. അത് മാറ്റി.
അതുപോലെ രാജുവിനോടും ഈ കഥ പറഞ്ഞപ്പോള്‍ അയാളും ഓക്കെയായി. ‘ചേട്ടാ, ഇത് ഞാന്‍ ചെയ്യാം’ എന്നായിരുന്നു അയാള്‍ പറഞ്ഞത്. ആ പ്രായത്തില്‍ അങ്ങനെയൊരു മാസ് കഥാപാത്രം ചെയ്യുക എന്നത് ഏതൊരു നടന്റെയും ആഗ്രഹമാണല്ലോ. അങ്ങനെയാണ് പൃഥ്വിരാജ് സോളമന്‍ ജോസഫ് എന്ന കഥാപാത്രമായത്.
അന്ന് രാജു വലിയ സ്റ്റാറല്ലാത്തതുകൊണ്ട് വമ്പന്‍ പ്രൊഡക്ഷനൊന്നും ആ സിനിമക്ക് കിട്ടിയില്ല. എന്റെ ഒന്നുരണ്ട് സുഹൃത്തുക്കളാണ് ആ സിനിമ പ്രൊഡ്യൂസ് ചെയ്തത്. ബജറ്റിന്റെ പരിമിതി നല്ലവണ്ണമുണ്ടായിരുന്നു. അന്ന് ആ സിനിമ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഈയിടക്കാണ് സിനിമയും രാജുവിന്‍രെ ക്യാരക്ടറും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്,’ എം. പദ്മകുമാര്‍ പറയുന്നു.
Content Highlight: M Padmakumar about the failure of Vargam movie and Prithviraj