| Wednesday, 30th November 2016, 6:38 pm

സര്‍ക്കാരിന്റെ നോട്ടുപിന്‍വലിക്കല്‍ മനുഷ്യത്വ രഹിതവും ബുദ്ധിശൂന്യവുമാണെന്ന് അമര്‍ത്യാ സെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


രാജ്യത്ത് കള്ളപ്പണമായി ആറു ശതമാനം മാത്രമാണ് ഉള്ളത്. ഇത് 10 ശതമാനത്തില്‍ കൂടില്ല. നോട്ടു നിരോധനം കൊണ്ട് ചെറിയ നേട്ടം മാത്രമാണ് ഉണ്ടാവുക എന്നാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതം ഉണ്ടാക്കുമെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.


ന്യൂദല്‍ഹി:  500, 1000 നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം കുറച്ച് നേട്ടവും കൂടുതല്‍ ദുരിതവും നല്‍കുന്നതാണെന്ന് നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ അമര്‍ത്യാ സെന്‍. നോട്ട് പിന്‍വലിക്കല്‍ മനുഷ്യത്വരഹിതവും ബുദ്ധിശൂന്യവുമായ തീരുമാനമാണ്. ഒരു മുന്നറിയിപ്പുമില്ലാതെ നോട്ടു പിന്‍വലിച്ച നടപടി ഏകാധിപത്യപരമാണെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.

എന്‍.ഡി.ടി.വി യുടെ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കള്ളപ്പണമായി ആറു ശതമാനം മാത്രമാണ് ഉള്ളത്. ഇത് 10 ശതമാനത്തില്‍ കൂടില്ല. നോട്ടു നിരോധനം കൊണ്ട് ചെറിയ നേട്ടം മാത്രമാണ് ഉണ്ടാവുക എന്നാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതം ഉണ്ടാക്കുമെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നുവെന്നും പക്ഷെ നടപ്പിലാക്കിയത് പാളിപ്പോയെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ തീരുമാനം നോട്ടുകള്‍ക്ക് മേലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നതാണ്. പെട്ടെന്നൊരു ദിവസം നിങ്ങള്‍ക്ക് പണം നല്‍കില്ല എന്ന് ഒരു സര്‍ക്കാര്‍ പറയുമ്പോള്‍ അത് സ്വേച്ഛാധിപത്യമാണെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.


Read more: കോഴിക്കോട് കാനറ ബാങ്കുകള്‍ പൂട്ടാനുള്ള കാരണം എന്ത് ?


താന്‍ മുതലാളിത്തത്തിന്റെ ആരാധകനൊന്നുമല്ല, പക്ഷെ വിശ്വാസമാണ് മുതലാളിത്തത്തിന്റെ ആധാരശില. ഇത് വിശ്വാസത്തിനുമെതിരാണ്. നാളെ വേണമെങ്കില്‍ ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള ബാങ്ക് ഇടപാടും സര്‍ക്കാരിന് നിര്‍ത്തിവെപ്പിക്കാന്‍ സാധിക്കും. തങ്ങള്‍ തട്ടിപ്പുകാരല്ലെന്ന് സ്വയം തെളിയിക്കേണ്ട ബാധ്യത ജനങ്ങള്‍ക്ക് വരുമെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.

കള്ളപ്പണം കണ്ടുപിടിക്കാനുള്ള മോദിയുടെ നീക്കത്തെ വിമര്‍ശിക്കില്ലെന്നും വിജയിച്ചാല്‍ പിന്തുണയ്ക്കുമെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു. 31 ശതമാനം വോട്ടിന്റെ പിന്തുണ മാത്രമുള്ള ബി.ജെ.പിക്ക് ആളുകളെ ദേശവിരുദ്ധരായി പ്രഖ്യാപിക്കാനുള്ള ലൈസന്‍സില്ലെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.


Read more: സിനിമാ ഹാളിലെ ദേശീയഗാനം ജനങ്ങളില്‍ രാജ്യ സ്‌നേഹം വളര്‍ത്തുമെന്ന് വെങ്കയ്യ നായിഡു


We use cookies to give you the best possible experience. Learn more