പെന്‍ഷന്‍ വാങ്ങിയിട്ട് ജനം മാറ്റിക്കുത്തി, മൂന്നാം ഭാഗത്തിലും മണിയാശാനെ വെറുതേ വിടാതെ ഹൈറേഞ്ചിലെ വിപ്ലവ സിംഹം ശശിയാശാന്‍
Malayalam Cinema
പെന്‍ഷന്‍ വാങ്ങിയിട്ട് ജനം മാറ്റിക്കുത്തി, മൂന്നാം ഭാഗത്തിലും മണിയാശാനെ വെറുതേ വിടാതെ ഹൈറേഞ്ചിലെ വിപ്ലവ സിംഹം ശശിയാശാന്‍
അമര്‍നാഥ് എം.
Friday, 20th March 2026, 4:14 pm

പെരുന്നാള്‍ കപ്പ് തൂക്കാന്‍ ആരും വരണ്ട എന്ന് പറഞ്ഞുകൊണ്ട് ഷാജി പാപ്പനും കൂട്ടരും തിയേറ്ററുകളെ ജനസാഗരമാക്കുകയാണ്. ആദ്യഭാഗം പരാജയമായതിന്റെ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് രണ്ടാം ഭാഗവും മൂന്നാം ഭാഗവും വന്‍ വിജയമായി മാറിക്കഴിഞ്ഞു. ഈദ് അവധി മുതലെടുത്തുകൊണ്ട് ഈ വര്‍ഷത്തെ ആദ്യ 100 കോടി ക്ലബ്ബില്‍ ആട് 3 ഇടംപിടിക്കുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ആദ്യഭാഗത്തില്‍ കള്‍ട്ട് ഫോളോയിങ്ങുള്ള കഥാപാത്രങ്ങള്‍ ആട് 3യിലുമുണ്ട്. ജയസൂര്യയുടെ ഷാജി പാപ്പനും വിനായകന്റെ ഡ്യൂഡും സണ്ണി വെയ്‌നിന്റെ സാത്താന്‍ സേവ്യറുമെല്ലാം ഈ ഭാഗത്തിലും നല്ല രീതിയില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനെക്കാളേറെ ചര്‍ച്ചയാകുന്നത് ഇന്ദ്രന്‍സ് അവതരിപ്പിച്ച പി.പി. ശശിയാണ്.

കേരളത്തിലെ മുന്‍നിര രാഷ്ട്രീയപ്രവര്‍ത്തകനും മുന്‍ മന്ത്രിയുമായ എം.എം. മണിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. മണിയാശാന്റെ പല വിവാദ പ്രസ്താവനകളും ആട് ഫ്രാഞ്ചൈസിയില്‍ സംവിധായകന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആട് 3യിലും അതിന് മാറ്റമൊന്നുമില്ല. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള മണിയാശാന്റെ പ്രസ്താവനയാണ് മിഥുന്‍ കൊണ്ടുവന്നിട്ടുള്ളത്.

എല്‍.ഡി.എഫിന് തിരിച്ചടി നേരിട്ടപ്പോള്‍ ജനങ്ങള്‍ ക്ഷേമ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വാങ്ങി നന്ദികേട് കാണിച്ചു എന്നായിരുന്നു എം.എം. മണി പറഞ്ഞത്. ഇതിനെ ‘പെന്‍ഷന്‍ വാങ്ങിയ ജനങ്ങള്‍ ഇലക്ഷനില്‍ മാറ്റിക്കുത്തി’ എന്ന ഡയലോഗ് ഇന്ദ്രന്‍സ് പറയുന്നുണ്ട്. ഈ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ആടിന്റെ ആദ്യഭാഗത്തില്‍ എം.എം. മണിയുടെ ആദ്യകാല വിവാദ പ്രസ്താവനയായിരുന്നു ഉള്‍പ്പെടുത്തിയത്. ‘കുറേപ്പേരെ തലക്കടിച്ച് കൊന്നിട്ടുണ്ട്’ എന്ന തരത്തിലുള്ള ഡയലോഗ് തമാശരൂപത്തില്‍ മിഥുന്‍ മാനുവല്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ടാം ഭാഗത്തിലേക്കെത്തിയപ്പോള്‍ പൊമ്പിളൈ ഒരുമൈയെക്കുറിച്ച് മണി നടത്തിയ വിവാദ പ്രസ്താവനയും ശശിയാശാന്റെ തമാശകളില്‍ ഒന്നായി. ‘ഇത് പി.പി. ശശിയുടെ നാടന്‍ ശൈലിയാണെന്ന് പറഞ്ഞ് ന്യായീകരിക്കും’ എന്നും ആട് 2ലുണ്ട്.

ഇപ്പോഴിതാ ആട് 3യിലും മണിയാശാനെ മിഥുന്‍ വിടാതെ പിന്തുടര്‍ന്നിരിക്കുകയാണ്. ഈ ഡയലോഗുകളുടെ പേരില്‍ സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരെ ആരും തെറിവിളിക്കാനോ സൈബര്‍ ആക്രണം നടത്താനോ പോയിട്ടില്ലെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. എം.എം. മണി പോലും ഈ സിനിമകളെ തമാശരൂപത്തില്‍ മാത്രമേ എടുത്തിട്ടുള്ളൂവെന്നും എമ്പുരാന് നേരെ നടന്നതുപോലെ ആരും ബഹിഷ്‌കരിക്കണമെന്ന് പറയുകയോ ചെയ്തിട്ടില്ലെന്നും ശ്രദ്ധേയമാണ്.

Content Highlight: M M Mani’s dialogue in Aadu 3 by Indrans became viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം