സെമിഫൈനലിന്റെ വാതില്‍ തുറക്കുമ്പോള്‍ ഒരു അപൂര്‍വ സാധ്യത ചരിത്രം മുന്നില്‍ വയ്ക്കുന്നു. നാല് മുന്‍ ലോകജേതാക്കള്‍ ഒരുമിച്ച് അവസാന നാലില്‍ അണിനിരക്കാം. അല്ലെങ്കില്‍, ഇതുവരെ ലോകകപ്പ് സ്പര്‍ശിക്കാത്ത നാല് രാജ്യങ്ങള്‍ മാത്രമാകാം അവിടെ ശേഷിക്കുക. ആ രണ്ട് അതിരുകള്‍ക്കിടയിലും അനന്തമായ സാധ്യതകളുണ്ട്.
ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുകയായി. സ്റ്റേഡിയങ്ങളിലെ ഫ്‌ളഡ്ലൈറ്റുകള്‍ക്കൊപ്പം കാലം അതിന്റെ പഴയ ആല്‍ബങ്ങളും തുറന്നുകഴിഞ്ഞു. വിസില്‍ മുഴങ്ങും മുമ്പേ ഓരോ മത്സരവും ചരിത്രത്തിന്റെ ഗന്ധം പരത്തിത്തുടങ്ങിയിരിക്കുന്നു.
ഇനി ശേഷിക്കുന്നത് എട്ട് ടീമുകള്‍ മാത്രം. പക്ഷേ മൈതാനത്തിറങ്ങുന്നത് എട്ട് രാജ്യങ്ങളല്ല, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഓര്‍മകളാണ്. സാമ്രാജ്യങ്ങളുടെ നിഴലുകളാണ്. അധിനിവേശങ്ങളുടെ മുറിവുകളാണ്. കുടിയേറ്റങ്ങളുടെ കഥകളാണ്. യുദ്ധങ്ങളുടെ പൊടിപടലങ്ങളാണ്. ഭാഷകളുടെ ആത്മാവാണ്. കണ്ണീരും നന്ദിയും പ്രതികാരവും പ്രതീക്ഷയും ചേര്‍ന്ന മനുഷ്യചരിത്രത്തിന്റെ ഭാരമാണ്.
പക്ഷേ, കാലം ഇപ്പോഴും ഒരു ചോദ്യവുമായി കാത്തിരിക്കുന്നുണ്ട്. കിരീടം വീണ്ടും പഴയ കൈകളുടെ ചൂടറിയുമോ? അതോ ട്രോഫിയില്‍ ഇതുവരെ കൊത്തിയിട്ടില്ലാത്ത പുതിയൊരു പേരിലേക്കാണോ അതിന്റെ യാത്ര?
നാല് മുന്‍ ചാമ്പ്യന്‍മാര്‍. ഫ്രാന്‍സ്, സ്പെയിന്‍, ഇംഗ്ലണ്ട്, അര്‍ജന്റീന
അവരുടെ എതിര്‍വശത്ത് ഇതുവരെ ലോകകപ്പ് തൊടാത്ത നാല് രാജ്യങ്ങള്‍. മൊറോക്കോ, ബെല്‍ജിയം, നോര്‍വേ, സ്വിറ്റ്‌സര്‍ലാന്‍ഡ്. ചരിത്രവും സ്വപ്നവും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്.
വിധി അതിന്റെ ഏറ്റവും വിചിത്രവും മനോഹരവുമായ വഴികള്‍ തുറന്നുവെച്ചിരിക്കുന്നു.
സെമിഫൈനലിന്റെ വാതില്‍ തുറക്കുമ്പോള്‍ ഒരു അപൂര്‍വ സാധ്യത ചരിത്രം മുന്നില്‍ വയ്ക്കുന്നു. നാല് മുന്‍ ലോകജേതാക്കള്‍ ഒരുമിച്ച് അവസാന നാലില്‍ അണിനിരക്കാം. അല്ലെങ്കില്‍, ഇതുവരെ ലോകകപ്പ് സ്പര്‍ശിക്കാത്ത നാല് രാജ്യങ്ങള്‍ മാത്രമാകാം അവിടെ ശേഷിക്കുക. ആ രണ്ട് അതിരുകള്‍ക്കിടയിലും അനന്തമായ സാധ്യതകളുണ്ട്. ഇരു പക്ഷത്തുനിന്നും രണ്ട് വീതം, അല്ലെങ്കില്‍ മൂന്ന്-ഒന്ന്, ഒന്ന്-മൂന്ന്. ചരിത്രം ഏത് ചിത്രം വരയ്ക്കണമെന്നത് ഇനി മൈതാനത്തിന്റെ തീരുമാനമാണ്.
ഭൂമിശാസ്ത്രത്തിനും ചിലപ്പോള്‍ പക്ഷപാതമുണ്ട്. എട്ടില്‍ ആറ് ടീമുകളും യൂറോപ്പില്‍ നിന്നാണ്. ലാറ്റിനമേരിക്കയുടെ ശ്വാസം അര്‍ജന്റീനയില്‍ മാത്രം ബാക്കിയാകുന്നു. ഒരു ഭൂഖണ്ഡത്തിന്റെ മുഴുവന്‍ സ്വപ്നവും മൊറോക്കോയുടെ തോളിലേറുന്നു.
യൂറോപ്പ് പതിമൂന്നാം കിരീടം തുന്നിച്ചേര്‍ക്കുമോ? ലാറ്റിനമേരിക്ക പതിനൊന്നാം കപ്പ് പിടിക്കുമോ? അതോ ഇന്നും പട്ടിണി വിളികള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു ഭൂഖണ്ഡത്തിലേക്ക് കപ്പ് ആദ്യമായി യാത്ര തിരിക്കുമോ?ലോകകപ്പ് ട്രോഫി
ഓരോ ക്വാര്‍ട്ടര്‍ ഫൈനലും ചരിത്രത്തിന്റെ രണ്ട് പേജുകള്‍ പരസ്പരം വായിച്ചുകേള്‍പ്പിക്കുന്ന നിമിഷമാണ്.
ഫ്രാന്‍സ് – മൊറോക്കോ.
1912 മുതല്‍ 1956 വരെ മൊറോക്കോ ഫ്രാന്‍സിന്റെ സംരക്ഷിത പ്രദേശമായിരുന്നു.
ഒരു രാജ്യത്തിന്റെ ഭൂപടത്തില്‍ മറ്റൊരു രാജ്യം സ്വന്തം നിറം പൂശിയിരുന്ന കാലം.
എന്നാല്‍ ഭൂപടങ്ങള്‍ മാറിയാലും ഭാഷകള്‍ക്ക് മാറാനാവില്ല. ഇന്നും പകുതിയോളം മൊറോക്കൊ ജനത ഫ്രഞ്ച് സംസാരിക്കുന്നു. കുടുംബങ്ങള്‍ രണ്ട് രാജ്യങ്ങളിലായി ജീവിക്കുന്നു.
2022 ലോകകപ്പ് സെമിയില്‍ അവര്‍ ഏറ്റുമുട്ടിയപ്പോള്‍ അത് ഒരു മത്സരം മാത്രമായിരുന്നില്ല. ഒരേ വീട്ടിലെ രണ്ട് മുറികള്‍ വാതിലടച്ചുനിന്ന രാത്രി പോലെയായി.
ഇപ്പോള്‍ അവര്‍ വീണ്ടും കണ്ടുമുട്ടുന്നു.
സ്പെയിന്‍ – ബെല്‍ജിയം.
ഒരുകാലത്ത് ഇന്നത്തെ ബെല്‍ജിയം സ്പാനിഷ് സാമ്രാജ്യത്തിന്റെ ഭൂപടത്തിലായിരുന്നു. അതിര്‍ത്തികള്‍ മനുഷ്യരെക്കാള്‍ ശക്തമായിരുന്ന കാലം.
ഇന്ന് രാജ്യങ്ങള്‍ സ്വതന്ത്രമാണ്.
പക്ഷേ രാഷ്ട്രീയ സംവാദങ്ങളില്‍ കാറ്റലോണിയയുടെ പേര് ഉയരുമ്പോള്‍ ബെല്‍ജിയത്തിന്റെ നിലപാടുകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ മാഡ്രിഡില്‍ നിന്ന് കേള്‍ക്കാം.
ഫുട്‌ബോള്‍ ചിലപ്പോള്‍ പഴയ ഭൂപടങ്ങളുടെ മടക്കുകള്‍ വീണ്ടും നിവര്‍ത്തുന്ന കലയാണ്.
ഈ മത്സരത്തില്‍ യുദ്ധത്തിന്റെ പുകയും ക്രിസ്മസ് വിളക്കുകളുടെ വെളിച്ചവും ഒരുമിച്ചുണ്ട്.
സ്വതന്ത്ര നോര്‍വേയുടെ ആദ്യ രാജാവായ ഹാക്കോന്‍ ഏഴാമന്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നാണ് കല്യാണം കഴിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരുണ്ട വര്‍ഷങ്ങളില്‍ നല്‍കിയ സഹായമോര്‍ത്ത് 1947 മുതല്‍ എല്ലാ വര്‍ഷവും നോര്‍വേ ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറിലേക്ക് ഒരു വലിയ ക്രിസ്മസ് മരം അയയ്ക്കുന്നു.
നന്ദി ചിലപ്പോള്‍ ഒരു കത്തിലല്ല എഴുതപ്പെടുന്നത്. ഒരു മരമായും അത് വളരും.
ആ മരത്തിന്റെ നിഴലില്‍ രണ്ട് രാജ്യങ്ങള്‍ മുഖാമുഖം നില്‍ക്കുന്നു.
അര്‍ജന്റീന – സ്വിറ്റ്‌സര്‍ലാന്‍ഡ്.
ആദ്യം ഓര്‍മ വരുന്നത് 2014 ബ്രസീല്‍ ലോകകപ്പ്.
പ്രീ ക്വാര്‍ട്ടറില്‍ ഇരു ടീമുകളും മത്സരിച്ചപ്പോള്‍ നിശ്ചിത സമയത്ത് ഗോള്‍ പിറന്നില്ല. അധികസമയത്തിന്റെ അവസാന നിമിഷങ്ങളില്‍ ലയണല്‍ മെസി പന്ത് കൈമാറി. എയ്ഞ്ചല്‍ ഡി മരിയ വല കുലുക്കി.
ലോകകപ്പ് ട്രോഫി
എന്നാല്‍ ആ രാത്രി സ്വിറ്റ്‌സര്‍ലാന്‍ഡ് തോറ്റത് എളുപ്പത്തിലായിരുന്നില്ല. ഷെര്‍ദാന്‍ ഷാഖിരിയും ഗ്രാനിറ്റ് ഷാക്കയും നയിച്ച പോരാട്ടം അര്‍ജന്റീനയെ അവസാന ശ്വാസം വരെ പരീക്ഷിച്ചു.
അര്‍ജന്റീനയിലേക്ക് വാക്‌സിനുകളും മരുന്നുകളും കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സ്വിറ്റ്സര്‍ലാന്‍ഡ്. എന്നാല്‍ ഈ യാത്രയില്‍ അവര്‍ ആഗ്രഹിക്കുന്നത് മരുന്നല്ല ഒരു സ്വപ്നമാണ്. നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന സ്വപ്നം. ആദ്യമായി ലോകകപ്പ് സെമിഫൈനലിന്റെ വാതില്‍ തുറക്കുന്ന നിമിഷം.
ആല്‍ബം അടയ്ക്കാനുള്ള സമയമായി. ഇനി ചരിത്രം വായിക്കപ്പെടുകയല്ല. ഓരോ പാസിലും ഓരോ ടാക്കിളിലും ഓരോ ഗോളിലും അത് വീണ്ടും ജനിക്കുകയാണ്.
Content Highlight: M.M Jaffer Khan Writing About FIFA World Cup 2026 Quarter Final